നടി സുഹാസിനി മണിരത്നത്തിന്റെ പിറന്നാൾ ആഘോഷമാക്കി ലിസിയും കൂട്ടുകാരും. ഓഗസ്റ്റ് 15നാണ് സുഹാസിനിയുടെ പിറന്നാൾ. പക്ഷേ, കൂട്ടുകാരിക്ക് ലിസിയും കൂട്ടുകാരും ചേർന്ന് രണ്ടു ദിവസം മുൻപേ സുഹാസിനിയുടെ 61-ാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. പിറന്നാൾ ആഘോഷത്തിനായി പ്രത്യേക ക്ഷണക്കത്ത് വരെ തയാറാക്കിയിരുന്നു.

രണ്ടു തലമുറകളിലെ താരങ്ങൾ ജന്മദിനം ആഘോഷിക്കാനായി ഒത്തുകൂടി. പൂർണിമ ഭാഗ്യരാജ്, രാജ്കുമാർ, ശരത്കുമാർ. ജയം രവി, സിദ്ദാർഥ്, അതിഥി രവി തുടങ്ങിയവർ പങ്കെടുത്തു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ലിസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

‘‘പിറന്നാൾ ആശംസകൾ മൈ പാര്‍ടണർ ഇൻ ക്രൈം, 80 ക്ലബ്ബിന്റെ ഫൗണ്ടർ മിസിസ് സുഹാസിനി മണിരത്നം. നിന്റെ പ്രിയപ്പെട്ട ഭർത്താവും മികച്ച സംവിധായകനുമായ മണിരത്നം പറയുന്നതുപോലെ ‘കാലത്തിനും മുൻപേ സഞ്ചരിക്കുന്നവളാണ് നീ’. നിന്റെ ഊർജം ഞങ്ങൾക്കൊക്കെ പ്രചോദനമാണ്. പിറന്നാൾ ആശംസകൾ പ്രിയകൂട്ടുകാരി.’’-ലിസി കുറിച്ചു.