Friday 28 April 2023 03:35 PM IST

‘മോനുണ്ടായ ശേഷം എന്നെ വളരെ വേദനിപ്പിച്ച സംഭവം, ആ നിമിഷം സങ്കടം കൊണ്ട് നിലവിളിച്ചു പോയി’: ആതിര മാധവ്

V.G. Nakul

Sub- Editor

athira-madhav രാജീവ്, റേ, ആതിര മാധവ്

അമ്മജീവിത’ത്തിന്റെ തിരക്കുകളിലും സ ന്തോഷങ്ങളിലുമാണു മലയാളം മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ.

‘മെറ്റേണിറ്റി ലീവ്’ ഇല്ലാത്ത സീരിയൽ ലോകത്തു മക്കൾക്കു വേണ്ടി ‘ഒരു ഷോർട് ബ്രേക്ക്’ എടുത്ത ഇവർ ഇപ്പോൾ തിരിച്ചുവരവിനുള്ള തയാറെടുപ്പിൽ. ആതിര മാധവ് പങ്കുവയ്ക്കുന്നു തന്റെ കുട്ടി’വിശേഷങ്ങൾ..

അപ്രതീക്ഷിതമായി വന്ന സന്തോഷം

ഗർഭകാലത്തിന്റെ ആറാം മാസത്തിൽ ആതിര മാധവ് ആ ഉറച്ച തീരുമാനത്തിലേക്കെത്തി. ‘തൽക്കാലം അഭിനയത്തിൽ നിന്നു ചെറിയ ഇടവേളയെടുക്കാം, ക ൺമണി ജനിച്ച ശേഷം മടങ്ങി വരാം...’ ഭർത്താവ് രാജീവ് തമ്പിയോടു പറഞ്ഞപ്പോൾ ‘നിനക്കു കംഫർട്ടബിൾ ആ യതു ചെയ്യൂ’ എന്നായിരുന്നു മറുപടി. ‘‘സത്യത്തില്‍, ഒരു കുഞ്ഞ് എന്ന പ്ലാൻ അപ്പോൾ‌ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഒരു ഷോയിൽ നൃത്തം ചെയ്തു കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു സംശയം തോന്നിയത്. ചെക് ചെയ്തപ്പോൾ ഗർഭിണിയെന്നറിഞ്ഞു. അപ്രതീക്ഷിതമാണെങ്കിലും വലിയ സന്തോഷം തോന്നി. ആദ്യമാസങ്ങളിൽ അഭിനയം ബുദ്ധിമുട്ടായി തോന്നിയില്ല. കാലിൽ വേദന കൂടിയ സമയത്താണ് ബ്രേക് എടുക്കാനുള്ള തീരുമാനത്തിൽ എത്തിയത്. നല്ല അവസരങ്ങൾ വരുമ്പോൾ കരിയറിൽ വീണ്ടും സജീവമാകണം.’’ മകൻ റേയുടെ വിശേഷങ്ങളിലേക്കു കടക്കും മുൻപ് ആതിര ആമുഖമായി പറഞ്ഞതിങ്ങനെ.

എന്റെ സ്നേഹകിരണം

പരിചയപ്പെട്ട കാലം മുതൽ ഞാൻ രാജീവിനെ റേ എന്നാണ് വിളിച്ചിരുന്നത്. മോന് പേരാലോചിച്ചപ്പോഴും ഒടുവിൽ റേയിൽ തന്നെ എത്തി. റേ രാജീവ് എന്നാണു മുഴുവൻപേര്. ഇപ്പോൾ എനിക്കു ശരിക്കും അഭിമാനം തോന്നുന്നു. അമ്മ എന്ന നിലയിൽ ഇത്രയൊക്കെ മാറും എന്നു ചിന്തിച്ചിരുന്നേയില്ല. മോന്റെ കൂടെയുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ്.

മറ്റാരുടെയും കയ്യിൽ മോൻ അധിക സമയം ഇരിക്കില്ല.അഞ്ചു മിനിറ്റ് കഴിയുമ്പോഴേ, ‘അമ്മ...അമ്മ...’ എന്നു വിളിക്കാൻ തുടങ്ങും. ഇപ്പോൾ കുറച്ചു നേരം ആ വിളി കേൾക്കാതിരുന്നാൽ വിഷമമാണ്. ഇതിനിടെ, ഒരു ചാനൽ പ്രോഗ്രാം ഏറ്റെടുത്തത് അധിക സമയം മോന്റെയടുത്തു നിന്നു മാറി നിൽക്കേണ്ടി വരില്ല എന്നതിനാലാണ്. ഞാൻ അവനെയും കൂട്ടിയാണു പോയിരുന്നത്.

