മഹേഷ് ബാബുവിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാന രംഗങ്ങളിലൊന്ന് ചോർന്നു. മഹേഷ് ബാബുവും പൃഥ്വിരാജും ഉൾപ്പെട്ട രംഗമാണിത്. ഒഡീഷയിൽ അതീവ രഹസ്യമായി പുരോഗമിക്കുന്ന ചിത്രീകരണത്തിന്റെ ചില ദൃശ്യങ്ങൾ ചോർന്നത് അണിയറക്കാരിൽ നിന്നു തന്നെയാണെന്നാണ് റിപ്പോർട്ട്. കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളും ഇതോടെ പുറത്തായി. വിവിധ അക്കൗണ്ടുകളിലൂടെ എക്സിൽ പ്രത്യക്ഷപ്പെട്ട വിഡിയോ സിനിമയുടെ അണിയറപ്രവർത്തകർ ഇടപെട്ട് നീക്കംചെയ്തു വരികയാണ്. അതേ സമയം മഹേഷ് ബാബുവിനൊപ്പം വിഡിയോയിൽ ഉള്ളത് പൃഥ്വി അല്ലെന്നും പറയപ്പെടുന്നു.
ഒഡീഷയില്‍ കോരാപുത്തിലെ തലമാലി ഹിൽടോപ്പ് ആണ് സിനിമയുടെ ലൊക്കേഷൻ. മാർച്ച് അവസാനം വരെയാണ് ഒഡീഷ ഷെഡ്യൂൾ. കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയത്രേ. പ്രിയങ്ക ചോപ്ര നായികയാകുന്ന സിനിമയില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്. എം എം കീരവാണിയാണ് സംഗീത സംവിധാനം. നിർമാതാവ് – തമ്മറെഡ്ഡി ഭരദ്വാജ്. മഹേഷ് ബാബുവും നിർമാണ പങ്കാളിയാണ്.