പ്രസവശേഷം ശരീരഭാരം കൂടിയതിനു സമാനതകളില്ലാത്ത വിമർശനങ്ങളാണ് താൻ നേരിട്ടിരുന്നതെന്നും ഇപ്പോൾ ഈ സ്ലീവ്‌ലെസ് ധരിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കാൻ 4 വർഷമെടുത്തുവെന്നുംനടി മേഘ്ന രാജ്. വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം ധരിക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ചതിനൊപ്പം താരം സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്.
‘വീണ്ടും സ്ലീവ്‌ലെസ് ധരിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ 4 വർഷത്തിലധികമെടുത്തു. അനുഷാ രവിയാണ് എന്നെ നിർബന്ധിച്ച് മനോഹരമായ വസ്ത്രങ്ങളിരിക്കുന്ന റാക്കിനരികിലേക്ക് കൊണ്ടുപോയി ഇതിലൊന്ന് എടുക്കൂ എന്നു പറഞ്ഞത്. ‘ഇതൊന്ന് വാങ്ങിക്കൂ, സൈസ് പ്രശ്നമല്ല, നിങ്ങളെപ്പോഴും ഇതിൽ സുന്ദരിയായിരിക്കും’ എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്. മാതൃത്വത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് അതിനൊപ്പം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ (അതേ, നടിമാരുടെ ശരീരത്തിനും തടി വയ്ക്കും) തുറന്ന മനസ്സോടെ സ്വീകരിച്ച് സ്ത്രീകൾ മുന്നോട് പോകുമ്പോൾ, ‘സമൂഹം’ നമുക്കൊരു ലേബൽ നൽകും. യഥാർഥ സ്ത്രീശരീരം ഇങ്ങനെയായിരിക്കണം എന്നുപറഞ്ഞ് മാനസികമായി നമ്മെ പിന്നോട്ട് വലിക്കും. നാം എന്തൊക്കെയാണ് സഹിക്കുന്നതെന്നോ ഏത് മനസികാവസ്ഥയിലാണെന്നോ പരിഗണിക്കാതെ ശരീരത്തിന്റെ അഴകളവുകൾ എങ്ങനെയായിരിക്കണം എന്ന് അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കും.
കുറച്ചുനാളായി എന്നോടുള്ള ആളുകളുടെ പെരുമാറ്റവും പ്രതികരണങ്ങളും എന്റെ ശരീരഭാരത്തെ മുൻനിർത്തിയായിരുന്നു. ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ഒരു കുറവുമുണ്ടായില്ല. ആത്മവിശ്വാസമില്ലാത്ത നാളുകളിൽ നിന്നു അതിജീവിച്ച് എന്നെ ഞാനായി സ്വീകരിക്കാൻ ഇന്നു ഞാൻ പ്രാപ്തയായിരിക്കുന്നു. കാലങ്ങള്‍ക്കു ശേഷം എന്നിലെ എനിക്കു വേണ്ടി ഞാൻ തന്നെ ഒരു കാര്യം ചെയ്തിരിക്കുന്നു’. –മേഘ്‌ന രാജ് കുറിച്ചു.