Saturday 21 October 2023 04:32 PM IST

‘അവളുടെ ഡ്രസ് സെൻസ് കണ്ടാണു ഞാൻ പഠിക്കുന്നത് ‘അമ്മ ഒന്നു മാറാനുണ്ട്...’ എന്ന് അവൾ പറയാറുണ്ട്’: മഞ്ജു പിള്ള

Roopa Thayabji

Sub Editor

manju-pillai-fg

നാട്ടിൽ വന്നാൽ സെലിബ്രിറ്റീസിനേക്കാൾ തിരക്കാണു ദയയ്ക്ക്. ഇറ്റലിയിൽ നിന്നു കഴിഞ്ഞ വെക്കേഷനു വന്നപ്പോഴാണു തിരുവനന്തപുരത്തെ പുതിയ വീടിന്റെ പാലുകാച്ചൽ നടത്തിയത്. ഈ വരവിനു ദയ രണ്ടു കാര്യങ്ങൾ നേരത്തേ കുറിച്ചുവച്ചു, കൊച്ചിയിലെ പുതിയ വീടിന്റെ പാലു കാച്ചും വനിതയുടെ കവർ ഷൂട്ടും.

മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ളയുടെയും സംവിധായകനും ക്യാമറാമാനുമായ സുജിത് വാസുദേവിന്റെയും ഏകമകൾ ദയ സുജിത്താണ് ഈ സെലിബ്രിറ്റി എന്നു പറഞ്ഞു സംസാരത്തിനു ചിരിത്തുടക്കമിട്ടു മഞ്ജു പിള്ള. ‘‘ജാനി എന്നാണു ഞങ്ങൾ മോൾക്ക് ഇട്ട ചെല്ലപ്പേര്. ഇറ്റലിയിൽ ഫാഷൻ സ്റ്റൈലിങ് ആൻഡ് ഫൊട്ടോഗ്രഫി പഠിക്കുകയാണു ദയ. വർഷത്തിലൊരിക്കലേ നാട്ടിൽ വരൂ. ഞങ്ങളേക്കാൾ തിരക്കാകും അപ്പോൾ.’’ വീടും സിനിമയും തമാശയും ചിരിയും നിറഞ്ഞ അമ്മ– മകൾ വിശേഷങ്ങൾ കേൾക്കാം.

ഇറ്റലിയിലെ മോളെ അമ്മ മിസ് ചെയ്യുമല്ലോ ?

ദയ സുജിത്: പ്ലസ്ടു കഴിഞ്ഞ സമയത്ത് എങ്ങും കോവിഡ് ആണ്. മുംബൈയിലെ കോളജിലാണ് ആദ്യം ചേർന്നത്, ഓൺലൈൻ ക്ലാസ്സാണെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കോഴ്സും ചിലരുടെ ആറ്റിറ്റ്യൂഡുമൊന്നും ഇഷ്ടപ്പെട്ടില്ല. ആദ്യ സെമസ്റ്റർ ഫീസ് അടച്ചതു കൊണ്ടു വിഷമത്തോടെ അമ്മയോടാണു കാര്യം അവതരിപ്പിച്ചത്. ‘ഇപ്പോഴത്തെ വിഷമം പോട്ടെ, ഭാവിയിൽ വിഷമിക്കാൻ ഇടവരരുത്’ എന്നാണ് അമ്മ പറഞ്ഞത്.

ആ സെമസ്റ്റർ കഴിഞ്ഞു കോഴ്സിൽ നിന്നു പിൻമാറി. പിന്നെയാണ് ഇറ്റലിയിലെ കോളജ് കണ്ടുപിടിച്ചതും അപേക്ഷിച്ചതും. അവിടെ രണ്ടു മാസത്തിനകം ക്ലാസ്സു തുടങ്ങി. ഇപ്പോൾ രണ്ടാം വർഷമാണ്.

മഞ്ജു പിള്ള: ഇറ്റലിയിലേക്കു പോണമെന്നു കേട്ടപ്പോൾ സുജിത്തിന് ആശങ്കയായിരുന്നു, ഇത്ര ദൂരം, ഒറ്റയ്ക്ക്... എങ്കിലും മകൾക്ക് ഇഷ്ടമുള്ള കാര്യം പഠിക്കാനും മനസ്സിനിണങ്ങിയ ജോലി ചെയ്യാനുമൊക്കെ ഞങ്ങളല്ലേ പിന്തുണയ്ക്കേണ്ടത്.

