തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വേർപിരിയലിനെ കുറിച്ചും വികാരനിർഭരമായി പ്രതികരിച്ച് ടെലിവിഷൻ താരവും വോയ്‌സ് ആർട്ടിസ്റ്റുമായ ക്രിസ് വേണുഗോപാൽ. സീരിയൽ താരമായ ദിവ്യ ശ്രീധറുമൊത്തുള്ള വിവാഹത്തിനു പിന്നാലെയായിരുന്നു തന്റെ മുൻഭാര്യയെക്കുറിച്ചുള്ള ക്രിസിന്റെ തുറന്നുപറച്ചിൽ.
മോശം പബ്ലിസിറ്റിക്കു വേണ്ടി തങ്ങളുടെ വിവാഹ ജീവിതത്തെ ആഘോഷമാക്കുന്ന മാധ്യമങ്ങളെക്കുറിച്ചു സംസാരിച്ചു കൊണ്ടായിരുന്നു ക്രിസ് തുടങ്ങിയത്. മോശം കമന്റ്സുകൾ നിങ്ങളുടെ ജീവിതത്തെ മാറ്റില്ല. ആൾക്കാർ നൂറുകഥകൾ ഉണ്ടാക്കിയാലും ഞങ്ങളുടെ ജീവിതം മാറില്ലെന്ന് ക്രിസ് പറയുന്നു.
‘മോശം പറയുന്നവർക്കും പരിഹസിക്കുന്നവർക്കും കോവിഡ് പോലൊരു രോഗമാണ്. ഇങ്ങനെ മോശം എഴുതിയവർക്ക് ഇങ്ങനെയെല്ലാം സംഭവിക്കുമ്പോൾ അവർക്ക് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. ഓരോ സെക്കന്റിലും എന്നെ കരുതുന്ന എന്റെ മകൾക്ക് ഈ മോശം കമന്റുകൾ വേദനയുണ്ടാക്കി. അത് എനിക്കും സങ്കടമുണ്ടായി.’– ക്രിസ് പറയുന്നു.
സ്വാതന്ത്ര്യമില്ലാത്ത ഒരു വിവാഹബന്ധത്തിൽ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് പുറത്തുവന്നതെന്നും നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ദിവ്യയെ വിവാഹം കഴിച്ചതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ് വേണുഗോപാൽ പറഞ്ഞു. ക്രിസ് വേണുഗോപാലും സീരിയൽ താരമായ ദിവ്യ ശ്രീധറും വിവാഹിതരായത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ ഒപ്പം വിവാദങ്ങളും തലപൊക്കിയിരുന്നു. ആദ്യം ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന് അടിസ്ഥാനമെങ്കിൽ പിന്നീട് ക്രിസിന്റെ ആദ്യ വിവാഹത്തെപ്പറ്റിയായി ചർച്ച. ക്രിസിന്റെ ആദ്യവിവാഹത്തിലെ ഭാര്യ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ നിന്ന് ക്രിസിന്റെ പേര് ഒഴിവാക്കിയിട്ടില്ലെന്നും അവരെ വഞ്ചിച്ചാണ് ക്രിസ് ദിവ്യയെ വിവാഹം കഴിച്ചതെന്നുമായിരുന്നു ചർച്ചകൾ പുരോഗമിച്ചത്.
‘‘ഒരു സുഹൃത്തിനെ ഫെയ്സ്ബുക്കിൽ ചേർക്കുന്നതു പോലും ആദ്യ വിവാഹത്തിൽ എനിക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒരു ഫൊട്ടോ മാത്രമേ ഡിപി ഇടാന്‍ പാടുള്ളൂ, എന്തിന് ആ ഫൊട്ടോ പോസ്റ്റ് ചെയ്തു എന്നൊക്കെ ചോദിക്കുമ്പോൾ വ്യക്തി എന്ന നിലയിൽ എന്നെ ബാധിക്കും. ഞാൻ ജീവിച്ച ജീവിതം എനിക്കു മാത്രമേ അറിയൂ. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. സ്നേഹക്കുറവോ ടോക്സിക്കോ എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ മാനസികമായി അനുഭവിച്ച വേദനകൾ വലുതാണ്.’’