ബെംഗളൂരു ടു തിരുവനന്തപുരം

2022 ഏപ്രിൽ നാലിനാണു മോന്‍ ജനിച്ചത്. മൂന്നു മാസത്തിനു ശേഷം ഞങ്ങൾ ഭർത്താവിന്റെ ജോലിസ്ഥലമായ ബെംഗളൂരുവിലേക്കു പോയി. ഇപ്പോൾ മാസത്തിൽ പകുതി ദിവസം തിരുവനന്തപുരത്തും ബാക്കി ബെംഗളൂരുവിലുമായാണ് ജീവിതം. കുഞ്ഞിന്റെ കാര്യങ്ങൾ ഞാന്‍ ഒറ്റയ്ക്കാണു നോക്കുന്നത്. നാട്ടിൽ വരുമ്പോൾ അമ്മയുണ്ടു സഹായത്തിന്.

പ്രസവ ശേഷം എന്നെ ഏറെ സങ്കടപ്പെടുത്തിയതു സോഷ്യൽ മീഡിയയിൽ വന്ന കുറേ കമന്റുകളാണ്. മിക്കതും ബോഡി ഷെയ്മിങ്. സ്ത്രീകളുടേതാണ് അവയിൽ കൂടുതലും എന്നതാണു വലിയ കൗതുകം. പ്രസവശേഷം എല്ലാ സ്ത്രീകളുടെയും ശരീരത്തിൽ സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളേ എന്നിലുണ്ടായിട്ടുള്ളൂ. ആവശ്യമുള്ളപ്പോൾ പഴയ പ്രകൃതത്തിലേക്കു തിരികെവരാമെന്ന ആത്മവിശ്വാസവുമുണ്ട്. സമയമാകുമ്പോൾ എല്ലാം കൃത്യമായി സംഭവിച്ചോളും. അതിന്റെ പേരിൽ എന്തിനാണ് ഈ ആക്രമണം എന്നാണു മനസ്സിലാകാത്തത്.’’

athira-madhav-2

ആ കരച്ചിൽ

‘‘മോനുണ്ടായ ശേഷം എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ട്. പ്രസവാനന്തരമുള്ള ചില മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന കാലമായിരുന്നു. ഞാൻ അരച്ചു വച്ചിരുന്ന മാവ് അവൻ എങ്ങനെയൊ തട്ടിമറിച്ചു. പെട്ടെന്നുണ്ടായ വിഷമത്തിൽ അടിക്കാനായി കൈ ഓങ്ങി. അ വൻ അതു കണ്ടു കരയും മുൻപേ ഞാൻ കരഞ്ഞു പോയി. അത്രനേരം മനസ്സിലടക്കി വച്ച സമ്മർദ്ദങ്ങളൊക്കെ ഒഴുകിപ്പോകും പോലെയായിരുന്നു ആ കരച്ചിൽ. ശരിക്കും നില വിളിക്കുകയായിരുന്നു. അന്നു കുറേ കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. വൈകാരികമായ തളർച്ചകൾ സ്വയം അതിജീവിക്കണമെന്നും ഒരിക്കലും സ്വന്തം ദേഷ്യം കുഞ്ഞിനോടു തീർക്കരുതെന്നും മനസ്സിലായി.

കുഞ്ഞിനെ രണ്ടു വയസ്സുവരെ ടിവിയോ മൊബൈൽ ഫോണോ കാണിക്കരുതെന്നാണ് ആഗ്രഹം. അവനു വാക്കുകൾ പറഞ്ഞു കൊടുക്കുകയും വായിച്ചു കേൾപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്.’’

അമ്മയെന്ന കൂട്ടുകാരി

‘‘അമ്മ ശ്രീലേഖ ദേവിയും ഞാനും സുഹൃത്തുക്കളെപ്പോലെയാണ്. ഒന്നും മറച്ചുവയ്ക്കേണ്ടതില്ല. പുറമേയുള്ള ഒരാൾ കാണുമ്പോൾ ഞങ്ങൾ എപ്പോഴും അടിയുണ്ടാക്കുന്നവരാണെന്നു തോന്നും. ലവ് വിത് ഫൈറ്റ് എന്ന ബന്ധമാണു ഞാനും അമ്മയും തമ്മിൽ. മോന്റെ കാര്യത്തിലാണെങ്കിലും സഹായിക്കുന്നത് അമ്മയാണ്. അമ്മയുണ്ടെങ്കിൽ അവനും കംഫർ‌ട്ടബിളാണ്. ’’