പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ‘സ്പിരിറ്റ്’ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക.
ഇപ്പോഴിതാ, ചിത്രത്തിലെ നായികാവേഷവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതുമയി ബന്ധപ്പെട്ട ചർച്ചകളുമാണ് സജീവമാകുന്നത്.
ആദ്യം നായികയായി തീരുമാനിച്ചിരുന്ന ദീപിക പദുക്കോണിനെ മാറ്റി പുതിയ നായികയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തൃപ്തി ഡിമ്രിയാണ് പുതിയ നായിക. എന്നാൽ തന്നെ മാറ്റിയതിനു പിന്നാലെ സിനിമയുടെ കഥ ബോളിവുഡ് സിനിമ സൈറ്റുകളിൽ പി ആർ വർക്കർമാരെ ഉപയോഗിച്ച് ദീപിക പ്രചരിപ്പിച്ചുവെന്ന ആരോപണം വന്നിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട സന്ദീപ് റെഡ്ഡിയുടെ എക്സ് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ദീപികയുടെ പേര് പരാമർശിക്കാതെയാണ് പ്രതികരണം.
ഒരു ആർട്ടിസ്റ്റിനോട് കഥ പറയുമ്പോൾ അവരും സംവിധായകനും തമ്മിൽ കഥ വെളിപ്പെടുത്തരുതെന്ന കരാർ ഉണ്ടാകാറുണ്ട്. ഇത് ലംഘിച്ചതിലൂടെ അവർ എത്തരത്തിലുള്ള ആളാണെന്ന് മനസിലാക്കുകയാണ്. കഥ ലീക്കാകുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നും ഇതാണോ ഫെമിനിസം എന്നും സന്ദീപ് പോസ്റ്റിലൂടെ ചോദിക്കുന്നു. ഈ കഥ തന്റെ ഒരുപാട് വർഷത്തെ കഠിനാധ്വാനമാണെന്നും സിനിമയാണ് തന്റെ എല്ലാമെന്നും സന്ദീപ് പറയുന്നു. അത് നിങ്ങൾക്ക് മനസിലായില്ലെന്നും ഇനി ഒരിക്കലും മനസിലാക്കുകയും ഇല്ലെന്നും സംവിധായകൻ.
ദിവസം 6 മണിക്കൂര്‍ മാത്രം ഷൂട്ട്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതോടെയാണ് ദീപികയെ മാറ്റാൻ തീരുമാനിച്ചതത്രേ.