എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ, അക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നു താരം.
പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കാര്യം സത്യസന്ധതമായി പറഞ്ഞതാണെന്നും. ഈ സംഭവം പുറത്തുവന്നതില്‍ തനിക്കൊരു നാണക്കേടും തോന്നുന്നില്ലെന്നും ഖുശ്ബു വ്യക്തമാക്കുന്നു. കുറ്റവാളിക്കാണ് ഇതില്‍ നാണക്കേടുണ്ടാകേണ്ടതെന്നും താരം.
‘മറ്റേതൊരു വേട്ടക്കാരനെയും പോലെ എന്റെ പിതാവും ഞാനിതിനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാലുള്ള അനന്തരഫലത്തെ കുറിച്ചു എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ അമ്മയെയും മൂന്ന് സഹോദരന്മാരെയും ഉപദ്രവിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ബാലപീഡനങ്ങളിൽ മിക്കപ്പോഴും അതാണ് സംഭവിക്കുന്നത്. പരിണതഫലങ്ങൾ ഭയന്ന് കുട്ടികൾ മൗനം പാലിക്കുന്നു. പീഡകർ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുന്നു. പോക്‌സോ പോലുള്ള കർശന നിയമങ്ങൾ അന്ന് ഉണ്ടായിരുന്നെങ്കിൽ, ഞാൻ എന്റെ പിതാവിനെ കോടതി കയറ്റുമായിരുന്നു’.– താരം പറഞ്ഞു.