ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ‘സലാർ’എന്നും ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നതെന്നും സംവിധായകൻ പ്രശാന്ത് നീൽ. സലാർ തന്റെ മുൻചിത്രങ്ങളെപ്പോലെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ഒന്നിന് പുറത്തിറങ്ങുന്ന ട്രെയിലറിൽ സലാറിനായി ഒരുക്കിയ ലോകത്തിന്റെ ഒരു ഗ്ലിംസ് പ്രേക്ഷകർക്ക് കാണാനാകുമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘കെ.ജി.എഫിന്റേയും സലാറിന്റേയും കഥകൾ വ്യത്യസ്തമാണ്. വികാരങ്ങളും കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. മറ്റൊരു കെ.ജി.എഫ് പ്രതീക്ഷിക്കരുത്. സലാറിന് അതിന്റേതായ ഒരു ലോകമുണ്ട്’.– പ്രശാന്ത് നീൽ പറഞ്ഞു.
ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗണ്ടൂരിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.