Friday 29 April 2022 04:19 PM IST

12 വർഷത്തെ പ്രാർഥന മാതംഗിയെ തന്നു, ആറാം മാസത്തിൽ പിറന്ന മകൾ ഐസിയുവിൽ നിന്ന് ഇറങ്ങിയപ്പോൾ ഭർത്താവിന് ഗുരുതര അപകടം! ലക്ഷ്മി പ്രിയ താണ്ടിയത് സങ്കടക്കടൽ

V.G. Nakul

Sub- Editor

l1

ചാനലിലെ കോമഡി ഷോയിൽ ചിരിയുടെ അമിട്ടുകൾക്ക് തിരികൊളുത്തുന്ന ലക്ഷ്മി പ്രിയയെ കണ്ടാൽ ആരും പറയില്ല, സങ്കടങ്ങളുടെ കടലിരമ്പുന്ന ഒരു ഭൂതകാലം താണ്ടിയാണ് അവർ അവിടെ വന്നതെന്ന്. 12 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ദൈവം ഉദരത്തിൽ ഒരു കുഞ്ഞ് ജീവന് വിത്തുപാകിയപ്പോൾ ലക്ഷ്മി കരുതി വേദനയുടെ നാളുകൾക്ക് അറുതിയായെന്ന്. പക്ഷേ വിധി അതിന്റെ കളി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ...

ആറാം മാസത്തിൽ പിറന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ നെട്ടോട്ടമോടിയ ദിവസങ്ങൾ. കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കകളുമായി മണിക്കൂറുകൾ തള്ളി നീക്കുമ്പോൾ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഭർത്താവ് അതേ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ. അതിജീവനത്തിന്റെ നാലു വർഷങ്ങൾക്കിപ്പുറം ആ കഥകൾ പങ്കുവയ്ക്കുമ്പോൾ ലക്ഷ്മിയുടെ വാക്കുകൾക്ക് വേദനയുടെ തീച്ചൂട്.

‘അമ്മയാകുക, കുഞ്ഞ് ജനിക്കുക എന്നതൊക്കെ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. എത്രത്തോളം ശാസ്ത്രീയമെന്നു വിധിച്ചാലും അതിനൊക്കെ മുകളിൽ ഒരു അദൃശ്യശക്തി പ്രവർത്തിക്കുന്നുണ്ട്. ഇല്ലെങ്കിൽ എന്റെ മോളെ പൂർണ ആരോഗ്യത്തോടെ എനിക്ക് കിട്ടുമായിരുന്നില്ല.’– ഓർമ്മയുടെ ഫ്ളാഷ് ബാക്കിലേക്ക് ലക്ഷ്മി തിരിഞ്ഞു നടന്നു.

ആ തീരുമാനം തെറ്റായിരുന്നു

18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗർഭിണിയായെങ്കിലും അബോർഷനായി. അതിനിടെ സിനിമയിൽ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തൽക്കാലം മാറ്റിവച്ചു. അതിന്റെ പേരിൽ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ, കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. അങ്ങനെ 12 വർഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സിൽ വീണ്ടും ഗർഭിണിയായി.

ആറാം മാസത്തിൽ പ്രസവം

ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ പ്രാർഥനയായിരുന്നു. ഉറപ്പിച്ച്,മൂന്നാഴ്ച കഴിഞ്ഞതു മുതൽ കടുത്ത ബ്ലീഡിങ് തുടങ്ങി. എനിക്ക് സിനിമയിൽ വലിയ തിരക്കുള്ള സമയമാണ്. എല്ലാം കൂടി ചേർന്നപ്പോൾ കാര്യങ്ങൾ സങ്കീർണമായി. പല തവണ ആശുപത്രിയിൽ ആയി. ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി.

