Friday 19 May 2023 11:36 AM IST : By സ്വന്തം ലേഖകൻ

‘സാറിന് ഞങ്ങളെ ഇഷ്ടമില്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ?’: സീരിയൽ താരങ്ങളെ ഇഷ്ടമല്ലെന്ന് നേതാവ്: മറുപടി നൽകി മഞ്ജു പത്രോസ്

manju-p-reply

സീരിയൽ താരങ്ങളുമായി വേദി പങ്കിടുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ രാഷ്ട്രീയ നേതാവിന് അതേ വേദിയിൽ വച്ചു തന്നെ മറുപടി നൽകി നടി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് സംഭവം. മഞ്ജു പത്രോസിനെ വേദിയിലിരുത്തി കൊണ്ടാണ് താരം ഉൾപ്പെടെയുള്ള സീരിയൽ താരങ്ങളെ ഇകഴ്ത്തുന്ന പരാമർശം രാഷ്ട്രീയ നേതാവ് നടത്തിയത്.

പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ സാജൻ സൂര്യ, കിഷോർ സത്യ തുടങ്ങിവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

നടി മഞ്‍ജു പത്രോസിന്റെ വാക്കുകൾ

സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകൻ വേദിയില്‍ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം എന്നുമായിരുന്നു മഞ്ജു പത്രോസ് വ്യക്തമാക്കിയത്.

മഞ്ജു പത്രോസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാജൻ സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്:

പെരുമ്പിലാവിൽ നടന്ന ഒരു പൊതു പരിപാടിയിൽ സിനിമ സീരിയൽ നടി മഞ്ജു പത്രോസിനെ വേദിയിൽ ഇരുത്തിക്കൊണ്ട് “സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു.

പരിപാടിയുടെ പേര് “ പെൺവെട്ടം” എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ.ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം TV-യിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം

ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കിഷോര്‍ സത്യ എഴുതിയത്.

കിഷോർ സത്യയുടെ കുറിപ്പ്:

കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീയുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാൽ ആ പ്രോഗ്രാമില്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി. വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്‍മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യനീതിയാവാം. സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്‍ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ് എന്നും കിഷോര്‍ സത്യ എഴുതിയിരിക്കുന്നു.