തെന്നിന്ത്യൻ സിനിമയിലാകെ വൻ ചർച്ചകൾക്ക് വഴി തെളിച്ച് നടൻ മൺസൂൺ അലിഖാനെതിരെയുള്ള നടി തൃഷ കൃഷ്ണന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിൽ, ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്ന മൺസൂണിന്റെ പരാമർശമാണ് വിവാദങ്ങളുടെ തുടക്കം.
‘തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല’.– മൺസൂൺ പറഞ്ഞതിങ്ങനെ.
ഇതിനെതിരെയാണ് തൃഷ രംഗത്തെത്തിയത്.
‘മൻസൂർ അലി ഖാൻ എന്ന നടൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വിഡിയോ കാണുകയുണ്ടായി. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും സ്ത്രീകളോട് അനാദരവ് പ്രകടമാക്കുന്നതുമാണ് അയാളുടെ കമന്‍റ്. അയാളെപ്പോലെ മോശം സ്വഭാവമുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ സിനിമാ ജീവിതത്തിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. ഇയാളെപ്പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരാണ്’– തൃഷ കുറിച്ചു
പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷമായി പ്രതികരിച്ച് ‘ലിയോ’യുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തി.
‘ഞങ്ങളെല്ലാം ഒരു ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നുകയാണ്. സ്ത്രീകളോടും സഹ കലാകാരന്മാരോടും പ്രഫഷനലുകളോടും ഉള്ള ബഹുമാനം ഏതു തൊഴിൽ രംഗത്തും അത്യാവശ്യമാണ്. മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു’.– തൃഷയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ലോകേഷ് കുറിച്ചു.
ഗായിക ചിന്മയി, നിർമാതാവ് അർച്ചന തുടങ്ങി നിരവധിയാളുകൾ നടനെതിരെ രംഗത്തെത്തി.