കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വച്ചാണ് ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
ഇപ്പോഴിതാ, പ്രായവ്യത്യാസത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന സൈബർ ആക്രമണങ്ങളോടു പ്രതികരിച്ചിരിക്കുകയാണ് ഇരുവരും.
നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോരെ പ്രശ്നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ െതറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതുകൊണ്ടാകും ആ രീതിയിൽ സംസാരിക്കുന്നതെന്ന് ദിവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘‘ഇങ്ങനെയൊക്കെയുള്ള കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകൾ വരുമെന്ന് വിചാരിച്ചില്ല. സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്നു പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.
സെക്സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്സ് ഇല്ലാതെയും ജീവിക്കാൻ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്സ്. 60 വയസ്സുള്ള ആൾ നാൽപതുകാരിയെ വിവാഹം ചെയ്തെന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാൻ 84ൽ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.
ഇനി 60 വയസ്സെന്നു പറയുന്നവർ പറഞ്ഞോട്ടെ. ഇവർ പച്ചയ്ക്കു പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാൽപതോ അൻപതോ വയസ്സുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല’. – ദിവ്യ പറയുന്നു.