ADVERTISEMENT

അമീർ ഖാൻ നായകനായ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ വലിയ താരപരിവേഷം നേടിയ ബാലനടനായിരുന്നു ദർശീൽ സഫാരി. ഇപ്പോൾ 26 വയസ്സുള്ള ദർശീൽ സഫാരി ‘താരേ സമീൻ പർ’ നൽകിയ പ്രശസ്തി എങ്ങനെയൊക്കെ തന്നെ ബാധിച്ചെന്ന് തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സ്വപ്നസമാനമായ ആ തുടക്കവും പിന്നീട് വന്ന പ്രശസ്തിയും ദർശീലിന് കൈകാര്യം ചെയ്യാനായില്ല. മുന്നോട്ടുള്ള യാത്രയിൽ ഏറെ മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. സമ്മർദ്ദങ്ങളെയും അപരിചിതരായ മനുഷ്യർ പോലും തന്നോട് കാണിക്കുന്ന അമിതമായ സ്നേഹത്തെയും നേരിടാനാകാതെ താൻ ഒരു ക്ലസ്ട്രോഫോബിക് ആയി മാറിയെന്ന് ദർശീൽ പറയുന്നു.

ADVERTISEMENT

‘എല്ലാ ദിവസവും ഞാൻ വീട്ടിൽ പോയി കരയും. എന്റെ അച്ഛനമ്മമാരുടെയും മുത്തശ്ശിമാരുടെയും പ്രായത്തിലുള്ളവരൊക്കെ നിത്യേന വന്ന് എന്നോട് വളരെയധികം സ്നേഹം കാണിക്കും. എല്ലാം എന്റെ മനസ്സിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടായിരുന്നു, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. എന്താണ് ഈ ഹൈപ്പിനു പിന്നിലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല’ എന്നാണ്, ചെറുപ്രായത്തിൽ തന്നെ ലഭിച്ച പ്രശസ്തിയും സ്നേഹവും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന അവതാരകന്റെ ചോദ്യത്തിന് ദർശീൽ മറുപടി നൽകിയത്.

മാതാപിതാക്കളോട് തന്റെ പ്രശ്നം തുറന്നു പറയുന്നതുവരെ, ഏകദേശം ഒരു വർഷത്തോളം താൻ വീട്ടിൽ പോയി നിരന്തരം കരയുമായിരുന്നുവെന്ന് ദർശീൽ പറയുന്നു. ആ ചിത്രത്തെ വൈകാരികമായി സമീപിച്ച ആളുകൾ പങ്കെടുത്ത പല പരിപാടികളിലും തനിക്കു പങ്കെടുക്കേണ്ടി വന്നുവെന്നും ദർശീൽ പറഞ്ഞു. അതൊന്നും മനസ്സിലാക്കാനുള്ള പ്രായം തനിക്ക് ഇല്ലാതിരുന്നതിനാൽ അമിതമായി തളർന്നു പോവുകയാണ് ചെയ്തതെന്നും ദർശീൽ പറഞ്ഞു.

ADVERTISEMENT

‘ഹുകൂസ് ബുക്കസ്’ എന്ന തന്റെ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ദർശില്‍ ഇപ്പോൾ.

ADVERTISEMENT
ADVERTISEMENT