ഇറ്റലിയിൽ ചെന്നു കുറച്ചു നാളിനകം കാലിലെ ലിഗമെന്റിനു പ്രശ്നം വന്നു. നാട്ടിൽ വന്നു തെറപി ചെയ്ത ശേഷമാണു ജാനി വീണ്ടും പോയത്. അപ്പോൾ വല്ലാതെ മിസ് ചെയ്തു. ടാറ്റൂ ചെയ്താണ് ആ ‘മിസ്സിങ്’ തീർത്തത്.

മിസ് ചെയ്യാതിരിക്കാൻ ടാറ്റുവോ ?

മഞ്ജു: ജാനിയുടെ നെറ്റിയിൽ ഉമ്മ വ യ്ക്കുന്ന എന്റെ ഫേവറിറ്റ് ഫോട്ടോ ഉ ണ്ട്. അതു കയ്യിൽ ടാറ്റൂ ചെയ്യാൻ തീരുമാനിച്ചു. മോളോട് ഇ ക്കാര്യം പറഞ്ഞതേയില്ല. എട്ടു മണിക്കൂറോളമെടുത്താണു ടാറ്റൂ പൂർത്തിയാക്കിയത്. എല്ലാം കഴിഞ്ഞിട്ടു വിഡിയോ കോൾ ചെയ്തു.

ടാറ്റൂ കണ്ടിട്ടു ജാനി ചോദിച്ചു, ‘അമ്മ ഭാവിയിൽ ഖേദിക്കില്ലല്ലോ അല്ലേ...’ ആ ചോദ്യത്തിന്റെ അർഥം മനസ്സിലായതു സിനിമകളിൽ തിരക്കായപ്പോഴാണ്. ഷൂട്ടിങ്ങിനു ചെല്ലുമ്പോൾ കയ്യിലും മേക്കപ് ഇടണം, ടാറ്റൂ മറയ്ക്കാൻ.

ദയ: ടാറ്റൂ കൊണ്ടുള്ള ‘സെന്റിമെന്റൽ അപ്രോച്’ അമ്മയെ പഠിപ്പിച്ചതു ‍ഞാനാണ്. എന്റെ ശരീരത്തിൽ ആറു ടാറ്റൂ ഉണ്ട്. ആദ്യം ചെയ്തത് എന്റെ പട്ടിക്കുട്ടിയുടെ ചിത്രം. അതിനു ശേഷം ഒറ്റയടിക്കു മൂന്നു ടാറ്റൂ ചെയ്തു. അതിലൊന്നിൽ അമ്മയുടെ കയ്യക്ഷരത്തിൽ ‘Be kind’ എന്നാണ് എഴുതിയിരിക്കുന്നത്.

മൂന്നു ടാറ്റൂ ചെയ്തതിനു വഴക്ക് ഉറപ്പായിരുന്നു. അമ്മയുടെ കയ്യക്ഷരത്തിൽ ടാറ്റൂ ചെയ്താൽ പിന്നെ, ഒന്നും പറയാൻ പറ്റില്ലല്ലോ. അമ്മയുടെ അടികൊണ്ട പാടു മായ്ക്കാനാണ് ഇത്ര വലിയ ടാറ്റൂ ചെയ്തതെന്നു പറഞ്ഞ് അമ്മയെ ശുണ്ഠി പിടിപ്പിക്കുന്നതാണ് എന്റെ പ്രധാന വിനോദം.

അത്ര കുരുത്തക്കേടായിരുന്നോ ജാനിക്ക് ?

മഞ്ജു: അരിമാവു കണ്ടാൽ എടുത്തു ദേഹത്തു തേക്കുക പോലെയുള്ള ചെറിയ ചെറിയ വികൃതികളായിരുന്നു കുട്ടിക്കാലത്ത് ജാനിയുടെ മെയിൻ. ഒരിക്കൽ അമ്മ പാചകമൊക്കെ കഴിഞ്ഞു ഉച്ചയൂണിനു മുൻപു കുളിക്കാൻ കയറി. ആ സമയത്തു ഇവൾ അടുക്കളയിൽ നുഴഞ്ഞു കയറി. അടപ്പു തുറന്നു നോക്കുമ്പോൾ അതാ ഉഗ്രൻ മീൻകറി. അതിൽ അവൾ കുക്കറി ഷോ തന്നെ നടത്തി. മുളകുപൊടി, മസാലപ്പൊടികൾ, വിനാഗിരി, ഉപ്പ് എന്നു തുടങ്ങി കയ്യെത്തും ദൂരത്തിരുന്ന സകല സാധനങ്ങളും കറിയിൽ ചേർത്തിളക്കി ‘ഷോ’ അവസാനിപ്പിച്ച് അവൾ പോയി.

