Friday 31 March 2023 12:02 PM IST : By സ്വന്തം ലേഖകൻ

‘യൂട്രസ് റിമൂവൽ അല്ലാതെ വേറെ ഓപ്ഷനില്ല, ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ’: വേദനയോടെ അമൃത നായർ

amrutha-nair

മിനിസ്ക്രീൻ‌ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ നായികയാണ് അമൃത നായർ. കുടുംബ വിളക്ക് പരമ്പര, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ പരിപാടികളിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. അമൃതയ്ക്കൊപ്പം അമ്മയും സഹോദരനുമെല്ലാം അമൃതയുടെ യുട്യൂബ് ചാനലിലെ വിഡിയോയിൽ നിറഞ്ഞ് നിൽക്കാറുണ്ട്.

ഇപ്പോഴിതാ അമ്മയുടെ ആരോ​ഗ്യത്തെ സംബന്ധിച്ച് അമൃത പങ്കുവച്ച വിഡിയോയാണ് ആരാധകർ ഉറ്റുനോക്കുന്നത്. അമ്മയ്ക്ക് ഒരു സർജറി ആവശ്യമായി വന്നതിനെ കുറിച്ചുമെല്ലാം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അമൃത പറയുന്നുണ്ട്.

‘ഒട്ടും പ്രതീക്ഷിക്കാതെ ഒരു എമർജൻസി സിറ്റുവേഷൻ അഭിമുഖീകരിക്കേണ്ടി വന്നു. അമ്മയ്ക്കൊരു സർജറി ആവശ്യമായി വന്നിരിക്കുകയാണ്. അമ്മയ്ക്ക് പെട്ടെന്നൊരു നെഞ്ചുവേദന വന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അമ്മ തല കറങ്ങി വീണു. അമ്മയ്ക്ക് ചില മെഡിസിന്റെ പ്രശ്നമുണ്ട്. അലർജി പ്രശ്നങ്ങളും പിന്നാലെയെത്തി. ആശുപത്രിയിലെത്തിച്ചപ്പോൾ ഇസിജിയിൽ വേരിയേഷൻ. ചെറിയൊരു അറ്റാക്കിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. എന്നാല്‍ വീട്ടിലെത്തിയ ശേഷം വീണ്ടും അമ്മയ്ക്ക് അതേ അവസ്ഥ. പല തവണ ആശുപത്രിയില്‍ കൊണ്ടുപോയി.’– അമൃത പറയുന്നു.

‘പിരിയഡ്‌സ് ആയി കഴിഞ്ഞാല്‍ ഏഴ് ദിവസത്തിന് അപ്പുറവും അമ്മയ്ക്ക് നല്ല ബ്ലീഡിങ് ഉണ്ടാവുമായിരുന്നു. എന്നാല്‍ അതൊന്നും അമ്മ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അതൊരു സീരിയസ് സ്‌റ്റേജിലായി. ഒടുവിലാണ് അറിഞ്ഞത് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന്. അത് പരിധിയ്ക്ക് അപ്പുറം വളര്‍ന്നു. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.’– അമൃതയുടെ വാക്കുകൾ.

‘ഇത്തരം ബ്ലീഡിങുകള്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ അമ്മയ്ക്ക് യൂട്രസ് റിമൂവ് ചെയ്യുക അല്ലാതെ മറ്റ് മാര്‍​ഗങ്ങളില്ല. പെട്ടന്നാണ് ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്’ എന്നാണ് വിഡിയോ പങ്കുവെച്ച് അമൃത പറഞ്ഞത്.