എന്റെ കുടുംബത്തിന്റെ കൂടെ പോലും ഞാൻ നിൽക്കാൻ പാടില്ല, ഫോൺ ചെയ്യാൻ പാടില്ല, വീട്ടിൽ സുഹൃത്തുക്കൾ വരാൻ പാടില്ല എന്നീ നിയന്ത്രണങ്ങൾക്കു നടുവിലായിരുന്നു ആദ്യ വിവാഹ ബന്ധം.
നിക്ക് അത് സമ്മതിച്ചു കൊടുക്കാൻ പറ്റില്ല കാരണം എന്റെ അച്ഛനെയും അമ്മയെയും എനിക്ക് നോക്കിയേ പറ്റൂ. ഇത്തരം നിബന്ധനകൾ വയ്ക്കുമ്പോൾ ഞാൻ ഒരു വളർത്തുമൃഗം പോലെ ആയിപോയി. ഗ്ലാസ്സിനകത്ത് അടച്ചിട്ടു വളർത്തുന്ന ഒരു ചിലന്തി ആണോ ഞാൻ, ഞാൻ അതല്ല ഞാൻ ഒരു മനുഷ്യനാണ്. ഒരുപാട് വിഷമിച്ചിട്ടാണ് ഞാൻ 2018 ൽ അവിടെ നിന്ന് തിരിച്ചു വരുന്നത്. 2019ൽ വിവാഹമോചനത്തിന് കേസ് കൊടുത്തു. ആ കേസ് തീർന്നത് 2022 ലാണ്. അത് കഴിഞ്ഞ് ഒൻപതു മാസം കഴിഞ്ഞാണ് ഞാൻ ജീവിതത്തിലേക്ക് ഒരാൾ വരണമെന്ന് ആഗ്രഹിച്ചത്. ഒരാൾ ജീവിതത്തിലേക്ക് വരാൻ ഇരിക്കുകയായിരുന്നു പക്ഷേ നിർഭാഗ്യവശാൽ അവർ മരിച്ചുപോയി. അതും കഴിഞ്ഞ് 1200 ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവാഹത്തിലേക്ക് എത്തുന്നത്. ഇപ്പൊ ആരോ യുട്യൂബിൽ ഇതാണ് ക്രിസ്സിന്റെ ഭാര്യ എന്നൊക്കെ പറഞ്ഞ് ഒരു വിഡിയോ ഇട്ടിരിക്കുന്നു. ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടാത്തതായി എന്തുണ്ട്.
‘ഒരു ലൈഫേ ഉള്ളൂ. അതിൽ എന്റെ താൽപര്യങ്ങൾക്കനുസരിച്ചാണ് എന്റെ ജീവിതവും കരിയറും ഇഷ്ടങ്ങളും പോകുന്നത്. എന്റെ വിവാഹ ജീവിതത്തിനെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ മോശം സംസാരിക്കുന്നവർ ഓർക്കുക. നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യത്തിന് ബോംബെയിലോ കൊൽക്കൊത്തയിലോ ഒക്കെ അവസരങ്ങളുണ്ട്. കല്യാണം കഴിക്കുക എന്നു പറയുമ്പോൾ മക്കളുടെ അച്ഛനാകുക, എന്റെ അമ്മയ്ക്ക് മരുമകളെ കൊടുക്കുക എന്നീ അർത്ഥങ്ങൾ കൂടിയുണ്ട്. നിങ്ങളെ പോലെ തരംതാഴാൻ എനിക്ക് കഴിയില്ല. നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചു പോയി.’– ക്രിസ് പറയുന്നു.
‘പത്തരമാറ്റ്’ എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ റേഡിയോ ജോക്കിയായിരുന്നു. സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകളും മകനുമുണ്ട് താരത്തിന്.