Thursday 10 February 2022 02:49 PM IST

സ്ക്രീനിൽ മുഖം കാണാനുള്ള കൊതിയൊക്കെ അവസാനിച്ചു, ഇപ്പോൾ ജീവിതോപാധിയാണ്: ‘മിസ്റ്റർ ഹിറ്റ്ലറിൽ’ നിന്നു ഷാനവാസ് പിൻമാറി

V.G. Nakul

Sub- Editor

shanavas

ഷാനവാസ് എന്നല്ല, രുദ്രനെന്നു പറയണം; എങ്കിലേ മലയാളി കുടുംബ പ്രേക്ഷകർ ഈ ചെറുപ്പക്കാരനെ തിരിച്ചറിയൂ. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്കു മുന്നിലെത്തിയത് മീശ പിരിച്ചു വച്ചു പൗരുഷം തുളുമ്പുന്ന നായകനായാണ്. നായികയുടെ കണ്ണീരിൽ അലിയുന്ന സീരിയൽ പ്രേക്ഷകർക്കു മുന്നിൽ ‘സീത’യുടെ ഇന്ദ്രൻ പ്രിയപ്പെട്ടവനായതു മാത്രം മതി ഷാനവാസിന്റെ ജനപ്രീതി തിരിച്ചറിയാൻ.

രുദ്രനിലേക്കും അതു വഴി സിനിമയിലേക്കും താര പരിവേഷത്തിലേക്കുമൊക്കെയുള്ള ഷാനവാസ് ഇപ്പോൾ ‘മിസ്റ്റർ ഹിറ്റ്ലർ’ലെ ഡി.കെ എന്ന കഥാപാത്രമായാണ് മലയാളി കുടുംബപ്രേക്ഷകരുടെ മുന്നിലുള്ളത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇനി മുതല്‍ ഹിറ്റ്ലറിന്റെ ഭാഗമായിരിക്കില്ലെന്നാണ് ഷാനവാസ് വ്യക്തമാക്കുന്നത്.

‘‘ഞാനും സ്വാസികയും ഒന്നിച്ച ‘സീത’യുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണ് ‘മിസ്റ്റർ ഹിറ്റ്ലറി’ൽ നിന്നു പിൻമാറുന്നത്. രണ്ടും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു താൽപര്യം. ആദ്യം അങ്ങനെയായിരുന്നു പ്ലാൻ. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലറിന്റെ ടീം വ്യക്തമാക്കിയപ്പോൾ പിൻമാറാം എന്നു തീരുമാനിക്കുകയായിരുന്നു.

സീതയുടെ രണ്ടാം ഭാഗത്തിനു ഞാൻ നേരത്തേ വാക്കു കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവില്‍ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്നങ്ങളുമില്ല’’.– ഷാനവാസ് ‘വനിത ഓൺലൈനോട്’ വ്യക്തമാക്കി.

‘‘ഇപ്പോഴത്തെ അവസ്ഥയിൽ വെറുതെയിരിക്കുകയെന്നത് ചിന്തിക്കാനാകില്ല. മാസത്തിൽ മുപ്പത് ദിവസവും വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം. നല്ല പ്രായമല്ലേ. ഇപ്പോഴല്ലേ ഓടി നടന്നു പണിയെടുക്കാൻ പറ്റൂ. കുട്ടികൾ വളരുകയാണ്. ചിലവ് കൂടി. അപ്പോൾ വരുമാനവും അതിനനുസരിച്ച് വർദ്ധിക്കണം. ഞാനിപ്പോൾ ചിന്തിക്കുന്നത് പരമാവധി പ്രൊജക്ടുകളുടെ ഭാഗമാകാനാണ്. സ്ക്രീനിൽ മുഖം വരാനുള്ള കൊതിയൊക്കെ എന്നോ അവസാനിച്ചു. ഇപ്പോൾ ജീവിതോപാധിയാണിത്. കൊറോണക്കാലത്ത് കാര്യങ്ങൾ കൂടുതല്‍ കുഴപ്പമാണ്’’. – ഷാനു പറയുന്നു.

shanavas-2