Friday 28 April 2023 03:24 PM IST

‘അമ്മയായ സ്ത്രീയെ കാണുമ്പോൾ സുഖമാണോ എന്നു ചോദിക്കൂ, അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്’

V.G. Nakul

Sub- Editor

sonu-satheesh

അമ്മജീവിത’ത്തിന്റെ തിരക്കുകളിലും സ ന്തോഷങ്ങളിലുമാണു മലയാളം മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ.

‘മെറ്റേണിറ്റി ലീവ്’ ഇല്ലാത്ത സീരിയൽ ലോകത്തു മക്കൾക്കു വേണ്ടി ‘ഒരു ഷോർട് ബ്രേക്ക്’ എടുത്ത സോനു സതീഷ് പറയുന്നു...

സുഖമാണോ എന്നു ചോദിക്കൂ...

ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല, കുഞ്ഞിന്റെ സൗഖ്യമാണ് ഒരമ്മയ്ക്കു പ്രധാനം. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്കു സുഖമാണോ എന്നു ചോദിക്കൂ. അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്.’ സോനു സതീഷിന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയ കയ്യടികളോടെ ഏറ്റെടുത്തത് അടുത്തിടെയാണ്.

‘‘എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും ഞാൻ ശ്രദ്ധിക്കില്ല. അതൊന്നുമോർത്തു വിഷമിക്കാറുമില്ല. പക്ഷേ, എല്ലാവരും അങ്ങനെയല്ല. അങ്ങനെയുള്ളവർക്കു ധൈര്യം പകരാനായിരുന്നു സോഷ്യൽ മീഡിയയിലെ ആ കുറിപ്പ്. ’’ സോ നു പറയുന്നു.

പൊന്നോമനയെ കാത്ത്

‘‘കല്യാണം കഴിഞ്ഞ കാലത്തു സീരിയലില്‍ സജീവമായിരുന്നു. എല്ലാ ദിവസവുമെന്ന പോലെ വർക് ഉണ്ട്. അതെല്ലാം തീർത്ത ശേഷം കുഞ്ഞിനെക്കുറിച്ച് ആലോചിക്കാം എ ന്നായിരുന്നു കരുതിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ തോ ന്നി, ഇനി ബ്രേക് എടുക്കാമെന്ന്. കുഞ്ഞുണ്ടായാൽ പരമാവധി സമയം കുഞ്ഞിനൊപ്പം എന്നതായിരുന്നു തീരുമാനം.

‘‘മകൾ ആത്മീയയ്ക്ക് ഇപ്പോൾ 10 മാസമാണു പ്രായം. കഴിഞ്ഞ വർഷം ജനുവരിയിലാണു ബ്രേക് എടുക്കുന്നത്. കുഞ്ഞ് ജനിച്ച ശേഷം നൃത്തത്തിൽ പിഎച്ച്ഡിക്ക് ജോയ്ൻ ചെയ്തു. യുജിസി, ജെആർഎഫ് നേരത്തെ കിട്ടി യിരുന്നു. ഇപ്പോൾ തെലുങ്ക് യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ റെഗുലർ പിഎച്ച്ഡി ചെയ്യുകയാണ്. ക്ലാസ്സിനു പോകണം, തീസിസിന്റെ തിരക്കുണ്ട്, ഒപ്പം ഡാൻസ് ക്ലാസും.

എപ്പോഴും തിരക്കിൽ നിൽക്കുന്നവർക്കു പെട്ടെന്നുള്ള മാറ്റം പ്രശ്നമാണ്. അതുകൊണ്ടു തന്നെ നൃത്തത്തിൽ കൂടുതൽ സജീവമായി. പിഎച്ച്ഡിക്കുള്ള തയാറെടുപ്പുകളിൽ മുഴുകി. പ്രസവത്തിന്റെ ആ മാസം മാത്രമാണു പൂർണമായി എല്ലാത്തിൽ നിന്നും വിട്ടു നിന്നത്.’’ ഭർത്താവ് അജയ് കുമാറിന്റെ നാടായ ആന്ധ്രയിലാണു സോനു ഇപ്പോൾ. അവിടെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അജയ്.

