അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിയെക്കുറിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
എസ്.ശാരദക്കുട്ടിയുടെ കുറിപ്പ് –
ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല.
എന്നാൽ, അദ്ദേഹത്തിന്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.
രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്.
ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!
കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം game കൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ.
അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തന്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ.
എസ്. ശാരദക്കുട്ടി.