കുളി കഴിഞ്ഞു ചോറു വിളമ്പാൻ വന്ന അമ്മയെ അയൽവക്കത്തെ ചേച്ചി നീട്ടിവിളിക്കുന്നു. അവരുടെ മുറ്റത്ത് ഏഴു സ്പൂണുകൾ കിടക്കുന്നത്രേ. ഓരോ പൊടിയും കറിയിലിട്ട ശേഷം ‘പാചകക്കാരി’ സ്പൂൺ നീട്ടി എറിഞ്ഞതാണ്.

‘ഒന്നേ ഉള്ളെങ്കിലും ഉലക്കയ്ക്കു തല്ലി വളർത്തണം’ എ ന്ന് അമ്മ പറയുമായിരുന്നു. പക്ഷേ, എനിക്കു നല്ല ക്ഷമയാണ്. പത്തുവട്ടം പറയും, എന്നിട്ടും കേട്ടില്ലെങ്കിലേ ഒന്നു കൊടുക്കൂ. ജാനിക്ക് അഞ്ചോ ആറോ വയസ്സുള്ള സമയം. കടയിൽ വച്ചു കണ്ട പാവ വേണമെന്ന് ഒരു മോഹം, പ്രൈസ് ടാഗ് നോക്കിയപ്പോൾ 3500 രൂപ. പിന്നെ വാങ്ങിത്തരാമെന്നു പറഞ്ഞപ്പോൾ ഒന്നു ചിണുങ്ങിയെങ്കിലും അവൾ സമ്മതിച്ചു. വീട്ടിലെത്തി മോളോടു സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു, ‘അത്രയും രൂപ അമ്മയുടെ കയ്യിൽ ഇല്ല. മോൾക്കു പാവ വാങ്ങി തരാൻ പറ്റാത്തതിൽ അമ്മയ്ക്കു വിഷമമുണ്ട്. പക്ഷേ, മോള്‍ വാശി പിടിക്കാതിരുന്നതിലുള്ള സന്തോഷമാണ് അതിനേക്കാൾ കൂടുതൽ.’ ഇപ്പോഴും ഒരു കാര്യം വേണമെങ്കിൽ അവൾ ആദ്യം ചോദിക്കുന്നത്, ‘അച്ഛാ, അമ്മാ... ഇപ്പോൾ പൈസ ഉണ്ടോ, ഇല്ലെങ്കിൽ ഇനിയൊരിക്കൽ നോക്കാം’ എന്നാണ്.

ദയ: അമ്മയുടെ നോട്ടത്തിൽ നിന്നു മനസ്സിലാകും, കുരുത്തക്കേടു കാണിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന്. എങ്കിലും അഞ്ചാറു വട്ടം അമ്മയുടെ കയ്യിൽ നിന്നു കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ നന്നായി.

manju-pillai-daughter

മകൾക്കു ‘സ്വാതന്ത്ര്യം കൊടുക്കുന്ന’ അമ്മയാണോ ?

മഞ്ജു: നന്മ ചെയ്യുക, വീട്ടിലേക്ക് ആരെങ്കിലും വന്നാൽ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുക, അവരോടു രണ്ടു നല്ല വാക്കു പറയുക തുടങ്ങിയ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ എനിക്കു ദേഷ്യം വരും. മുതിർന്നവരെ ധിക്കരിക്കുന്നതും സഹിക്കാനാകില്ല. സ്നേഹം മനസ്സിൽ വേണം, സ്നേഹമുണ്ടെങ്കിൽ ബഹുമാനം താനേ വരും. ഇക്കാര്യങ്ങളിലൊക്കെ ജാനി മിടുക്കിയാണ്. നൂറിൽ മൂറു മാർക്കും കൊടുക്കാം.

