Thursday 02 March 2023 11:53 AM IST

‘സ്റ്റാർ മാജിക്കി’ൽ എത്തിയപ്പോൾ വന്ന നെഗറ്റീവ് കമന്റുകൾ...’: സ്വയം ഫേക്ക് ആകാൻ ഞാനില്ല: ചൈതന്യ പറയുന്നു

Ammu Joas

Sub Editor

chaithania

ഹയ സിനിമയിലൂടെ മലയാളത്തിന് പുതിയ നായിക, ചൈതന്യ പ്രകാശ്

1.5 വർഷം, 1.5 മില്യൻ ഫോളോവേഴ്സ്

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മ്യൂസിക്കലി റീൽ ചെയ്യുന്നത്. പലരും റീൽ ചെയ്യുന്നതു കണ്ടപ്പോൾ രസത്തിനു ഞാനും കൂടി, അത്രയേ ഉള്ളൂ... ആ രസമിപ്പോൾ ഇൻസ്റ്റഗ്രാമിൽ 15 ലക്ഷം ഫോളോവേഴ്സിനെ നേടിത്തന്നു എന്നു പറയുമ്പോൾ അദ്ഭുതവും സ ന്തോഷവുമുണ്ട്. ഇൻസ്റ്റയില്‍ സജീവമായി ഒന്നര വർഷത്തിനുള്ളിലാണ് ഈ നേട്ടം. അതിന്റെ സീക്രട്ട് എന്താണെന്നു ചോദിച്ചാൽ ഒരു മറുപടിയേ ഉള്ളൂ, ‘വലിയ ഇടവേളയില്ലാതെ കൃത്യമായി റീൽസ് ഇടും. പിന്നെ, മലയാളികളുടെ സ്നേഹവും ദൈവത്തിന്റെ അനുഗ്രഹവും.’

‘ഷേർഷ’യുടെ ബിടിഎസ്

ഇതുവരെ ചെയ്തതില്‍ പേഴ്സനൽ ഫേവറിറ്റ് ‘ഷേർഷ’ യിലേതാണ്. ആ റീലിന്റെ ബിഹൈൻഡ് ദ് സീനിൽ അമ്മ ബിന്ദു എനിക്ക് ആക്ടിങ് നിർദേശങ്ങൾ നൽകുന്നതു കാണാം. ആദ്യകാലത്തു വി‍ഡിയോ എടുത്തു തന്നിരുന്നത് അമ്മയാണ്. ഇപ്പോഴും ബെസ്റ്റ് ക്രിട്ടിക് അമ്മ തന്നെ.

അച്ഛൻ പ്രകാശിന് ബിസിനസാണ്. നാട് പത്തനംതിട്ട, കളഞ്ഞൂർ ആണെങ്കിലും തിരുവനന്തപുരത്താണു താമസം. എന്റെ വിദ്യാഭ്യാസത്തിനും നൃത്ത പഠനത്തിനും വേണ്ടിയായിരുന്നു ആ ചുവടുമാറ്റം. ഓർമവച്ച നാൾ മുതൽ ഞാൻ ഡാന്‍സ് പഠിക്കുന്നുമുണ്ട്. മോഹിനിയാട്ടമാണു കൂടുതൽ ഇഷ്ടം.

‘ഹയ’യിലെ ഹണിയായി

ഡോക്ടറാകണം എന്ന ആഗ്രഹം പത്താം ക്ലാസ് എത്തിയതോടെ അഭിനയത്തോടായി. റീൽസ്, മ്യൂസിക്കൽ വിഡിയോ, ടിവി പ്രോഗ്രാം. ഇതിനിടയിൽ സിനിമാ ഒഡിഷൻസ്. ഒടുവിൽ കാത്തിരുന്ന പോലെ സിനിമയെത്തി.

‘ഒരു റൊണാൾഡോ ചിത്ര’ത്തിലാണ് ആദ്യം അഭിനയിച്ചത്. ഇപ്പോൾ റിലീസായ ‘ഹയ’ രണ്ടാമത്തെ സിനിമയാണ്. ബിഎ ഇംഗ്ലിഷ് ഡിസ്റ്റൻഡ് എജ്യുക്കേഷനായി പഠിക്കുന്ന ഞാൻ ക്യാംപസിന്റെ ഹരം അനുഭവിച്ചത് ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. എട്ടാം ക്ലാസ്സുകാരി മുതൽ വിവാഹിതർ വരെ ക്ലാസ്മേറ്റ്സ് ആയി ഒപ്പമുണ്ടായിരുന്നെങ്കിലും ഒരേ വൈബ് ആയിരുന്നു.

