ഒന്നാം വിവാഹവാർഷികത്തിൽ, നയൻതാരയും മക്കളും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് താരത്തിന്റെ ഭർത്താവ് വിഘ്നേഷ് ശിവൻ.
‘എൻ ഉയിരോട ആധാരം നീങ്കൾതാനേ....ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ...പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും’.– ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്നേഷ് കുറിച്ചതിങ്ങനെ.
2022 ജൂണ്‍ 9നായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്.
‘നമ്മള്‍ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്’.– വിഘ്നേഷിന്റെ മറ്റൊരു കുറിപ്പ് ഇങ്ങനെ.
ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.