പൊതുവേദിയില്‍ ബോധരഹിതനായി കുഴഞ്ഞു വീണ് തമിഴ് നടന്‍ വിശാല്‍. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് തിരിച്ചു പോകവെയാണ് താരം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ച ഭക്ഷണം കഴിക്കാത്തതിനെ തുടർന്നുണ്ടായ ക്ഷീണം കൊണ്ടാണ് നടൻ തളർന്നു വീണതെന്നാണ് താരത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിനു മറ്റു പ്രശ്നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം അദ്ദേഹത്തോടു നിർദേശിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ നടന്റെ ടീം വെളിപ്പെടുത്തി.
കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാന്‍സ്ജെൻഡറുകള്‍ക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാല്‍ എത്തിയത്.
നേരത്തെ ‘മദ ഗദ രാജ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ മോശം ആരോഗ്യാവസ്ഥയില്‍ താരം എത്തിയിരുന്നു. പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹത്തിന്റെ നാവ് കുഴഞ്ഞു. നടക്കാനും സഹായം ആവശ്യമായിരുന്നു.