താൻ രഹസ്യമായി വിവാഹിതയായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജവാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമെന്ന് സായി പല്ലവി.
താൻ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണെന്നും എന്നാൽ ഇതിൽ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ, എനിക്കു സംസാരിക്കേണ്ടി വരുമെന്നും താരം. ഇത്തരം പ്രവൃത്തികൾക്കെല്ലാം വിശദീകരണം നൽകേണ്ടി വരുന്നത് നിരാശാജനകമാണെന്നും ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
നടി സായി പല്ലവി സംവിധായകൻ രാജ്കുമാര്‍ പെരിയസാമിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വ്യാജ വാർത്തയാണ് ചില സോഷ്യൽ മീഡിയ പേജുകൾ പ്രചരിപ്പിച്ചത്. ശിവ കാര്‍ത്തികേയന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഈ വ്യാജ വാർത്ത ചിലർ സൃഷ്ടിച്ചത്. പൂമാലയിട്ട് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സായി പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം വ്യാപകമായി.
സിനിമയുടെ പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. മെയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെ ട്വീറ്റ് ചെയ്തതാണ് ഈ ചിത്രം. എന്നാൽ, സിനിമയുടെ ക്ലാപ് ബോർഡ് ഒഴിവാക്കി രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ്, രസഹ്യ വിവാഹം എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ചിലർ ഈ ചിത്രം പ്രചരിപ്പിച്ചത്.
ഇതൊരു വിവാഹ ചിത്രമല്ലെന്നും, ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും സംവിധായകന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി.