Monday 11 September 2023 12:43 PM IST

‘മുഖത്തു വെള്ളം തളിച്ചു ബോധം തെളിക്കുന്നതു പോലെയായിരുന്നു അർപ്പിതയുടെ ആ ചോദ്യം’: മറക്കാത്ത ആ രാത്രി: ധ്യാൻ പറയുന്നു

V R Jyothish

Chief Sub Editor

dhyan-sreeni-vasan-march

എൻജിനീയറിങ്ങിൽ ബിരുദമെടുക്കാൻ പോയിട്ട് ‘കൈപ്പത്തി കൊണ്ടൊരു കിത്താബു പോലും തൊടാതെ കച്ചറ കാട്ടി, തെക്കും വടക്കും നടന്ന്, വെടക്കായ്, നടുവൊടിഞ്ഞ്, ഉഴപ്പിനടന്ന ധ്യാൻ ശ്രീനിവാസനോടു സുഹൃത്തുക്കൾ പറഞ്ഞു;

‘നീ പേടിേക്കണ്ടടാ... എസ്.എ. ചന്ദ്രശേഖർ മക ൻ വിജയ്‌യെ ഇളയ ദളപതിയാക്കിയെങ്കിൽ, ശിവകുമാർ മകൻ സൂര്യയെ സൂപ്പർസ്റ്റാർ സൂര്യയാക്കിയെങ്കിൽ, ചിരഞ്ജീവി മകൻ രാംചരണിനെ മെഗാ പവ ർസ്റ്റാര്‍ ആക്കിയെങ്കിൽ നിന്റെ അച്ഛൻ നിന്നെയും ഒരു സൂപ്പർസ്റ്റാറാക്കും...’ കൂട്ടുകാർ പറഞ്ഞത് അതുപോലെ വിശ്വസിച്ചു തോറ്റുതുന്നം പാടിയെത്തിയ മകനോടു ശ്രീനിവാസൻ പറഞ്ഞു,

‘ഒന്നിനും കൊള്ളാത്തവർക്കു ചെയ്യാൻ പറ്റിയ പണിയല്ല സിനിമ.’

‘‘തിരുവനന്തപുരത്തു നിന്നു ചെന്നൈയിൽ എ ത്തിയിട്ടും പഠനം തോൽവിയായി തുടർന്നു. അ ച്ഛനും കൈവിട്ടതോടെ സിനിമാമോഹം പൊലിഞ്ഞു. വീട്ടിലെ സ്ഥാനവും പരുങ്ങലിലായി. പിന്നെ, മൂന്നുകൊല്ലം ചെന്നൈയിലെ ലോഡ്ജ് മുറിയിൽ താമസം. ചെറിയ ജോലികൾ ചെയ്തു മുന്നോട്ടു പോയി.’’ അങ്ങനെ സിനിമാറ്റിക്കായ ഫ്ലാഷ്ബാക് കടന്നു ധ്യാൻ ശ്രീനിവാസൻ ഒടുവിൽ സിനിമയിൽ തന്നെയെത്തി. നടനും സംവിധായകനുമായി പേരെടുത്തു. സൂപ്പർഹിറ്റ് അഭിമുഖങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ പ്രിയതാരവുമായി.

എറണാകുളം കണ്ടനാട്ടെ വീട്ടിൽ ധ്യാനിനെ കാണുമ്പോൾ ഒപ്പം ജീവിതപങ്കാളി അർപ്പിതയും മകൾ സൂസനുമുണ്ട്. പാലാക്കാരിയായ അർപ്പിതയുടെ അച്ഛൻ സെബാസ്റ്റ്യൻ എച്ച്പിസിഎല്ലിൽ ഉദ്യോഗസ്ഥനായിരുന്നു. അർപ്പിത തിരുവനന്തപുരം വിമൺസ് കോളജിൽ പഠിക്കുന്ന കാലത്താണ് ധ്യാനിനെ കണ്ടുമുട്ടിയത്. അന്നു തുടങ്ങിയ പ്രണയം കണ്ണൂരിലെ ധ്യാനിന്റെ വീട്ടിലെത്തിയപ്പോൾ വർഷം 11 കഴിഞ്ഞു. ‘ചോദിക്ക്, ചോദിക്ക്, എന്തുകൊണ്ട് കുട്ടി ഇങ്ങനെയൊരു അബദ്ധത്തിൽ ചാടിയെന്ന് ?’ ധ്യാൻ ഉത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചു. ഉടൻ വന്നു അർപ്പിതയുടെ മറുപടി.

‘‘ദേ ഈ സത്യസന്ധതയില്ലേ, അതുതന്നെ കാരണം.’’

‘കുറുക്കൻ’ എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ശ്രീനിവാസൻ വീട്ടിലുണ്ട്. പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുന്നു. ഇടയ്ക്കു കൊച്ചുമകൾ സൂസനുമായി കൊച്ചുവർത്തമാനം. പിന്നെ, വൈറ്റമിൻ ഡിക്കു വേണ്ടി വെയിലു കൊള്ളാനിരുന്നു.

സൂസനു ചെന്നൈയിൽ നിന്നു വന്നതിന്റെ ചെറിയ സ ങ്കടമുണ്ട്. ‘‘വിനീതിന്റെ മക്കളാണു വലിയ കൂട്ട്. ചില സമയ ത്ത് അവർ തമ്മിൽ സംസാരിക്കുന്നതു കേട്ടാൽ തോന്നും സർവീസിൽ നിന്നു റിട്ടയർ ചെയ്ത ആൾക്കാരാണു സംസാരിക്കുന്നതെന്ന്.’’ അർപ്പിത ചിരിക്കുന്നു.

‘‘അച്ഛനിപ്പോൾ എന്റെ കാര്യത്തിൽ വളരെ ഹാപ്പിയാണ്. സിനിമയില്ലെങ്കിലും ഇന്റർവ്യൂ കൊടുത്തു ഞാൻ ജീവിച്ചോളും എന്നാണ് അച്ഛൻ പറയുന്നത്.’’ സംഭാഷണത്തിനു തുടക്കമിട്ടതു ധ്യാൻ തന്നെ.

മക്കളെ സിനിമയിൽ പരിചയപ്പെടുത്താൻ അച്ഛൻ എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നത്?

സിനിമയെക്കുറിച്ചു നന്നായി അറിയുന്ന ആളാണ് അച്ഛ ൻ. ‘ഉന്തിക്കേറ്റിയാൽ ഊരിപ്പോകും’ എന്നാണു പറയാറുള്ളത്. അതു വളരെ ശരിയാണ്. ഒന്നോ രണ്ടോ സിനിമയി ൽ ഉന്തിക്കേറ്റാൻ പറ്റും. പക്ഷേ, കഴിവുണ്ടെങ്കിലേ പിടിച്ചു നിൽക്കാൻ കഴിയൂ. ഞാനൊരിക്കലും സിനിമാക്കാരനാകില്ലെന്നായിരുന്നു അച്ഛന്റെ ധാരണ. പഠിച്ച് എന്തെങ്കിലും ആകുമെന്നും പ്രതീക്ഷിച്ചു. അതിനു വേണ്ടി ഞങ്ങൾ ചെന്നൈ വിട്ടു തിരുവനന്തപുരത്തേക്കു താമസം മാറി. നെടുമങ്ങാട്ടെ കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. നിർമാതാവ് സുരേഷ് കുമാർ അങ്കിളിന്റെ വഴുതക്കാട്ടുള്ള ഫ്ലാറ്റിനു തൊട്ടടുത്ത ഫ്ലാറ്റിലായിരുന്നു ഞങ്ങളും. ആ ഫ്ലാറ്റിൽ പതിയിരുന്ന അപകടം അച്ഛനു മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. വിമൺസ് കോളജിനു തൊട്ടു മുൻപിലാണ് ഫ്ലാറ്റ്. എനിക്കു വളരെ സന്തോഷമായെങ്കിലും സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടു മൂന്നു മാസമേ അവിടെ നിൽക്കാൻ കഴിഞ്ഞുള്ളൂ. പക്ഷേ, അതിനിടയിൽ തന്നെ അർപ്പിതയെ കണ്ടെത്തി.

നീണ്ടകാലത്തെ പ്രണയത്തിനു ശേഷമായിരുന്നല്ലേ വിവാഹം?

കല്യാണത്തലേന്നു രാത്രി ഞാനും കൂട്ടുകാരും കൊച്ചിയിലെ വീട്ടിലിരുന്നു ചീട്ടുകളിക്കുകയാണ്. പിറ്റേന്നു രാവിലെ പത്തരയ്ക്കു കണ്ണൂരുള്ള ഓഡിറ്റോറിയത്തിലാണു കല്യാണം. ബന്ധുക്കളെല്ലാം തലേന്നു തന്നെ അവിടെ എത്തി. ഞാൻ മാത്രം കൊച്ചിയിൽ.

രാത്രി പന്ത്രണ്ടു മണിയായപ്പോൾ പ്രതിശ്രുത വധു വിളിക്കുന്നു. ‘നിങ്ങൾ എവിടെയാണ്.’

‘കൊച്ചിയിലെ വീട്ടിലാണ്.’ ഞാൻ പറഞ്ഞു. ‘നാളെ ക ല്യാണത്തിനു വരുന്നുണ്ടോ?’ മുഖത്തു വെള്ളം തളിച്ചു ബോധം തെളിക്കുന്നതുപോലെ ആയിരുന്നു ആ ചോദ്യം. പിന്നെ, ഒന്നുമാലോചിച്ചില്ല. നേരെ വണ്ടിയെടുത്തിറങ്ങി.

പ്രകൃതി പോലും സപ്പോർട്ട് ചെയ്തില്ല, കനത്ത മഴ. എറണാകുളം മുതൽ കണ്ണൂർ വരെ നിർത്താതെ പെയ്തു. ഏപ്രിലിൽ അങ്ങനെ മഴ പതിവുള്ളതല്ലല്ലോ. എങ്കിലും രാവിലെ കണ്ണൂരെത്തി കല്യാണം കഴിച്ചു. അതിന്റെ വിഡിയോ യുട്യൂബിൽ ഉണ്ട്. അച്ഛന്റെ പ്രസംഗവും കാണാം.

ധ്യാനിന്റെ കഥകളിൽ കുറച്ചു പൊടിപ്പും തൊങ്ങലുമുണ്ടെന്നാണല്ലോ വിനീത് പറയുന്നത് ?

അതാണല്ലോ ക്രിയേറ്റിവിറ്റി. പിന്നെ, ഏട്ടൻ അങ്ങനെയൊക്കെ പറയുന്നത് അസൂയ കൊണ്ടാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ പോലും ഇ പ്പോൾ എന്റെ ആരാധകനല്ലേ.

കുട്ടിക്കാലം തൊട്ടേ ഷൂട്ടിങ് ലൊക്കേഷനും സിനിമയുടെ അണിയറക്കഥകളുമൊക്കെ പരിചിതമായിരിക്കുമല്ലോ ?

വളരെ കുറച്ചു തവണയേ ഞങ്ങളെ ലൊക്കേഷനിൽ കൊണ്ടുപോയിട്ടുള്ളൂ. പോയാലും കൂടുതൽ സമയവും ഹോട്ട ൽമുറിയിൽ തന്നെയായിരിക്കും. അച്ഛനെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.

തലശ്ശേരിയിൽ ഉണ്ടായിരുന്ന സമയത്തു അമ്മയും ചേട്ടനും ഞാനും സിനിമയ്ക്കു പോകും. അച്ഛന്റെ സിനിമ കാണാൻ മാത്രമേ തിയറ്ററിൽ പോകാറുള്ളൂവെന്നു മാത്രം. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അതായിരുന്നു അമ്മയുടെ മനോഭാവം. അച്ഛനാണ് അമ്മയുടെ ലോകം.

അന്നു ഷൂട്ടിങ് കണ്ട ഏെതങ്കിലും സിനിമ ഓർമയുണ്ടോ ?

‘ചമ്പക്കുളം തച്ചന്‍’ സിനിമയുടെ ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുമ്പോൾ ആ സെറ്റിൽ പോയിട്ടുണ്ട്. എനിക്കന്നു മൂന്നോ നാലോ വയസ്സേ ഉള്ളൂ. അന്നു മോനിഷ ചേച്ചി എ ന്നെ എടുത്തുകൊണ്ടു നടന്നതു നേരിയ ഓർമയുണ്ട്. ഇ പ്പോഴും ചേച്ചിയെ ഓർക്കുമ്പോൾ സങ്കടം വരും.

സിനിമാ തിരക്കിൽ നിന്നു റിലാക്സ് ചെയ്യണമെങ്കിൽ വീട്ടിൽ പോകും എന്നു ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ?

എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളയിൽ അ ച്ഛൻ വീട്ടിൽ വരുമായിരുന്നു. വന്നാൽ പിന്നെ, ആഘോഷമാണ്. അച്ഛന്റെ സുഹൃത്തുക്കൾ വീട്ടിൽ വരും. ചെയ്യാൻ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛൻ അ വരോടു പറയും. ‘ഒരു മറവത്തൂർ കനവി’ന്റെയും ‘ചിന്താവിഷ്ടയായ ശ്യാമള’യുെടയുമൊക്കെ കഥ ഞാൻ കേട്ടിട്ടുണ്ട്.

അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാൽ പിന്നെ, ആരെയും കാണാൻ പറ്റില്ല. ചൂളയിൽ നിന്നു പുക വരുന്നതുപോലെയാണ് പുകവലി. പഴയ ട്രിപ്പിൾ ഫൈവ് ആണ് അച്ഛന്റെ ബ്രാൻഡ്. അച്ഛൻ ഇങ്ങനെ പുകവലിക്കുന്നതിൽ ഏട്ടനു കലിപ്പാണ്. എനിക്കു സിഗററ്റ് മണം ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ ‍ഞാൻ നല്ല പുകവലിക്കാരനായി. ഏ ട്ടൻ നേരെ തിരിച്ചും.

ഏട്ടൻ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും. ‘അച്ഛനെ നോക്കൂ. അച്ഛന്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത്’ എന്നൊക്കെ പറയും. പറയുമ്പോൾ ഏട്ടന്റെ കണ്ണു നിറയും. ആറേഴു വർഷമായി ഞാനിതൊക്കെ നിർത്തിയിട്ട്. ഏട്ടൻ ഈയടുത്ത് എന്നെ കണ്ടപ്പോൾ പറഞ്ഞു. ‘ഞാനിത്തിരി വീഞ്ഞു കുടിച്ചു. നല്ല ടേസ്റ്റായിരുന്നു.’ മൂപ്പര് തുടങ്ങിയോ എന്നൊരു സംശയം.

ധ്യാനിനോടുള്ള അച്ഛന്റെ നിലപാടിൽ മാറ്റം വന്നോ ?

അതറിഞ്ഞുകൂടാ. കുറച്ചു മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു. അതിൽ എന്റെ ഇന്റർവ്യൂസിന് വലിയ പങ്കുണ്ടെന്നാണ് അമ്മ പറയുന്നത്. കുട്ടികൾ കാർട്ടൂൺ കാണുന്നതുപോലെ അച്ഛൻ എന്റെ ഇന്റർവ്യൂ കാണുന്നു, ആസ്വദിക്കുന്നു, ചിരിക്കുന്നു.

പഠനം ഉഴപ്പിയ കാലത്താണോ അച്ഛനുമായി പിണങ്ങിയത്?

പിണങ്ങി എന്നു പറയുന്നതിനേക്കാൾ അച്ഛൻ കാണാതെ മുങ്ങി നടന്നു എന്നു പറയുന്നതാകും ശരി. നെടുമങ്ങാട്ടു നിന്നു ചെന്നൈയിെല കോളജിലേക്കാണല്ലോ പോയത്. പിന്നെ, പഠിക്കാനൊന്നും മെനക്കെട്ടില്ല. വീട്ടുകാരുടെ പൈസ പാഴാക്കി ജീവിച്ചു. അച്ഛന് അതൊരു ഷോക്ക് ആയിട്ടുണ്ടാകാം. മൂന്നു വർഷം അച്ഛനെ കാണാതെ ഒളിച്ചുനടന്നു. ആ കാലത്തു ചെയ്യാത്ത ജോലികളില്ല, ആഹാരം കഴിക്കണമല്ലോ? പിന്നെ, ഏട്ടൻ സിനിമയിൽ വന്നതിനു ശേഷമാണ് എനിക്കൊരു പിടിവള്ളിയായത്. ആ വള്ളിയിൽ ഞാൻ മുറുക്കെപ്പിടിച്ചു.

dhyan

വിനീതാണോ സിനിമയിലേക്കുള്ള വഴി തുറന്നത് ?