ആറാം മാസത്തിന്റെ അവസാനം ഒരു ദിവസം പെട്ടെന്നു ബ്ലീഡിങ് കൂടി ഹോസ്പിറ്റലിൽ ആയി. ഡോക്ടർമാർ കൗൺസിലിങ് തന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ അവരും നെട്ടോട്ടം തുടങ്ങി. അപകടത്തിന്റെ ചുവപ്പ് വെട്ടം കത്തുന്നു. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി മൂന്നു വട്ടം കുരുങ്ങിയതായി കണ്ടെത്തി.

കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി. ഒടുവിൽ സിസേറിയൻ നടത്തി. അബോധാവസ്ഥയിലും കൺമുന്നിൽ ഞാൻ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു.

അങ്ങനെ, 27–ാം ആഴ്ചയില്‍, 2015 നവംബർ 6 ന്, മോൾ ജനിച്ചു. ഒരു കിലോ മാത്രമായിരുന്നു തൂക്കം. അതോടെ അവളെ എൻ.ഐ.സി.യുവിലേക്ക് മാറ്റി. മൂന്നു ദിവസം കഴിഞ്ഞാണ് ഞാൻ മോളെ കണ്ടത്. ഞങ്ങൾ പ്രതീക്ഷിച്ചത് ആൺകുട്ടിയെയാണ്. അതുകൊണ്ടു തന്നെ പെൺകുട്ടിക്കുള്ള പേരുകളൊന്നും കണ്ടു വച്ചിരുന്നില്ല. ഞാനാണ് പറഞ്ഞത് മാതംഗി എന്നു മതിയെന്ന്. മൂകാംബികാ ദേവിയാണ് മാതംഗി.

പ്രാർഥനയുടെ 45 ദിവസങ്ങൾ

മൂന്നാം ദിവസം എന്നെ വീൽ ചെയറിൽ മോളെ കാണാൻ കൊണ്ടു പോയപ്പോൾ ചുറ്റും ആള് കൂടി. എല്ലാവരും അമ്മയായതിന്റെ വിശേഷങ്ങൾ ചോദിക്കുമ്പോൾ, എന്റെ ഹൃദയം പൊട്ടുകയായിരുന്നു. കുഞ്ഞിന് ജീവനുണ്ടോ, അവൾക്ക് പൂർണ ആരോഗ്യമുണ്ടാകുമോ എന്നൊന്നും അറിയില്ലല്ലോ. എൻ.ഐ.സി.യുവിൽ കുറേ മെഷീനുകൾക്കിടയിൽ കുഞ്ഞ് കിടക്കുന്നു. 45 ദിവസം മോൾ അതിനുള്ളിലായിരുന്നു. ആറാം ദിവസം എന്നെ ഡിസ്ചാർജ് ചെയ്തു. ആർക്കും മോളെ ചെന്ന് കാണാനോ തൊടാനോ സാധിക്കുമായിരുന്നില്ലെങ്കിലും പേടിക്കേണ്ടതായി ഒന്നും ഉണ്ടായിരുന്നില്ല. തൂക്കത്തിന്റെ കുറവ് മാത്രമായിരുന്നു ആശങ്ക. ഞാന്‍ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ എടുത്ത് നഴ്സിനെ ഏൽപ്പിക്കുകയായിരുന്നു.

ആദ്യത്തെ ഒന്നു രണ്ടാഴ്ച ഞാന്‍ ഭയങ്കര കരച്ചിലായിരുന്നു. പക്ഷേ, പിന്നീട് കരയരുത് എന്നു തോന്നി. കാരണം ആ മുറിയുടെ പുറത്ത് പ്രാർഥനയോടെ ഒരുപാട് അമ്മമാര്‍ ഇരിക്കുന്നുണ്ട്. അവരുടെ കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എന്റെ കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ. അവരിൽ പലരെയും ഞാൻ പിന്നീട് ആശ്വസിപ്പിച്ചു. 45 ദിവസം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ തന്നെങ്കിലും നമ്മൾ കുഞ്ഞിനെ എങ്ങനെ പരിചരിക്കുന്നു എന്ന് അഞ്ചു ദിവസം കൂടി അവർ നീരീക്ഷിച്ചു. വീട്ടിലെത്തിയിട്ടും കുഞ്ഞിന്റെ തൂക്കം മൂന്നര കിലോ ആകും വരെ വലിയ കരുതലായിരുന്നു. ഡോ.രവിയാണ് മോളെ നോക്കിയിരുന്നത്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ കുഞ്ഞ് പിന്നീട് മതി എന്ന തീരുമാനം വേണ്ടിയിരുന്നില്ല എന്നു തോന്നുന്നു. നീട്ടി വയ്ക്കുന്നത് തെറ്റാണ്. ദൈവം തരുന്നത് നിഷേധിക്കും പോലെയാണ് അത്.

