ADVERTISEMENT

വീട്ടിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് നടിയും അവതാരകയുമായ സ്നേഹ ശ്രീകുമാർ. ജീവിതത്തിന്റെ സന്തോഷങ്ങളുടെ ആകെത്തുകയായി ഒരു കുഞ്ഞാവ വന്ന സന്തോഷം അടുത്തിടെ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കേദാറെന്ന് പേരിട്ട കുഞ്ഞു കൺമണിയുടെ ചിത്രങ്ങളും പ്രിയപ്പെട്ടവർ ഹൃദയം കൊണ്ടേറ്റെടുത്തു. ഇപ്പോഴിതാ പ്രസവകാലത്ത് താൻ നേരിട്ട സങ്കീർണതകളെക്കുറിച്ചും മാനസിക പിരിമുറുക്കങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് സ്നേഹ ശ്രീകുമാർ.

‘പ്രസകാലം സന്തോഷങ്ങളുടേത് മാത്രമായിരുന്നില്ല. ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ അവസരം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ആ സന്തോഷങ്ങളെല്ലാം പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും കരുതും ഞാന്‍ നൂറ് ശതമാനം സന്തോഷത്തിലായിരുന്നു എന്ന്. എന്നാല്‍ സന്തോഷങ്ങൾക്കൊപ്പം വിഷമഘട്ടങ്ങളും എനിക്കുണ്ടായിരുന്നു. കുഞ്ഞാവ വരവറിയിച്ച നിമിഷം മുതൽ സന്തോഷമായിരുന്നുവെങ്കിലും ചില സിറ്റുവേഷനുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കും ശ്രീക്കും അറിയില്ലായിരുന്നു. തുടക്കകാലത്ത് ഞാന്‍ ചെറിയ കാര്യത്തിനു വേണ്ടി പോലും കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. പണ്ടൊന്നും ഇതൊന്നും ഉണ്ടായിട്ടില്ലേ... എന്ന് പലരും പരിഹാസ രൂപേണ ചോദിച്ചേക്കാം. പക്ഷേ ഇത് എന്റെ മാത്രം അനുഭവമാണ്.’

ADVERTISEMENT

ചെറിയൊരു ഗുളിക വാങ്ങാൻ 5 മിനിറ്റ് വൈകിയതിന്റെ പേരിൽ ശ്രീയുമായി വഴക്കിട്ടിട്ടുണ്ട്. അഞ്ച് മിനിട്ട് വൈകിയാല്‍ എനിക്ക് ശ്രീയുടെ അടുത്ത് ദേഷ്യം വന്നിരുന്നു. അന്ന് ഇവക്കെന്താ വട്ടാണോ എന്നൊക്കെ ശ്രീ കരുതിയിരുന്നു.എന്നാൽ എന്റെ മൂഡ് സ്വിങ്സും ഹോർമോൺ ചെയ്ഞ്ചും ശ്രീ അതിവേഗം തിരിച്ചറിഞ്ഞു. സാധാരണഗതിയിൽ ചിലപ്പോൾ കേട്ടാൽ പ്രശ്നമില്ലാത്ത പല കാര്യങ്ങളും പ്രെഗ്നൻസി സമയത്ത് പ്രശ്നമാകും. അതുകൊണ്ട് നിങ്ങൾ പ്രഗ്നന്റായവരെ കെയര്‍ ചെയ്യണം. അത് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.

ഗർഭിണിയാകുന്ന സമയത്ത് നമുക്ക് പല ഇഷ്ടങ്ങളുമുണ്ടാകും. ചിലപ്പോൾ മധുരമായിരിക്കും ചിലപ്പോൾ എരിവുള്ള സാധനങ്ങളായിരിക്കും. അങ്ങനെ ആവശ്യമുള്ള, ഇഷ്ടമുള്ള ഭക്ഷണം ചെറുതാണെങ്കിലും വാങ്ങി കൊടുക്കാൻ ശ്രമിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നമ്മളോട് ഒരാള്‍ എങ്ങനെ പെരുമാറിയെന്ന കാര്യം മനസില്‍ നിന്നും പോവില്ലെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതും നൂറ് ശതമാനം ശരിയാണ്. നമ്മളെ കെയര്‍ ചെയ്തവരോട് നമുക്കൊരുപാട് സ്‌നേഹം തോന്നും. നമ്മളെ ആരെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ വിട്ടേക്കുക. ഗർഭിണികളുടെ മുന്നിൽ നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ അവർക്കും കൊടുക്കാൻ ശ്രമിക്കണം.

ADVERTISEMENT

ഡെലിവറി കഴിഞ്ഞ സമയത്ത് ഭയങ്കരമായിട്ട് തടിച്ചല്ലോ എന്ന് പറഞ്ഞവരുണ്ട്. ഞാന്‍ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ, ഇത് അതിലും തടിച്ചെന്നാണ് പറയുന്നത്. എന്താണ് വയര്‍ കുറയാൻ ഒന്നും ചെയ്യാത്തത് എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. അതെങ്ങനെയാ ചെയ്യുക... എന്ന് അതിശയത്തോടെ തിരിച്ചു ചോദിച്ചിട്ടുണ്ട്. . സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞ് മൂന്ന് മാസമായതേയുള്ളൂ, ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞാൽ അടുത്ത കമന്റ് ഭക്ഷണം കുറയ്ക്കണമെന്നാണ്. പക്ഷേ, കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്ത് ഭക്ഷണം കുറയ്ക്കാനാകില്ല. കുഞ്ഞിന് ആവശ്യമുള്ള പ്രോട്ടീനും മിനറൽസും കിട്ടുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ട് അത് പറ്റില്ല. സി സെക്ഷനു ശേഷമുള്ള സങ്കീർണതകളും പലരും മനസിലാക്കാറു പോലുമില്ല. ഒന്നു ആഞ്ഞു തുമ്മുമ്പോൾ പോലും വേദനയാണ്. ഏഴ് ലെയർ വരെ സി സെക്ഷന്റെ ഭാഗമായി കീറും എന്ന് യൂട്യൂബിലൂടെ അറിയാൻ കഴിഞ്ഞു. ഇതെല്ലാം ദയവ് ചെയ്ത് എല്ലാവരും മനസ്സിലാക്കണം. തന്റെ യൂട്യൂബ് ചാനലിലാണ് നേരിട്ട അനുഭവങ്ങളെക്കുറിച്ച് സ്നേഹ തുറന്നു പറഞ്ഞത്.

ADVERTISEMENT
ADVERTISEMENT