അമ്മാവൻ എം.മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം െചയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്നു മുതലാണു സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോൻ ആയിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി. പിന്നെ, ചില നിർമാതാക്കളുടെ പത്രാസ് കണ്ടപ്പോൾ അതാകണം വഴിയെന്നു തോന്നി. ചുരുക്കത്തിൽ ഇതെല്ലാമായി.

32 സിനിമകളാണ് ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അടുത്ത നാലു വർഷത്തേക്കു ഫുൾ ബുക്ഡ് ആണ്. ഇതിനിടയിൽ അച്ഛൻ ചോദിച്ചാൽ പോലും ‘സോറി ഡേറ്റില്ല’ എന്നു പറയേണ്ടി വരും.

‘തിര’യിലെ അരങ്ങേറ്റം മോശമായില്ലല്ലേ ?

അമ്മാവന്റെ ഒപ്പം നിൽക്കുന്ന കാലത്താണു ‘തിര’യിലെ നായകനാകാൻ ഏട്ടൻ വിളിച്ചത്. അതിലെ അഭിനയം കാണുമ്പോൾ എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോഴും എനിക്കു വിഷമമാണ്. പുതുമുഖമായ എന്നെപ്പോലൊരാളുമായി അഭിനയിക്കാൻ ശോഭന തയാറായി എന്നതു വലിയ കാര്യമല്ലേ? ഇപ്പോൾ ആ സിനിമ കാണുമ്പോൾ ഞാനാലോചിക്കും, എത്ര വലിയ ത്യാഗമാണ് അവർ ചെയ്തതെന്ന്.

വിനീതിനോടു ദേഷ്യം തോന്നാറുണ്ടോ ?

ഏട്ടൻ എന്നെ മകനെപ്പോലെയാണു കാണുന്നത്. അത്രയ്ക്കു സ്നേഹവും കരുതലുമാണ്. ചില സന്ദർഭങ്ങളിൽ പാരയുമാണ്. ഉദാഹരണത്തിന് ഏട്ടൻ പരീക്ഷയ്ക്ക് 92 ശതമാനം മാർക്ക് വാങ്ങി. എനിക്കു കിട്ടിയത് 82 ശതമാനം. അന്നു മുതൽ എന്റെ കഷ്ടകാലം തുടങ്ങി. തൃശൂരിൽ പി.സി. തോമസ് മാഷിന്റെ എൻട്രൻസ് കോച്ചിങ് െസന്ററിലും എന്നെ ചേർത്തു. എന്നെപ്പോലെ മിടുക്കനായ ഒരു വിദ്യാർഥിയെ മാഷ് മുൻപ് കണ്ടിട്ടില്ലാത്തതുകൊണ്ട് അവിടെ അധികകാലം നില്‍ക്കേണ്ടി വന്നില്ല.

എന്നിട്ടാണോ ചേട്ടൻ മഹാത്മാഗാന്ധിയെ പോലെയാണെന്നു പറഞ്ഞത് ?

അതിനേക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ട്. മഹാത്മാഗാന്ധി ജനിക്കുന്നതിന് ഒരു ദിവസം മുൻപാണ് ഏട്ടൻ ജനിച്ചത്. ഗാന്ധിജയന്തി ഒക്ടോബർ രണ്ടിനല്ലേ. കുട്ടിക്കാലത്തു മഹാത്മാഗാന്ധി കളവു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഏട്ടൻ കുട്ടിക്കാലത്തുപോലും കളവു പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമായിരിക്കും.

