ADVERTISEMENT

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നെഴുതി നടിയും ഗായികയുമായ മനീഷ കെഎസ്. മാനസികസംഘർഷം ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് വഴിതെളിച്ചതായും അത് ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള അവസരമായെന്നും മനീഷ.

‘ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്. കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദു:ഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. മാനസിക വ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെത്തുടരെയായി. കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത്. നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ, വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരിക ക്ലേശങ്ങളിലേയ്ക്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത്.

ADVERTISEMENT

പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി. ജീവിതത്തിലെ ആ ഒരധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്ത് തന്നെ എഴുതും. ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു സെൽഫ് മോട്ടിവേഷന് വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ. കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി’.– താരം കുറിച്ചു.

ADVERTISEMENT
ADVERTISEMENT