സീരിയൽ ഷൂട്ടിന് പോകുമ്പോഴുള്ള തന്റെ തയാറെടുപ്പുകൾ വിശദീകരിച്ച് വിഡിയോയുമായി നടി ദേവി ചന്ദന.
‘സീരിയൽ പ്രേക്ഷകരിൽ ഏറെയും സ്ത്രീകളാണ്. അവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് സീരിയലിലെ കഥാപാത്രങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ്. അതിനാൽ അഭിനേതാക്കൾ എല്ലാവരും അത്തരത്തിൽ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് വസ്ത്രങ്ങൾ ധരിക്കുന്നത്. സീരിയലിൽ നിന്നു കോസ്റ്റ്യൂംസ് നൽകാത്തതിനാൽ ആർട്ടിസ്റ്റുകളാണ് കോസ്റ്റ്യൂമിനുള്ള പണവും കണ്ടെത്തുന്നത്. അഭിനയിച്ച് സമ്പാദിക്കുന്ന കാശിൽ നല്ലൊരു ശതമാനം വസ്ത്രവും ആഭരണങ്ങളും വാങ്ങാൻ ചിലവാകാറുണ്ട്. ‘ഇന്ദ്രപ്രസ്ഥം’ സീരിയലിലെ രാജലക്ഷ്മി വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച്, അതായത്, പട്ടുസാരിയും അതിനിണങ്ങിയ ആഭരണങ്ങളുമെല്ലാം ഉപേക്ഷിച്ച് സെറ്റും മുണ്ടിലേക്കും മിനിമൽ ആഭരണങ്ങളിലേക്കും മാറാൻ പോകുകയാണ്. ഇത്തവണ പതിനഞ്ച് സാരികൾ കൊണ്ടു പോകണം’.– ദേവി പറയുന്നു.
സീരിയൽ ഷൂട്ടിന് ഉപയോഗിച്ചിട്ടുള്ള നല്ല സാരികൾ ഉടുത്ത് മറ്റ് ഫങ്ഷൻസിന് പോകുമ്പോൾ മിക്കപ്പോഴും കേൾക്കുന്ന ചോദ്യമാണ് സീരിയലുകാർ തന്ന സാരിയാണ് അല്ലേയെന്നത്. സ്വന്തം കോസ്റ്റ്യൂം ഉപയോഗിച്ച് അഭിനയിക്കുന്നവരെല്ലാം ഈ ചോദ്യം കേട്ടിട്ടുണ്ടാകും. പക്ഷെ അങ്ങനെയല്ല. സീരിയലുകാർ ആർക്കും സാരി കൊടുത്ത ചരിത്രം ഉണ്ടായിട്ടില്ല.
ഞങ്ങൾ എല്ലാം സ്വന്തം കോസ്റ്റ്യൂംസ് തന്നെയാണ് സീരിയലിൽ ഉപയോഗിക്കുന്നത്. ഒരു വർഷം പോകുന്ന സീരിയലിന് കുറഞ്ഞത് നൂറ് സാരിയെങ്കിലും വേണം. സാരികളുടെ വലിയൊരു ശേഖരം എനിക്കുണ്ട്. എന്റെ ഫ്ലാറ്റിലെ മുറികളിലെ അലമാരികൾ എല്ലാം സാരികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും താരം വ്യക്മാക്കുന്നു.