ഭർത്താവ് അർണവ് അംജത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ ശ്രീധർ രംഗത്തെത്തിയത് തമിഴ് സീരിയൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സെപ്തംബര്‍ 25നു താന്‍ ഗര്‍ഭിണിയാണെന്നു ദിവ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവിനെതിരെ താരം രംഗത്ത് എത്തിയത്.
തന്റെ സഹനടിയുമായി അർണവിനു ബന്ധമുണ്ടെന്നും താൻ ബന്ധുക്കളെ ഉപേക്ഷിച്ച് മതം മാറാൻ കാരണം അംജത്താണെന്നും ദിവ്യ ആരോപിക്കുന്നു. ദിവ്യ വ്യാഴാഴ്ച ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സംഭവത്തിൽ, ആരോപണ വിധേയയായ നടിയെ അവര്‍ ജോലി ചെയ്യുന്ന സെറ്റില്‍ എത്തി പൊലീസ് ചോദ്യം ചെയ്തു. നടി തന്നെ വെള്ളക്കുപ്പി കൊണ്ട് അടിച്ചുവെന്നും പല അവസരങ്ങളിലും ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും ദിവ്യ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു.
2017ല്‍ ‘കേളടി കണ്മണി’ എന്ന സീരിയലിനിടെയാണ് അര്‍ണവുമായി ദിവ്യ അടുത്തത്. അഞ്ചു വര്‍ഷത്തെ പ്രണയത്തെത്തുടർന്നാണ് ഇരുവരും വിവാഹിതരായത്.
അതേ സമയം, വിവാഹം കഴിക്കാൻ ദിവ്യ തന്നോടു കള്ളം പറയുകയും ദിവ്യയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നും അർണവ് ആരോപിക്കുന്നു. തന്റെ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് ദിവ്യയാണ് ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുന്നത് എന്നാണ് അർണവിന്റെ ആരോപണം. ഷൂട്ടിങ് സ്ഥലത്തേക്ക് ദിവ്യ വരുമ്പോള്‍ ഞാനും സഹനടിയും ഭക്ഷണം കഴിക്കുകയായിരുന്നു. ദിവ്യ അവിടെ വന്ന് പ്രശ്നമുണ്ടാക്കി. കൈ കഴുകാന്‍ എഴുന്നേറ്റ നടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നടി ദിവ്യയെ കുപ്പികൊണ്ട് എറിയുകയായിരുന്നു. എന്നാല്‍ അത് ദിവ്യയുടെ തോളിലാണ് കൊണ്ടതെന്നും അർണവ് പറയുന്നു.