ഒരു കാര്യവും അവളെ നിർബന്ധിച്ചു ചെയ്യിക്കാറില്ല. ലൈഫ്സ്റ്റൈലും വസ്ത്രധാരണവുമൊക്കെ ഓരോരുത്തരുടെ ചോയ്സ് ആണ്. അതിലൊന്നും നിബന്ധന വയ്ക്കാറില്ല. അവളുടെ ഡ്രസ് സെൻസ് കണ്ടാണു ഞാൻ പഠിക്കുന്നത്. ‘അമ്മ ഒന്നു മാറാനുണ്ട്...’ എന്ന് അവൾ ഇടയ്ക്കു പറയും. ഈയിടെ ആദ്യമായി റാംപ് വാക് ചെയ്തപ്പോൾ ടിപ്സ് തന്നതും ജാനിയാണ്.

ദയ: മഞ്ജൂ എന്നു വിളിച്ചു ‘ഫ്രണ്ട്ഷിപ് വൈബ്’ നിലനിർത്തി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അമ്മയോടുണ്ട്. ചില കാര്യങ്ങൾ പറയുമ്പോൾ ‘അതു വേണോ’ എന്ന് അമ്മ ചോദിക്കും. അപ്പോൾ സോപ്പിട്ടു ചോദിക്കേണ്ടി വരും. കുറച്ചു നാൾ മുൻപ് ഇറ്റലിയിലെ ബീച്ചിൽ ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് നടത്തി. ആ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടും മുൻപ് അമ്മയ്ക്ക് അയച്ചു. ‘രണ്ടും മൂന്നും വട്ടം ആലോചിച്ചിട്ടു വേണം പോസ്റ്റ് ചെയ്യാൻ’ എന്നായിരുന്നു മറുപടി. ‘പോസ്റ്റ് ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ നീ തന്നെ ഫെയ്സ് ചെയ്യണം’ എന്ന് അച്ഛനും പറഞ്ഞു.

ആ മുന്നറിയിപ്പിന്റെ അർഥം പിന്നാലെ മനസ്സിലായി. ആളുകൾ പല തരത്തിൽ പ്രതികരിച്ചു. അമ്മ അതൊന്നും ശ്രദ്ധിക്കാറില്ല. പക്ഷേ, ഞാൻ നോക്കും. അവ നമ്മളെ ബെറ്റർ ആക്കാൻ സഹായിക്കും എന്നാണ് എന്റെയൊരു ‘ഇത്.’

‘ഹോം’ കഴിഞ്ഞു ചിരി ട്രാക്കിൽ നിന്നു മാറിയോ ?

മഞ്ജു: ‘ഹോമി’നു മുൻപു ജീവിതം എങ്ങനെയായിരുന്നു എന്നു കൂടി പറയണം. സുജിത്ത് പാലക്കാടുകാരനാണ്, നെല്ലിന്റെ സ്വന്തം നാട്ടുകാരൻ. നമ്മുടെ സ്ഥലത്തും കൃഷി ചെയ്യണമെന്ന മോഹം കൊണ്ടാണു നാലു വർഷം മുൻപ് ആറ്റിങ്ങലിൽ ഫാം തുടങ്ങിയത്. ആ സമത്തു ‘തട്ടീം മുട്ടീം’ മാത്രമാണ് ഓഫിസ് വർക്കു പോലെ മുടങ്ങാതെ ചെയ്തിരുന്നത്. ‘ഹോം’ റിലീസായതോടെ സിനിമകളുടെ തിരക്കിലായി. ഫാം നടത്തിപ്പിനായി മാനേജരെ വച്ചിരിക്കുകയാണ് ഇപ്പോൾ. സീസൺ സമയത്തു മാസം 200 പോത്തുകളെ വരെ വിൽക്കും. ജോലിക്കാരുടെയും പോത്തുകളുടെയും ഫാമിന്റെയും വിവരങ്ങൾ പരസ്പരം അറിയിക്കാനും ബാങ്ക് ഇടപാടുകൾക്കായും രണ്ടു വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. എല്ലാ ദിവസവും അവയിലൂടെ നിർദേശങ്ങൾ നൽകുന്ന ‘ഹൈടെക് മുതലാളി’യാണു ഞാനിപ്പോൾ.

