ADVERTISEMENT

ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് ആര്യ പങ്കുവച്ചത് ആവേശപൂർവമാണ് പ്രിയപ്പെട്ടവർ ഏറ്റെടുത്തത്. ജീവിതത്തിൽ ഇനി കൂട്ടായി  ബിഗ് ബോസ് താരം സിബിന്‍ എത്തുന്നുവെന്ന സന്തോഷവാർത്ത ശരിക്കും സർപ്രൈസായിരുന്നു.  വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോൾ പ്രിയപ്പെട്ടവരന്നാകെ ആശംസയുമായെത്തി.
സന്തോഷവാർത്തകളുടെ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്കും ആര്യ മറുപടി നൽകി.

എല്ലാവർക്കും വിവാഹം എപ്പോഴാണെന്നായിരുന്നു അറിയേണ്ടിയിരുന്നത്. ആ മനോഹര ദിവസത്തിന്റെ ദിവസങ്ങൾ എണ്ണിത്തുടങ്ങി എന്നായിരുന്നു ആര്യയുടെ മറുപടി.  ഇതിനിടെ ആര്യയുടെ മകൾ ഖുഷി ഈ ബന്ധത്തിൽ സന്തുഷ്ടയാണോ എന്ന ചോദ്യവും ഉയർന്നു. ആര്യയ്ക്കും സിബിനുമൊപ്പം പൊട്ടിച്ചിരിച്ചു നിൽക്കുന്ന ഖുഷിയുടെ ചിത്രം പങ്കുവച്ചാണ് ആര്യ ആ ചോദ്യത്തിന് മറുപടി നൽകിയത്. ‘നിങ്ങൾക്ക് എന്ത് തോന്നുന്നു’ എന്നൊരു മറുചോദ്യമാണ് ആര്യ മറുപടിയായി കുറിച്ചത്.
എന്തായാലും പ്രിയതാരങ്ങളുടെ വിവാഹ വാർത്ത ആരാധകരും സുഹൃത്തുക്കളും ആഘോഷമാക്കിയിട്ടുണ്ട്. . ‘എന്നും നന്മകൾ’ എന്നാണ് രമേശ് പിഷാരടിയുടെ ആശംസ. മിയ, സ്വാസിക, മീര നന്ദൻ, ഷംന കാസിം, അനുമോൾ, കൃഷ്ണപ്രഭ, സൗഭാഗ്യ വെങ്കിടേഷ്, മണിക്കുട്ടൻ തുടങ്ങി നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു.

ADVERTISEMENT

വൈകാരികമായ കുറിപ്പോടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആര്യയും സിബിനും പങ്കുവച്ചത്. ‘ഒടുവിൽ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളിൽ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി.

അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്,’ ആര്യ കുറിച്ചു.
‘ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് - പലപ്പോഴും എന്നെ നഷ്ടപ്പെടുത്തുകയും തകർക്കുകയും ചെയ്ത തീരുമാനങ്ങൾ. എന്നാൽ എല്ലാ കൊടുങ്കാറ്റിലും എനിക്കൊപ്പം കോൺസ്റ്റന്റായി നിന്ന ഒരു വ്യക്തി ഉണ്ടായിരുന്നു - ഒരു പരാതി പോലും കൂടാതെ, എന്നെ വിധിക്കാതെ, വ്യവസ്ഥകളില്ലാതെ എന്നോടൊപ്പം നിന്ന ഒരാൾ. അതാണ് അവൾ - എന്റെ ഉറ്റ സുഹൃത്ത്, ആര്യ,’ എന്നായിരുന്നു ആര്യയെക്കുറിച്ച് സിബിന്റെ കുറിപ്പ്.

ADVERTISEMENT

ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. സിബിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സിബിനും ഒരു കുട്ടിയുണ്ട്. ഡി.ജെ, അവതാരകൻ, കൊറിയോഗ്രഫർ എന്നീ നിലകളിൽ പ്രശസ്തനാണ് സിബിൻ.

ADVERTISEMENT
ADVERTISEMENT