Saturday 30 September 2023 11:59 AM IST

‘എനിക്കും ഒരു ചിത്രം വരച്ചു നൽകണം’: ആഗ്രഹം പറഞ്ഞ് ലാലേട്ടൻ, ഒടുവിൽ ആ മനസറിഞ്ഞ് സർപ്രൈസ്: കോട്ടയം നസീർ

Chaithra Lakshmi

Sub Editor

mohanlal-kottayam-nazeer

‘ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണത്.’ കോട്ടയം നസീർ മനസ്സു തുറക്കുന്നു

റോഷാക്കിലെ ശശാങ്കൻ എന്ന കഥാപാത്രം ജീവിതത്തെ മാറ്റി മറിച്ചോ?

ആരതി. എസ്, പത്തനംതിട്ട

അഭിനയജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും നല്ല വേഷമാണു ‘റോഷാ ക്കി’ലെ ശശാങ്കൻ. സംവിധായകൻ നി സാം ബഷീർ ആ കഥാപാത്രത്തെക്കുറിച്ചു കൃത്യമായി പറഞ്ഞു തന്നിരുന്നു. എന്നെ സംബന്ധിച്ചു പുതിയ സ്കൂൾ തന്നെയായിരുന്നു ആ സെറ്റ്. എന്റെ അഭിനയജീവിതം റോഷാക്കിനു മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തേണ്ടി വരുമെന്നു ഞാൻ പറയാറുണ്ട്. ശശാങ്കൻ കഴിഞ്ഞതിനു ശേഷമാണു കുറച്ചു കൂടി നല്ല കഥാപാത്രങ്ങൾ എന്നെ ഏൽപിക്കാമെന്ന ധൈര്യം പലർക്കുമുണ്ടായതെന്നാണ് എന്റെ വിശ്വാസം.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച നിമിഷങ്ങൾ ?

സ്മിത പണിക്കർ, പത്തനംതിട്ട

‘റോഷാക്കി’ൽ മമ്മൂക്കയോ ടൊപ്പമിരുന്നു ശശാങ്കൻ എന്ന കഥാപാത്രം സംസാരിക്കുന്ന ഒരു സീനുണ്ടായിരുന്നു. ആ സമയം മമ്മൂക്ക എന്റെ കണ്ണിൽത്തന്നെ നോക്കിയിരിക്കുകയാണ്. കാണാതെ പഠിച്ചു വച്ച നീളൻ ഡയലോഗ് പറയുന്ന ആ സീൻ ഒറ്റ ടേക്കിൽ ഓക്കെയായപ്പോൾ ‘ഗംഭീരമായി ചെയ്തല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ലൂക്കിനെയല്ലാതെ മറ്റൊരു കഥാപാത്രം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിന്റെ കഥാപാത്രം തിരഞ്ഞെടുത്തേനെ. നീ നന്നായി അഭിനയിക്കുന്നുണ്ട്.’ എന്നും മമ്മൂക്ക പറഞ്ഞു. ആ പ്രോത്സാഹനം വലിയ പ്രചോദനമായി.

അഭിനയരംഗത്താണോ അനുകരണകലയിലാണോ ഇനി സജീവമാകുക? സിനിമാസംവിധായകനായി ഉടനെ കാണാനാകുമോ?

ശ്രീജ അജയ്, പുണെ

അഭിനയരംഗത്തു സജീവമാകണമെന്നാണു മോഹം. ഇപ്പോ അതിനുള്ള സമയമാണെന്നാണു വിശ്വസിക്കുന്നത്. അനുകരണങ്ങളില്ലാത്ത അഭിനേതാവായി മാറണമെന്നാണ് ആഗ്രഹം.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത്. അത് ഏറ്റവും മനോഹരമായി ചെയ്യണമെന്നാണു മോഹം. അതിനുള്ള ശ്രമങ്ങൾ ഒരു വഴിക്കു നടക്കുന്നുണ്ട്. എപ്പോ നടക്കും എന്നതു പറയാറായിട്ടില്ല.

ഉമ്മൻചാണ്ടിയെ ഇനി അനുകരിക്കില്ലെന്നു പറഞ്ഞല്ലോ? അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ?

സനീഷ് ജോസ്, ചെറുതോണി

കോട്ടയം കറുകച്ചാലിൽ മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് നടക്കുകയാണ്. ഉമ്മൻ ചാണ്ടിയാണു സമ്മാനം നൽകുന്നത്. അതിഥിയായി ഞാനും വേദിയിലുണ്ട്. ഉമ്മൻചാണ്ടി വരാൻ അൽപം വൈകിയപ്പോൾ എൻ. ജയരാജ് എംഎൽഎയാണ് എന്തെങ്കിലും മിമിക്രി കാണിക്കുമോയെന്ന് എന്നോടു േചാദിച്ചത്.

പത്രസമ്മേളനത്തിൽ സംസാരിക്കുന്ന ഉമ്മൻ ചാണ്ടി യെ അനുകരിക്കുന്ന സമയത്താണ് അദ്ദേഹം എത്തിയത്. അതോടെ ഞാൻ മിമിക്രി നിർത്തി. ഉമ്മൻചാണ്ടിയെ കണ്ടതോടെ ആളുകൾ ചിരിയോടു ചിരി. അദ്ദേഹത്തിനു കാര്യം മനസ്സിലായി. നേരെ വേദിയിലേക്കു കയറി വന്ന് എന്റെ തോളിൽ തട്ടിയിട്ടു ചോദിച്ചു. ‘ഞാനെത്താൻ വൈകിയപ്പോൾ എന്റെ ഗ്യാപ് ഫിൽ ചെയ്യുകയായിരുന്നല്ലേ?’ അങ്ങനെ കുറേയെറെ പ്രിയപ്പെട്ട ഓർമകളുണ്ട്.

ചിത്രകലയിലും കഴിവു തെളിയിച്ചല്ലോ?

ബോബി വേലായുധൻ, കോട്ടയം

കഴിഞ്ഞ വർഷം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ആർട്ട് ഓഫ് ഹാർട്ട്’ എന്ന പേരിൽ ചിത്രപ്രദർശനമൊരുക്കി. അതേ പേരിൽ 50 പെയ്ന്റിങ് അടങ്ങിയ പുസ്തകവും പ്രസിദ്ധീകരിച്ചു. ചിത്രകാരനെന്ന നിലയിൽ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്.

വർഷങ്ങൾക്കു മുൻപാണ്. ലാലേട്ടനെ ഞാൻ ചെയ്ത കുറച്ചു പെയ്ന്റിങ്സ് കാണിച്ചു. എനിക്ക് ഒരു ചിത്രം വരച്ചു നൽകണമെന്നായി അദ്ദേഹം. ലാലേട്ടന്റെ ശേഖരത്തിലേക്ക് എന്തു പെയിന്റ്ങ് നൽകുമെന്ന ആശയക്കുഴപ്പത്തിലായി ഞാൻ. കുറച്ചു കാലം കഴിഞ്ഞാണ് അദ്ദേഹത്തിനു നായകളെ ഇഷ്ടമാണെന്നു മനസ്സിലായത്. നായയുടെ മുഖത്തു നവരസം പകർന്ന ഒൻപതു ചിത്രങ്ങളാണു ലാലേട്ടനു നൽകിയത്.

ചൈത്രാലക്ഷ്മി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