മിനിസ്ക്രീൻ പരമ്പരകളിലൂടെയും സോഷ്യൽമീഡിയ–യൂട്യൂബ് വ്ലോഗുളിലൂടെയും ഏവർക്കും സുപരിചിതയായ താരമാണ് ലിന്റു റോണി. നിലവിൽ ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസക്കാരിയാണ് താരം.
ജീവിതത്തിലെ കുഞ്ഞുകാര്യങ്ങൾ മുതൽ സന്തോഷവും സങ്കടവും വരെ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരോടായി ലിന്റു പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബ്രെസ്റ്റ് കാൻസറിന്റെ രൂപത്തിൽ ജീവിതത്തിലേക്ക് കടന്നെത്തിയ അപ്രതീക്ഷിത അതിഥിയെ കുറിച്ചും അതിനെ നേരിടുന്ന വിധത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുകയാണ്.
ചെറിയൊരു മുഴയില്‍ നിന്ന് തുടങ്ങിയത് പിന്നെ ഒരു ചെറിയ ബോള്‍പോലെ ഉരുളുന്നത് തനിക്ക് അറിയാന്‍ കഴിഞ്ഞെന്നും അത് കാന്‍സിറിലേക്ക് രൂപപ്പെട്ടുവെന്നും താരം പറയുന്നു.
ലിന്‍റുവിന്‍റെ വാക്കുകള്‍
ലെവിക്കുട്ടന്‍ പിറന്ന് കഴിഞ്ഞ് മൂന്നാമത്തെ മാസം മുതല്‍ ആര്‍ത്തവം പുനരാരംഭിച്ചിരുന്നു. എന്നാൽ രണ്ട് മൂന്ന് മാസത്തിന് ശേഷം അത് നിലച്ചു. ഇതിനിടെ ഒരു പിംപിൾ പോലെയാണ് ശരീരത്തിൽ അതു കണ്ടു തുടങ്ങിയത്. ആദ്യം അത്ര സീരിയസായി എടുത്തില്ല. ഹോർമോണൽ ചേഞ്ച് ആകും എന്നു കരുതി.
ആർത്തവം നിലച്ചതും ബ്രെസ്റ്റിലെ മുഴയുമെല്ലാം വീണ്ടും ഗർഭിണിയാണോ എന്ന സംശയം ഉണ്ടാക്കിയിരുന്നു. ടെസ്റ്റ് ചെയ്ത നോക്കിയപ്പോൾ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. നാട്ടിൽ നിന്നും ഫെബ്രുവരിയോടെ തിരിച്ച് യുകെയില്‍ എത്തിയപ്പോഴേക്കും ബ്രെസ്റ്റിലെ ആ മുഴ വലുതാകുന്നുണ്ട്. തെന്നി തെന്നി പോകുന്നുണ്ട്. ഒരു ചെറിയ ബോള്‍പോലെ ഉരുളുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. യുകെയിൽ തന്നെ ഡോക്ടറെ കണ്ടു, പത്ത് ദിവസത്തേക്ക് മെഡിസിന്‍ കഴിച്ചു. ആദ്യം ഡോക്ടർ പറഞ്ഞത് എന്തെങ്കിലും ഹോര്‍മോണ്‍ വ്യത്യാസം കൊണ്ട് സംഭവിച്ചതാവും എന്നാണ്. ഗുളിക കൃത്യമായി കഴിക്കണമെന്നും പറഞ്ഞുഎന്നാൽ മെഡിസിന്‍ എടുത്തിട്ടും കുറവുണ്ടായില്ല. ആ സമയങ്ങളിൽ ഭർത്താവ് വളരെ ടെൻഷനിലായിരുന്നു. പക്ഷേ എനിക്ക് ദൈവം വല്ലാത്തൊരു ധൈര്യം തന്നു. എന്തോ ഒരു ഷീൽഡ് തന്ന് എന്നെ പ്രൊട്ടക്റ്റ് ചെയ്യുന്ന പോലെ തോന്നി.
വീണ്ടും ഡോക്ടറെ ചെന്ന് കണ്ടപ്പോള്‍ ഇത് കാന്‍സര്‍ ആണെന്ന സംശയം ഉള്ളതായി പറഞ്ഞു. അത് കേട്ട നിമിഷം തകര്‍ന്നു പോയി. പിന്നീട് ചികിത്സ തുടർന്നത് പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ്. ആദ്യം മുതൽ എല്ലാ ടെസ്റ്റും ചെയ്തു. ലെവിക്കുട്ടനെ തന്നിട്ട് ദൈവം എന്തിനാണ് ഇങ്ങനെ ക്രൂരത ചെയ്യുന്നത് എന്ന് തോന്നിയെങ്കിലും, ഒന്നും സംഭവിക്കില്ല എന്ന വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു. എന്തു കാര്യവും വീട്ടുകാരോട് ഷെയർ ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ തുടക്കത്തിൽ വീട്ടുകാരോട് ഞാൻ ഒന്നും പറഞ്ഞില്ല.
മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടപ്പെടുന്നത് വലിയ വേദനയാണ്. ആ വേദന എന്റെ അച്ഛനും അമ്മയും അനുഭവിച്ചതാണ്. സഹോദരന്റെ വേർപാടോടെ അച്ഛനും അമ്മയും ഒരുപാട് തകര്‍ന്ന് പോയതാണ്. എനിക്ക് കൂടെ എന്തെങ്കിലും സംഭവിച്ചാല്‍ അവരെങ്ങനെ സഹിക്കും എന്നൊക്കെയായിരുന്നു ചിന്ത. അങ്ങനെയൊരു അവസ്ഥ ഒരു മാതാപിതാക്കൾക്കും വരരുത്. എന്നാൽ സ്‌കാനിങ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരു ധൈര്യം തോന്നി. എന്ത് വന്നാലും നേരിടും എന്ന് ഉറപ്പിച്ചിരുന്നു. അച്ചുവിനോട് പറഞ്ഞു ദൈവം എന്നെ കൈവിടത്തില്ല. നാലു ദിവസം റിസൾട്ട് വന്നപ്പോൾ ഭയപ്പെടാനൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നെ ആശ്വാസമായി. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ട്രീറ്റ്‌മെന്റ് എടുത്തത് കൊണ്ട് തന്നെ രോഗത്തില്‍ നിന്ന് വിമുക്തി നേടി. റിസൽറ്റിൽ ഒന്നുമില്ല എന്നു കരുതിയപ്പോൾ തന്നെ ദൈവം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസിലായി.