സന്തോഷത്തിന്റെ പരകോടിയിലാണ് സ്നേഹ–ശ്രീകുമാർ ജോഡി. ഇരുവരുടെയും ചിരിക്കൂട്ടിലേക്ക് പുതിയൊരാൾ എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുട്ടി ജനിക്കുന്നത്. ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഇരുവരും ആ വലിയ സന്തോഷ വാർത്തയും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞാവയ്ക്കൊപ്പമുള്ള സുന്ദരനിമിഷങ്ങൾ വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും.
ലേബർ റൂമിൽ ഞാൻ കയറിയപ്പോൾ എങ്ങനെയായിരുന്നു ശ്രീയുടെ അവസ്ഥ എന്ന ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. എന്നാൽ ഡെലിവറി ടൈം ആശുപത്രിയിലേക്ക് എത്താൻ ശ്രമിച്ചെങ്കിലും എപ്പിസോഡ് പാക്കപ്പിന്റെ ദിവസം കൂടി ആയിരുന്നതിനാൽ തനിക്ക് കൃത്യ സമയത്ത് എത്താൻ കഴിഞ്ഞില്ലെന്നും ശ്രീകുമാർ പറഞ്ഞു.
‘ഓരോ സീനും അഡ്ജസ്റ്റ് ചെയ്ത് എടുത്ത് സ്നേഹയ്ക്കരികിലേക്ക് ഓടിയെത്താൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നു. ഉച്ചയ്ക്ക് മുൻപ് ഷൂട്ട് തീരും എന്നു പറഞ്ഞു, പെട്ടെന്ന് വിടാം എന്നും പറഞ്ഞു. പക്ഷേ അതിന് കഴിഞ്ഞില്ല.’– ശ്രീകുമാർ പറഞ്ഞു.
കാത്തിരിപ്പിനൊടുവിൽ തന്നെ കണ്ടപ്പോൾ ശ്രീയുടെ കണ്ണുനിറഞ്ഞ കാര്യവും സ്നേഹ ഓർമിപ്പിക്കുന്നുണ്ട്. സ്നേഹയെ കണ്ട് ഒരു മണിക്കൂറിനു ശേഷം ആണ് മോനെ ഞാൻ കണ്ടത്. എടുക്കണോ എന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ കൈയ്യിൽ മോനെ വച്ച് തന്നുവെന്നും ശ്രീ പറഞ്ഞു. മകൻ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നെന്നും കൂടെ നിന്ന പ്രിയപ്പെട്ടവർക്ക് നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.
ഏറ്റവും ഒടുവിലായി കുഞ്ഞാവയെ സോഷ്യൽ മീഡിയയ്ക്ക് ഇരുവരും പരിചയപ്പെടുത്തി. തന്റെ കൺമണിക്കായി ശ്രീകുമാർ പാട്ടു പാടുന്നതാണ് വിഡിയോയിലെ ഹൈലൈറ്റ്.
‘അല്ലിയിളം പൂവോ...’ എന്ന ഗാനം മകന് വേണ്ടി ശ്രീ ആലപിച്ചു.