Tuesday 31 January 2023 03:51 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ബേബി ഉള്ളിൽ കിടന്ന് ഡാൻസ് കളിക്കുവാ...’: വളക്കാപ്പിൽ മൊഞ്ചത്തിയായി ഷംന: കുസൃതി നിറച്ച് വിഡിയോ

shamna-kassim-14

താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷവാർത്ത നടിയും നർത്തകിയുമായ ഷംന കാസിം അടുത്തിടെയാണ് പങ്കുവച്ചത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലൂടെ താൻ കടന്നു പോകുകയാണെന്ന സന്തോഷം യൂട്യൂബ് ചാനലിലൂടെയാണ് താരം പങ്കുവച്ചത്. വലിയ ആഘോഷത്തോടെയാണ് കുടുംബാംഗങ്ങളും ഈ സന്തോഷം ഏറ്റെടുത്തത്.

ഇപ്പോഴിതാ ഷംനയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമാ താരങ്ങളും ഷംനയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു. മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന തിളങ്ങിയത്. ഹെവി ആഭരണങ്ങളും കുപ്പിവളകും ധരിച്ച് സുന്ദരിയായിരിക്കുകയാണ് ഷംന. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജാന്‍ താരത്തെ സുന്ദരിയാക്കിയതിന്‍റെ വിഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.

കയ്യിൽ മെഹന്ദിയണിഞ്ഞ് അണിഞ്ഞൊരുങ്ങുമ്പോൾ തന്റെ ഗർഭകാലത്തെ ഇഷ്ടങ്ങളെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്. ചോക്ലേറ്റ് ആയിരുന്നു തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന്. പക്ഷേ കുഞ്ഞാവ വരവറിയിച്ചതോടെ ചോക്ലേറ്റ് ഇഷ്ടമല്ലാതായെന്ന് ഷംന പറയുന്നു.

‘ഒരു പെൺകുട്ടിയെ സംബന്ധിച്ചടത്തോളം ഹാപ്പിയെസ്റ്റ് മൊമന്റ് ആണിത്. മൂന്നാം മാസം മുതലുള്ള കുഞ്ഞിന്റെ അനക്കങ്ങൾ വല്ലാത്തൊരു സന്തോഷമാണ് തരുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടയാൾ എന്റെ മമ്മിയാണ്. എന്റെ മമ്മിയോടുള്ള എന്റെ ഇഷ്ടം ഈ നിമിഷത്തിൽ ഇരട്ടിയാകുകയാണ്. എന്നെ വളർത്തിയത് ഓർക്കുമ്പോൾ എന്റെ മമ്മിയോട് ബഹുമാനം കൂടുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഞാൻ. ഇപ്പോൾ വളരെ അധികം റിലാക്സ്ഡ് ആയി.’– ഷംന പറയുന്നു

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭർത്താവ്.