Thursday 23 January 2025 11:29 AM IST : By സ്വന്തം ലേഖകൻ

‘ഡോക്ടർ കുഴപ്പമില്ലെന്ന് പറഞ്ഞു, പക്ഷേ സ്കാനിൽ തെളിഞ്ഞത്’: എന്റെ അമ്മ ഈ സന്തോഷം കാണാൻ ഇല്ലല്ലോ?: സാഗർ സൂര്യ

sagar-soorya

പണിയിലെ വില്ലൻമാരുടെ ‘പണി’ ഏറ്റെന്ന് ആരാധകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുകയാണ്. ജോജു ജോർജ് ചിത്രം പണിയിലെ തീപ്പൊരി വില്ലനായെത്തി മനസു കീഴടക്കിയ സാഗർ സൂര്യയേയും ജുനൈസിനേയും കുറിച്ചാണ് പറഞ്ഞു വരുന്നത്. കഠിനാധ്വാനം കൊണ്ട് ആഗ്രഹിച്ച ഇടത്തു നിൽക്കുമ്പോഴും ഒരു വലിയ വേദന സാഗറിന്റെ ജീവിതത്തിലുണ്ട്. തന്റെ സ്വപ്നം സഫലമായതു കാണാന്‍ അമ്മയില്ല എന്ന സത്യം സാഗറിനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. കുരുതിയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് കയ്യടി നേടിയ സാഗര്‍ തന്റെ നഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനസു തുറന്നിരുന്നു. വനിത ഓൺലൈനോട് നാളുകൾക്ക് മുമ്പ് സാഗർ പങ്കുവച്ച വാക്കുകള്‍ ഒരിക്കൽ കൂടി...

–––

മലയാളികളുടെ ഹൃദയം കീഴടക്കിയ ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ‘തട്ടീം മുട്ടീം’. അർജുനേട്ടനും കോമളവല്ലിയും മക്കളും അമ്മയും കമലാസനനുമൊക്കെ ചിരിയുടെ വെടിക്കെട്ടു നടത്തിയ എപ്പിസോഡുകൾ ഇപ്പോഴും പ്രേക്ഷകരുടെ ഹൃദയങ്ങളിലുണ്ട്. പരമ്പരയിൽ ആദിയായി തിളങ്ങിയ യുവതാരം സാഗർ സൂര്യ ഇപ്പോൾ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം കവരുകയാണ്. പരിപാടിക്കിടെ തന്റെ അമ്മയുടെ വിയോഗത്തെക്കുറിച്ച് സാഗർ വികാരനിർഭരമായി സംസാരിച്ചത് ഏവരുടേയും ഹൃദയം വേദനിപ്പിച്ചു.

‘‘വാതത്തിന്റെ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു അമ്മയ്ക്ക്. അഞ്ചാറ് വർഷമായി ട്രീറ്റ്മെന്റിലായിരുന്നു. കുറച്ചു നാൾ മുമ്പ് നെഞ്ചിൽ ഗ്യാസ് കെട്ടി നിൽക്കുന്നതു പോലെ തോന്നി. ഡോക്ടറെ കണ്ടപ്പോൾ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു. പക്ഷേ, അമ്മ കുറേ ഛർദിച്ചു. സ്കാൻ ചെയ്തപ്പോഴാണ് ഹൃദയത്തിൽ ബ്ലോക്കും വാൽവിന് ലീക്കും ഉണ്ടെന്നു മനസ്സിലായത്. അതു ഗുരുതരമായി. അമ്മ പോയി...’’ .– പറയുമ്പോൾ സാഗറിന്റെ വാക്കുകളിടറി.

‘‘അമ്മയായിരുന്നു എന്റെ ശക്തി. കുടുംബത്തിന്റെ പിന്തുണയാണ് എന്നെ ഇവിടെ എത്തിച്ചത്. എം.ടെക്ക് കഴിഞ്ഞ് ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് ആക്ട് ലാബിൽ തിയറ്റർ പഠനത്തിന് ചേർന്നത്. അതു വഴി ഓഡിഷനിലൂടെ തട്ടീം മുട്ടീമിൽ എത്തി. ‘ഉപചാര പൂർവം ഗുണ്ട ജയൻ’ കുരുതി എന്നീ ചിത്രങ്ങൾ ചെയ്തു.. ഇപ്പോൾ പണിയും പക്ഷേ, അതു കാണാൻ കാത്തുനിൽക്കാതെ അമ്മ പോയി...’’.

‘‘എന്റെ കുടുംബമാണ് എനിക്കെല്ലാം. ഷൂട്ട് കഴിഞ്ഞാൽ വേഗം വീട്ടിൽ വരുക,അമ്മയോടൊപ്പം നിൽക്കുക എന്നതൊക്കയായിരുന്നു പ്രധാനം. അമ്മയുടെ പിന്തുണ എപ്പോഴും കരുത്തായിരുന്നു. എന്റെ പെർഫോമൻസ് കണ്ട് കൃത്യം അഭിപ്രായം പറയും. അതൊന്നും ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ...’’ സാഗറിന്റെ വാക്കുകൾ ഇടറി.