തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രം ‘ആദിപുരുഷ്’ന്റെ പുതിയ ട്രെയിലർ എത്തി. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്.
ടി സീരിസാണ് ചിത്രത്തിന്റെ നിർമാണം. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ ചിത്രമെത്തും.
ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.
ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂൺ 16ന് തിയറ്ററുകളിലെത്തും.