ഒന്നു രണ്ടു പാട്ടൊക്കെ പാടിയ സമയത്ത് ഏട്ടൻ ചെന്നൈയിൽ ചെറിയൊരു ഫ്ലാറ്റ് എടുത്തു താമസം തുടങ്ങി. ഞാൻ ലോഡ്ജിൽ താമസിക്കുന്നതിൽ മൂപ്പർക്കു വിഷമമുണ്ട്. ദുബായിൽ സ്റ്റേജ് പ്രോഗ്രാം കിട്ടിയപ്പോൾ ഏട്ടൻ എന്നെ വിളിച്ചു. കുറച്ചു പണം തന്നിട്ടു ഫ്ലാറ്റിൽ നിന്നോളാൻ പറഞ്ഞു.

ഏട്ടനെ എയർപോർട്ടിൽ വിട്ടിട്ട് കൂട്ടുകാരെയെല്ലാം കൂട്ടി ഞാൻ ഫ്ലാറ്റിലെത്തി. ആഘോഷം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കോളിങ് ബെൽ അമർത്തുന്നു. ആരെന്നു പോലും നോക്കാതെ ഞാൻ പറഞ്ഞു, ‘ഏട്ടനിവിടില്ല, രണ്ടു ദിവസം കഴിഞ്ഞേ വരൂ’.

മറുപടി ശബ്ദം കേട്ടപ്പോൾ എന്റെ കിളി പോയി. ഫ്ലൈറ്റ് മിസ്സായി തിരിച്ചു ദേ, മുന്നിൽ വന്നു നിൽക്കുന്നു എന്റെ ഏട്ടൻ. അന്നു തനിസ്വരൂപം പുറത്തു വന്നു. ആർക്കായാലും ദേഷ്യം വരുമല്ലോ. ചുരുക്കിപ്പറഞ്ഞാൽ എന്റെ താമസം വീണ്ടും ലോഡ്ജിലായി.

dhyan-sreenivasan

മുറ്റം നിറയെ ൈബക്കുകളാണല്ലോ, ഇരുചക്രവാഹനങ്ങളോടു വല്ലാത്ത ഇഷ്ടമുണ്ടോ ?

ഞാൻ വല്ലപ്പോഴുമേ ഇതൊക്കെ ഓടിക്കാറുള്ളൂ. പഠിക്കുന്ന സമയത്തുണ്ടായ ചില ദുരനുഭവങ്ങളാണ് ഇത്രയും ബൈക്കുകൾ വാങ്ങാനുള്ള കാരണം. ബൈക്കിൽ ചെത്തിനടക്കണം എന്ന ആഗ്രഹം ആ സമയത്തുണ്ടായിരുന്നു. വീട്ടിൽ നിന്നു വാങ്ങിത്തന്നില്ല. അതിന്റെ വാശിക്ക് സ്വന്തമായി അധ്വാനിച്ചു കുറേ ബൈക്കുകൾ വാങ്ങി. ഇതു കണ്ടു കണ്ടു വീട്ടുകാരെ വെറുപ്പിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം, അതു സാധിച്ചു.

‘ലൗ ആക്‌ഷൻ ഡ്രാമ’യിലേക്ക് ശ്രീനിവാസൻ എത്തിയത് എങ്ങനെ ?

ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ വന്നു ചോദ്യമഴ. ‘എന്താണു കഥ, ആരാണ് കഥാപാത്രം, എവിടെയാണു ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ, ഞാനൊന്നു വായിക്കട്ടെ...

ഞാൻ പറഞ്ഞു, ‘നയൻതാരയാണു നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’ അച്ഛൻ പിന്നെ, കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെപെട്ടെന്നു മറുപടി പറഞ്ഞു, ‘ഞാൻ െറഡി.’

പോളണ്ടിനെക്കുറിച്ച് എന്താണ് അഭിപ്രായം?

പോളണ്ടിനെക്കുറിച്ച് എന്നോട് ഇന്നേവരെ ആരും ചോദിച്ചിട്ടില്ല. പോളണ്ടിനെക്കുറിച്ചു മാത്രമേ ഞാനിനി എന്തെങ്കിലും പറയാനുള്ളൂ. ഏട്ടൻ ഈയടുത്ത് പോളണ്ടിൽ പോയിരുന്നു. മൂപ്പരും ഇതുവരെ പോളണ്ടിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അല്ലെങ്കിലും പോളണ്ടിനെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതല്ലേ നല്ലത്.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്യാം ബാബു