ചേച്ചി പദ്മയുടെയും കുഞ്ഞനിയത്തി കമലയുടെയും കുറുമ്പും കളിചിരികളും കൊണ്ട് സ്വർഗമാകുകയാണ് അശ്വതി ശ്രീകാന്തിന്റെ വീട്. കൂട്ടത്തിൽ ഇളയവളായ കമലയുടെ കുറുമ്പും വാശിയും ചേച്ചി പദ്മ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് സരസമായൊരു വിഡിയോയിലൂടെ കാട്ടിത്തരികയാണ് അശ്വതി.
തന്റെ അനിയത്തികുട്ടിയുടെ കുഞ്ഞ് ആക്രമണത്തെ ചിരിയോടെ നേരിടുന്ന പദ്മയാണ് വിഡിയോയിലെ താരം. കളിക്കിടയിൽ പദ്മയെ കമല കടിക്കുന്നതാണ് വിഡിയോയിലെ പ്രധാന രംഗം. കടിയുടെ അവസാനം തന്ത്രപൂർവം പദ്മ ഒരു കരച്ചിലും പാസാക്കുന്നുണ്ട്.
എന്താണ് വഴക്കിന്റെ കാരണമെന്ന് വ്യക്തമാകുന്നില്ലെങ്കിലും അനിയത്തിയുടെ ശ്രദ്ധ എങ്ങനെ തിരിക്കാമെന്നും അടിപിടിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും പദ്മ തന്നെ വിഡിയോയിലൂടെ വിശദമാക്കുന്നുണ്ട്. തിരിച്ച് അടിക്കാൻ പോകുകയോ വഴക്കുണ്ടാക്കുകയോ അല്ല ശരിയായ രീതിയെന്നും ശാന്തമായി തന്നെ അതിനെ നേരിടണമെന്നും എന്തിനാണ് വഴക്കിടുന്നതെന്നു മനസിലാക്കിയതിനു ശേഷം ആ കാര്യത്തിൽ നിന്നും ശ്രദ്ധ തിരിക്കുക, വഴക്ക് അവിടെ അവസാനിക്കുകയും ചെയ്യുമെന്നു മുതിർന്നവർ വിവേകപൂർവം പദ്മ മറുപടി പറയുന്നു. അമ്മ അശ്വതിയുടെ ചോദ്യത്തിന് ഇങ്ങനെയാണ് പദ്മയുടെ മറുപടി.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ കണ്ടവരെല്ലാം കമലയുടെ വഴക്കും ഒടുവിലത്തെ കരച്ചിലും ചെറുചിരിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ക്യൂട്ട് എന്നും ഡ്രാമ ക്വീൻ എന്നുമൊക്കെയാണ് കമന്റുകൾ. ഇതേ പ്രശ്‍നങ്ങൾ ദിവസവും അഭിമുഖീകരിക്കുന്ന ധാരാളം പേർ തങ്ങളുടെ അനുഭവങ്ങളും വിഡിയോയുടെ താഴെ പങ്കുവെച്ചിട്ടുണ്ട്.