manju-pillai-22

ടീച്ചർ, ജയജയജയ ജയഹേ ഒക്കെയായി മികച്ച റോളുകൾ പിന്നാലെ വന്നു. ‘ക്ലൈമാക്സിൽ ഒരു റോളുണ്ട്, ചേച്ചി വരണം’ എന്നു പറഞ്ഞു ജയഹേയുടെ സംവിധായകൻ വിപിൻ വിളിച്ചപ്പോൾ ‘ഒരു സീനു വേണ്ടി പോണോ...’ എന്നായിരുന്നു മനസ്സിൽ. രണ്ടു ദിവസത്തെ ഡേറ്റാണു ചോദിച്ചതെങ്കിലും ഒറ്റ ദിവസം കൊണ്ടു ഷൂട്ടിങ് പൂർത്തിയാക്കി. സിനിമ റിലീസായി കഴിഞ്ഞു വിപിൻ വിളിച്ചു, ‘സംശയിച്ചു നിന്നതല്ലേ, ഇപ്പോൾ എങ്ങനെയുണ്ട്.?’

ഫാലിമി, ഗ്ർ... എന്നീ സിനിമകൾ റിലീസിന് ഒരുങ്ങുന്നു. ജനഗണമനയുടെ സംവിധായകൻ ഡിജോയുടെ നിവിൻ പോളി ചിത്രത്തിന്റെ പാലക്കാട്ടെ ലൊക്കേഷനിൽ നിന്നാണ് ഇപ്പോൾ വന്നത്. കമൽ സർ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോണി ആന്റണി ചേട്ടനൊപ്പമാണ് അഭിനയിക്കുന്നത്.വിനോദ് ലീല ചിത്രത്തിലെ പ്രധാന വേഷവും ശ്രീജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുമാണു കമ്മിറ്റ് ചെയ്തിട്ടുള്ളത്. ചിരി വേഷങ്ങൾ തുടരും.

അമ്മ കോമഡി ചെയ്യുന്നതാണോ ജാനിക്ക് ഇഷ്ടം ?

ദയ: രണ്ടു വർഷം മുൻപായിരുന്നെങ്കിൽ കോമഡിയാണ് ഇഷ്ടമെന്നു പറഞ്ഞേനെ. ഇപ്പോൾ അമ്മ മികച്ച കഥാപാത്രങ്ങളിലൂടെ വളരുകയാണ്, വെൽ ഡൺ.

മഞ്ജു: ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവം ഇച്ചിരി നെഗറ്റീവ് ആണെങ്കിൽ മുൻപു ജാനി പിണങ്ങി ഇരിക്കുമായിരുന്നു. ഇപ്പോൾ മറ്റൊരു പ്രശ്നം ഉണ്ട്. സിനിമയിലെ മക്കളെ കെട്ടിപ്പിടിച്ചാൽ അവൾക്കു ദേഷ്യം വരും. ഈയിടെ ‘ഓ മൈ ഡാർലിങ് ’ പ്രമോഷനിടെ അനിഖ എന്റെ മടിയിലിരിക്കുന്ന ഫോട്ടോ കണ്ടു ജാനിയുടെ മെസേജ്, ‘അത്രയൊന്നും വേണ്ട കേട്ടോ...’

വീട്ടിലെ തമാശക്കാരി ആരാണ് ?

മഞ്ജു: ബംപർ ചിരിയിലെ വലിയ ചിരിക്കാരി ഞാനാണെങ്കിലും വീട്ടിലെ തമാശക്കാരൻ അനിയൻ വിവേകാണ്. അ പ്പൂപ്പൻ എസ്.പി. പിള്ളയുടെ ഹ്യൂമർ സെൻസ് അവനാണു കിട്ടിയത്. പിന്നെ, സ്പോട്ടിൽ കൗണ്ടർ പറയാൻ എന്നേക്കാൾ മിടുക്കി ജാനിയാണ്.

ജാനിക്ക് അഭിനയമോഹമില്ലേ ?

മഞ്ജു: രണ്ടുമൂന്നു സിനിമകളിലേക്ക് ഓഫർ വന്നെങ്കിലും പഠിത്തം കഴിഞ്ഞിട്ടു മതി എന്നായിരുന്നു അവളുടെ തീരുമാനം. ഒരു വർഷം കൂടിയേ കോഴ്സ് ഉള്ളൂ. അതു കഴിഞ്ഞ് അച്ഛന്റെ വഴിയേ ഫൊട്ടോഗ്രഫിയിൽ ഹയർ സ്റ്റഡീസ് ചെയ്യാനാണു താത്പര്യം. മോഡലിങ് ആണു പാഷൻ. ചില ബ്രാൻഡുകളുടെ ഓഫറുണ്ട്. വരട്ടെ, നോക്കാം.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