Wednesday 22 May 2024 11:05 AM IST : By സ്വന്തം ലേഖകൻ

‘ഒറ്റമോളാണ്, അവൾക്ക് സ്വപ്നങ്ങളുണ്ട്... ചതിക്കപ്പെട്ടെന്ന് ഡിവൈന് തോന്നരുതെന്ന് കരുതി’: ചേട്ടന്റെ കല്യാണം: മനസുതുറന്ന് ഡിംപിൾ

dimple-don

ജീവിതത്തിലെ സുന്ദരനിമിഷങ്ങളും പുതിയ സന്തോഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് നടി ഡിംപിൾ റോസ്. ഇപ്പോഴിതാ സഹോദരന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. സഹോദരൻ ഡോണിന്റെ ജീവിതത്തിലേക്ക് ഭാര്യ ഡിവൈൻ കടന്നുവന്ന കഥയാണ് ഡിംപിൾ പറയുന്നത്. ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിലാണ് താരം പങ്കുവച്ചത്. 

‘‘ഇരുവരുടെയും വിവാഹത്തെക്കുറിച്ച് അധികം സംസാരിച്ചിട്ടില്ല. ഇതൊരു സ്പെഷൽ ഡേയല്ലേ... ഇരുവരുടെയും വിവാഹ വിശേഷം പറയാമെന്ന് കരുതുന്നു.

ഞങ്ങളുടെ കസിൻ മുഖാന്തിരമാണ് ഡിവൈന്റെ ആലോചന ഡോൺ ചേട്ടന് വരുന്നത്. ആദ്യ വിവാഹ ജീവിതത്തിലെ തകർച്ച ഡോൺ ചേട്ടനെ തെല്ലൊന്നുമല്ലായിരുന്നു ഉലച്ചത്. വലിയ വിഷമത്തിലായിരുന്നു. ചേട്ടന്റെ ഒറ്റയ്ക്കുള്ള ജീവിതം എനിക്കും ഡാഡിക്കും അമ്മയ്ക്കുമെല്ലാം വലിയ വേദനയായിരുന്നു. അങ്ങനെ ഇരിക്കെയാണ് ‍ഡിവൈന്റെ ആലോചന ഡോൺ ചേട്ടന് വരുന്നത്. പക്ഷേ ആ സമയങ്ങളിൽ പുതിയൊരു റിലേഷനിലേക്ക് പോകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ചേട്ടൻ. ആലോചനവരുമ്പോൾ അന്ന് ഡിവൈന് 23 വയസ്. അപ്പോഴത്തെ മാനസികാവസ്ഥയിൽ ആദ്യം ആലോചനയുമായി മുന്നോട്ടു പോകാൻ മടിച്ചു. പക്ഷേ ഡോൺ ചേട്ടൻ ഒറ്റയായി നടക്കുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. കസിൻ ചേട്ടൻ പറഞ്ഞത് അനുസരിച്ചാണ് ആലോചനയുമായി മുന്നോട്ടു പോയത്.

ഡിവൈന്റെ ആദ്യ വിവാഹമായിരുന്നു അത്. ഡിവൈന് അവളുടേതായ സ്വപ്നങ്ങളും സങ്കൽപങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ യാതൊരു കാരണത്താലും ഞങ്ങളെ അവൾ ജഡ്ജ് ചെയ്യരുതെന്ന് ആഗ്രഹിച്ചു. നടന്ന സംഭവങ്ങളെല്ലാം ഡിവൈനെ പറഞ്ഞ് മനസിലാക്കിയത് ഞാനാണ്. ശേഷം ഡിവൈനിനെ കാണാൻ പോകാൻ ചേട്ടനെ കൊണ്ട് സമ്മതിപ്പിച്ചു.’’– ഡിംപിൾ പറഞ്ഞു. 

ആദ്യം അവർ മീറ്റ് ചെയ്തത് റെയിൽവേ സ്റ്റേഷനില്‍ വച്ചാണ്. ജസ്റ്റ് ഒരു ഹായ് അതായിരുന്നു ഫസ്റ്റ് മീറ്റിങ്ങ്. വീട്ടിലേക്ക് ക്ഷണിച്ചതിന് അനുസരിച്ച് ഞങ്ങൾ ഡിവൈന്റെ വീട്ടിലേക്ക് പോയി. ഒരു നോർമൽ പെണ്ണുകാണലായിരുന്നില്ല. ചേട്ടനുമായി ബന്ധപ്പെട്ട എല്ലാ ഡീറ്റെയിൽ‌സും ഫയലുമായാണ് ഞങ്ങൾ പോയത്. ഞങ്ങളെ സംബന്ധിച്ചുള്ള എ ടു ഇസഡ് കാര്യങ്ങൾ പറഞ്ഞു. ഡിവൈന്റെ പാരന്റ്സിനോട് സംസാരിച്ചു.

ഡിവൈനിനെ മാത്രം മതിയെന്നാണ് ഞങ്ങൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞത്. ഈ വിവാഹം നടന്നതിൽ അഭിനന്ദിക്കേണ്ടത് ഡിവൈനിനെയാണ്. ആദ്യം ഡിവൈന്റെ ബന്ധുക്കൾക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നു. ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി ആദ്യമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന പെൺകുട്ടി രണ്ടാം കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കണോ എന്നതായിരുന്നു അവരുടെ ചോദ്യം. ‍ഡിവൈന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ചിലപ്പോൾ‌ സമ്മതിക്കില്ല.’’– ഡിംപിൾ വ്യക്തമാക്കി. 

. ‘‘വിവാഹം ഉറപ്പിക്കുന്ന സമയത്തും ഡോൺ ചേട്ടൻ മനസുകൊണ്ട് ഒട്ടും തയാറായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എല്ലാ കാര്യങ്ങളും ഡിവൈനിനോട് ഞങ്ങൾ‌ പറഞ്ഞിരുന്നു. പിന്നീട് ചതിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടാവരുതല്ലോ. കോടതിയിൽ നിന്നും ഡോൺ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ‍ഡോക്യുമെന്റ്സും റെഡിയായിരുന്നെങ്കിലും പള്ളിയിൽ നിന്നും ഡോക്യുമെന്റ്സ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ‌റജിസ്റ്റർ വിവാഹമാണ് നടത്തിയത്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം റജിസ്റ്റർ ചെയ്ത ഉടൻ തന്നെ പല തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു. ഡിവൈന്റേത് രണ്ടാം കെട്ടാണ് കുട്ടിയുണ്ടെന്നൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നു. എല്ലാം മറികടന്ന് ഇന്ന് അവർ സന്തോഷമായി ജീവിക്കുന്നുണ്ടെങ്കിൽ അത് ഡിവൈന്റെ മിടുക്ക് തന്നെയാണ്.’’– ഡിംപിൾ വിഡിയോയിൽ പറഞ്ഞു. 

ഒരേദിവസം തന്നെയായിരുന്നു ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ഡോൺ ആദ്യബന്ധം വേർപിരിഞ്ഞു. സഹോദരന്റെ വിവാഹ ബന്ധം വേർപിരിഞ്ഞതിന്റെ പേരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടതും ഡിംപിളായിരുന്നു.