ത്രീ ടു ഷംസീര

ആദ്യമായി ചെയ്യുന്ന റീക്രിയേഷൻ മ്യൂസിക് റീൽ ‘3’ സിനിമയിലേതാണ്. അന്നു ശ്രുതി ഹാസൻ അതു സ്റ്റോറിയാക്കിയിരുന്നു. ‘അസുരനി’ലെ മഞ്ജുചേച്ചിയുടെ കഥാപാത്രം റീക്രിയേറ്റ് ചെയ്തപ്പോൾ ചേച്ചിയുടെ അഭിനന്ദന മെസേജ് വന്നു. വളരെ പ്രയത്നിച്ചു ചെയ്ത റീലാണ് ‘ഉയരെ’യിലേത്. പാർവതി തിരുവോത്ത് ആ റീലിന് കമന്റ് ഇട്ടപ്പോൾ അഭിമാനം തോന്നി.

ഇങ്ങനെ ഓർത്തുവയ്ക്കുന്ന ഒത്തിരി സന്തോഷങ്ങളുടെ കൂട്ടത്തിൽ സ്വപ്നത്തിലോ സ്വർഗത്തിലോ എന്നറിയാത്ത മൊമന്റ് രൺബീര്‍ കപൂറിനൊപ്പമുള്ള ഡാൻസ് ആണ്. ഷംഷേര സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു അത്. എന്റെ കോൺസപ്റ്റ് അവരുടെ ടീം ഓകെ പറഞ്ഞ ശേഷമാണു വിഡിയോ ഷൂട്ട് ചെയ്തത്. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി ഒറ്റ ടേക് മാത്രമേ പോയുള്ളൂ. പക്ഷേ, രൺബീർ പറഞ്ഞു, ‘പെർഫക്‌ഷനു വേണ്ടി ഒരു ടേക് കൂടി പോകാം.’ അത്ര പ്രഫഷനലാണ്.

പോസിറ്റീവ്സ് മാത്രം പോരെ

സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ്സും പോസിറ്റീവ് കമന്റ്സും സ്വാഭാവികം. മോശം കാര്യങ്ങൾക്കു മനസ്സില്‍ ഇടം നൽകാത്തതു കൊണ്ടു ചങ്കിൽ തട്ടിയ നല്ല കമന്റ് പറയാം. മ്യൂസിക്കലിയിൽ ആദ്യകാലത്തു പോസ്റ്റ് ചെയ്ത വീടിന്റെ ഗേറ്റു ചാടുന്ന വി‍ഡിയോ ഉണ്ടായിരുന്നു. അന്നത്തെ സ്റ്റില്ലും ‘ഹയ’ സിനിമയുടെ പോസ്റ്ററും വച്ച് ഒരാൾ പ്രോത്സാഹനം അറിയിച്ചു കമന്റ് ചെയ്തു.

ആദ്യ പടവു മുതൽ ഒപ്പമുള്ള ആളുകളുടെ വാക്കുകൾ ഓർത്താൽ മതിയല്ലോ എക്സ്ട്രാ എനർജി കിട്ടാൻ. ചാനൽ പ്രോഗ്രാമായ‘സ്റ്റാർ മാജിക്കി’ൽ എത്തിയപ്പോൾ എന്റെ ചിരിയെ കുറിച്ചു ചില നെഗറ്റീവ് കമന്റ്സ് വന്നു‍. തമാശ കേട്ടു മനംമറന്നു ചിരിക്കുമ്പോൾ അങ്ങനെയാണ്. ഇത്ര ഉച്ചത്തിൽ, വാ തുറന്നു ചിരിച്ചാൽ അഭംഗിയാകുമോയെന്നു ചിന്തിച്ചു സ്വയം ‘ഫേക്ക്’ ആകാൻ ഞാനില്ല.

അമ്മു ജൊവാസ്

ഫോട്ടോ: അബി ഫൈൻ ഷൂട്ടേഴ്സ്