അമ്മയാകാൻ പഠിച്ച്...

2022 ജൂൺ ആറിനാണു മോൾ ജനിച്ചത്. ലോക്‌ഡൗൺ സ മയത്തായതിനാൽ അജയ്‌യും എപ്പോഴും കൂടെയുണ്ടായിരുന്നു. രാത്രിയിൽ കുഞ്ഞ് ഉറങ്ങിയ ശേഷം ഞാൻ പഠിക്കാനിരിക്കുമ്പോൾ അവൾക്കൊപ്പം അജയ് ഉണ്ടാകും. ത ൽക്കാലം അവൾക്കൊരു ബുദ്ധിമുട്ട് വരരുതെന്നു കരുതിയാണ് അഭിനയത്തിൽ നിന്നു മാറിനിൽക്കുന്നത്. മോൾ സ്കൂളിൽ പോകാറാകുന്ന പ്രായത്തിൽ അതേക്കുറിച്ചു ചിന്തിക്കാമെന്നു കരുതുന്നു.

ബയോമാത്‌സ് എടുത്ത്, എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയിട്ടു പോകാതെ, ഡാൻസും അഭിനയവും ഒപ്പം കൊണ്ടുപോകാൻ ആർ‌ട്സ് കോളജിൽ ചേർന്ന ആളാണു ഞാൻ. അത്രയും ഇഷ്ടപ്പെട്ട മേഖലയാണ്. ഉറപ്പായും തിരിച്ചു വരും. അടുത്തിടെ ഒരു നൃത്തപരിപാടി ചെയ്തു. മോളെയും കൂട്ടിയാണു പോയത്. മോൾ ആദ്യമായി എന്റെ നൃത്തം കാണുന്നതിന്റെ അഭിമാനമുണ്ടായിരുന്നു മനസ്സിൽ.

sonu-1

ആ നിമിഷം

ഓരോ ദിവസവും ഉണരുമ്പോൾ, എന്തൊക്കെ മാറ്റങ്ങളാണ് കുഞ്ഞിനുള്ളത് എന്നൊക്കെ ആകാംക്ഷയോടെ ശ്രദ്ധിക്കാറുണ്ട്. ഒരു കുഞ്ഞിനൊടൊപ്പം ഒരു അമ്മയും ജനിക്കുന്നു എന്നു പറയുന്നതു വെറുതേയല്ലല്ലോ. ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ്. ഇപ്പോൾ ‘അമ്മ...അമ്മ...’ എന്നു പറയാൻ തുടങ്ങിയിട്ടുണ്ട്. ആദ്യം അതു കേട്ടപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാകില്ല.

സീരിയലിലും സിനിമയിലും ‘മെറ്റേണിറ്റി ലീവ്’ എന്നൊരു സംഗതി ഇല്ലല്ലോ. ഒരു പെൺകുട്ടിയെ സംബന്ധിച്ച്, അവളുടെ കരിയറിനോ, സ്വപ്നങ്ങൾക്കോ അവസാനമാകരുത് പ്രസവം... രണ്ടും തുല്യമായി ഒപ്പം കൂട്ടുക.’’

ജീവിതത്തിലെ പ്രധാന വ്യക്തി

‘‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അമ്മ ശ്രീകല. ഹോമിയോ ഡോക്ടർ എന്ന പ്രഫഷൻ വേണ്ടെന്നു വച്ച് എന്റെ ആഗ്രഹങ്ങൾക്കായി ഒപ്പം നിന്ന ആളാണ്. ഡാൻസ് പഠിക്കാനും അഭിനയിക്കാനും പോകുമ്പോൾ എനിക്കൊപ്പം നിഴലായി നിന്നു.

അച്ഛൻ നേവിയിലായിരുന്നതിനാൽ അമ്മയാണു കൂടുതൽ ഉത്തരവാദിത്തങ്ങൾ എപ്പോഴും ഏറ്റെടുത്തിരുന്നത്. ഇപ്പോൾ എനിക്കു കുഞ്ഞായപ്പോഴും അമ്മയാണ് ഏറ്റവുമധികം പിന്തുണ നൽകി ഞങ്ങൾക്കൊപ്പം നിൽക്കുന്നത്.’’