രവി മോഹനെ (ജയം രവി) നായകനാക്കി ജയം രാജ സംവിധാനം ചെയ്‌ത മെഗാ ഹിറ്റ് സിനിമ ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ റീ റിലീസായതിന്റെ സന്തോഷം പങ്കുവച്ച് നദിയ മൊയ്തു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത് നദിയയാണ്.
‘എന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം...എം കുമാരൻ സണ്‍ ഓഫ് മഹാലക്ഷ്മി...എന്റെ കരിയറിലെ ഒരു നാഴികക്കല്ലായ ചിത്രം 20 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസ് ചെയ്തു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും സ്പർശിച്ച ഇത്രയും അവിസ്മരണീയമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തീർച്ചയായും ഒരു മനോഹരമായ അനുഭവമായിരുന്നു.. എഡിറ്റർ മോഹനോട് എന്റെ അങ്ങേയറ്റം നന്ദി...’ എന്ന കുറിപ്പോടെ ജയം രവിക്കും സംവിധായകന്‍ മോഹന്‍ രാജയ്ക്കുമൊപ്പമുള്ള ചിത്രം നദിയ പങ്കിട്ടു.
എഡിറ്റർ മോഹൻ നിർമ്മിച്ച് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് റിലീസായി വൻ വിജയം നേടിയ ചിത്രം മാർച്ച് 14 ന് പുനപ്രദർശനത്തിനെത്തിയത്. അസിൻ നായികയായ ചിത്രം ബോക്സിങ്ങിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ശ്രീകാന്ത് ദേവ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ചിത്രത്തിൽ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, വെണ്ണിറ ആടൈ മൂർത്തി, ടി.പി. മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.