l3

തേടി വന്ന ദുരന്തം

വീട്ടിലും ആശുപത്രിയിലും ഞാനും ഏട്ടനും തനിച്ചായിരുന്നു. കുറച്ച് ദിവസം ഏട്ടന്റെ അമ്മ വീട്ടിൽ വന്നു നിന്നു. 2 മണിക്കൂർ കൂടുമ്പോൾ കുഞ്ഞിന് പാല് കൊടുക്കണം. അവൾക്ക് തനിയെ കുടിക്കാൻ പറ്റില്ല. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ എടുത്ത് കൊടുക്കുകയായിരുന്നു. ശരിക്കും പറഞ്ഞാൽ ഉറക്കമില്ലാത്ത നാളുകൾ. രണ്ടു മണിക്കൂര്‍ കൂടുമ്പോൾ അലാറം വച്ച് പാൽ കൊടുക്കണം. ആ ഉറക്കമില്ലാത്ത ദിവസങ്ങൾ വലിയ ദുരന്തത്തിലേക്കാണ് ഞങ്ങളെ തള്ളിയിട്ടത്.

അന്നൊക്കെ വെറുതെ ഒരിടത്ത് ഇരുന്നാല്‍ പോലും ക്ഷീണം കാരണം ഏട്ടൻ ഉറങ്ങിപ്പോകും. അതിനിടെ ഒരു ദിവസം ഏട്ടന് അത്യാവശ്യമായി തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ കാർ ഒരു ട്രക്കിനടിയിലേക്ക് പാഞ്ഞു കയറി. കാൽ തകർന്നു. കൈ രണ്ടായി ഒടിഞ്ഞു തൂങ്ങി. ആംബുലൻസ് ഡ്രൈവറാണ് എന്നെ വിളിച്ച് പറഞ്ഞത്. അങ്ങനെ കുഞ്ഞിനെയും കൊണ്ട് സന്തോഷത്തോടെ യാത്ര പറഞ്ഞ ആശുപത്രിയിലേക്ക് ഞങ്ങൾ വീണ്ടും എത്തി. 20 ദിവസത്തോളം ഏട്ടന്‍ ഐ.സി.യുവിൽ കിടന്നു. കൈക്കുഞ്ഞുമായി ഞാൻ കൂട്ടിരുന്നു. പക്ഷേ, ദൈവം ഞങ്ങളെ കൈ വിട്ടില്ല. എല്ലാം പതിയെപ്പതിയെ ശരിയായി വന്നു. കുഞ്ഞിന് തൂക്കം കൂടി. ഏട്ടന്റെ പരുക്കുകൾ ഭേദമായി. എല്ലാം ദൈവത്തിന്റെ കരുണ. ഇപ്പോൾ മോൾക്ക് നാലു വയസ്സായി. എൽ.കെ.ജി സ്റ്റെപ്പ് ടുവില്‍ പഠിക്കുന്നു. – മാതംഗിയെ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുണ്ടമർത്തുമ്പോൾ ലക്ഷ്മിപ്രിയയുടെ കൺമുന്നിലുണ്ട് താണ്ടിയ സങ്കടക്കടലിന്റെ ആഴം.