മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച്, സിനിമയിലേക്ക് ക്ഷണിച്ചുള്ള സംവിധായകൻ രാം ഗോപാൽ വർമയുടെ ട്വീറ്റ് വൈറലായിരുന്നു.
ഇപ്പോഴിതാ, ശ്രീലക്ഷ്മിയുടെ ഫോട്ടോ സ്വന്തം ഓഫിസിന്റെ ചുവരിൽ പതിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഹൈദരാബാദുള്ള ഡെൻ എന്ന ഓഫിസിലാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം രാം ഗോപാൽ വർമ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശ്രീലക്ഷ്മിയുടെ വൈറൽ ഫോട്ടോഷൂട്ട് പകർത്തിയ അഘോഷ് വൈഷ്ണവ് കഴിഞ്ഞ ദിവസം ഹൈദരാബാദെത്തി രാം ഗോപാൽ വർമയെ കണ്ടിരുന്നു. തുടർന്ന്, രാം ഗോപാൽ വർമയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അഘോഷ് കുറിച്ചതാണ് ഈ വിശേഷം.
‘ഈ ഇതിഹാസ സംവിധായകനൊപ്പം ഒരു ദിവസം ചിലവഴിക്കാൻ സാധിച്ചു. പറയാൻ വാക്കുകളില്ല. നല്ലൊരു മനുഷ്യൻ കൂടിയാണ് രാം ഗോപാല്‍ വർമ. എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്തുകൊണ്ടുപോയി ലൈറ്റുകൾ ഓണ്‍ ചെയ്തപ്പോൾ അഘോഷ് വൈഷ്ണവം ഫോട്ടോഗ്രഫി പ്രിന്റു ചെയ്തിരിക്കുന്നത് കാണാൻ കഴിഞ്ഞു. ശ്രീലക്ഷ്മി, ഡെൻ ഓഫിസിൽ നിങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയതു തന്നെ നീ ഭാഗ്യവതിയായതുകൊണ്ടാണ്. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുക’.– അഘോഷ് കുറിച്ചു.