ADVERTISEMENT

ആറു വർഷം മുൻപ്.. അന്ന് മലയാള സിനിമ പുതിയൊരു യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തു... ട്രാഫിക്കിലൂടെ. അന്ന് രാജേഷ് പിള്ള തുടങ്ങി വച്ചിടത്തു നിന്ന് ഇന്ന് രാജേഷ്
പിള്ള ഫിലിംസ് ‘പുതിയ ടേക്ക് ഓഫി’നാണ് മഹേഷ് നാരായണനിലൂടെ തിരി കൊളുത്തിയിരിക്കുന്നത്. ഒന്നുറപ്പാണ്, ഇന്നലെ വരെ കണ്ടതായിരിക്കില്ല ഇനി മലയാള സിനിമ.

അവതരണ മികവിനാലും അഭിനയചാരുതയാലും മലയാളി പേക്ഷകർ കാത്തിരുന്ന രംഗമാറ്റമായിരുന്നു ട്രാഫിക്ക്. 2017 ലേക്ക് എത്തിനൽക്കുമ്പോൾ കലാസംവിധാന മികവിനേയും വിഎഫ്എക്സിന്റെ സാധ്യതകളേയും സമന്വയിപ്പിച്ച് പ്രേക്ഷകന് പുതിയ ദൃശ്യവിരുന്നൊരുക്കുകയാണ് ടേക്ക് ഓഫിലൂടെ സംവിധായകൻ മഹേഷ്.

ADVERTISEMENT

ഇറാഖിൽ ഇസ്ലാമിക് സ്േറ്ററ്റിന്റെ പിടിയിലായ ഇന്ത്യൻ നഴ്സുമാർ നേരിടേണ്ടി വന്ന ദുരിതങ്ങളുടെയും അവരുടെ അതിജീവനത്തിന്റെയും നാട്ടിലേക്കുള്ള മടങ്ങിവരവിന്റെയും കഥയാണ് ഒറ്റവരിയിൽ ടേക്ക് ഓഫ്. 2014 ൽ നടന്ന യഥാർഥ സംഭവം തന്നെയാണ് സിനിമയ്ക്ക് ആധാരം. സമീറയെന്ന നഴ്സായി പരിണമിച്ച പാർവ്വതിയാണ് കേന്ദ്രബിന്ദു. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ ഇറാഖിലേക്ക് ജോലി തേടി പോകുന്ന കഥാപാത്രം. പാർവ്വതിയിലൂടെയാണ് സിനിമയുടെ കഥ പൂരോഗമിക്കുന്നതും വിവിധ സാമൂഹിക പ്രശ്നങ്ങളെ പ്രതിനീധീകരിക്കുന്നതും. നായികയുടെ ആദ്യ ഭർത്താവിന്റെ വേഷമാണ് ആസിഫിന്.

take_off3

സമീറയുടെ ഒപ്പം നാട്ടിൽ ജോലിചെയ്യുന്ന മെയിൽ നഴ്സായ ഷഹീദ് എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. ഇരുവരുടെയും പ്രണയത്തിന് മുൻപും ശേഷവുമുള്ള രംഗങ്ങളിലെ മികവിന് മഹേഷിന്റെയും പിവി ഷാജികുമാറിന്റെയും തിരക്കഥയോട് തോള്‍ ചേർന്ന നിൽക്കുന്നുണ്ട് മഹേഷിലെ എഡിറ്ററും. നഴ്സുമാരുടെ പ്രശ്നങ്ങൾ സമീറയിൽ കേന്ദ്രീകരിച്ച് അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ സമീറയുടെ പ്രശ്നങ്ങൾ ഒന്നൊന്നായി വർദ്ധിപ്പിച്ചു സിനിമാറ്റിക്കാകുമ്പോൾ ചിലയിടങ്ങളിലെങ്കിലും സമീറയിലൂടെ പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്ന നഴ്സ് സമൂഹത്തെ മറന്നു പോകുന്നത് കാണാനാകും. സിനിമയുടെ വാണിജ്യ താൽപ്പര്യം പരിഗണിക്കുമ്പോൾ ഇതു ക്ഷമിക്കാവുന്നതേയുള്ളൂ.

take_off2
ADVERTISEMENT

രണ്ടാം പകുതിയിലാണ് ഇന്ത്യൻ അംബാസഡർ മനോജിന്റെ റോളിൽ ഫഹദ് രംഗപ്രവേശം ചെയ്യുന്നത്. ഫഹദ് എത്തുന്നതിലൂടെ സിനിമ പൂർണ്ണമായും ത്രില്ലർ സ്വഭാവത്തിലേക്ക് ചുവടുമാറുന്നുണ്ട്. ഇറാഖിൽ കുടുങ്ങിയവരെ ഇന്ത്യ ഏതുവിധത്തിൽ നാട്ടിലെത്തിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കിഭാഗം പറയുന്നത്. അഭിനയമികവിൽ പാർവ്വതി തന്റെ റെയ്ഞ്ച് പുനർനിർമ്മിച്ചപ്പോൾ ചാക്കോച്ചന് കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ഷഹീദിനെ മികവുറ്റതാക്കി. അഭിനയത്തിലെ മിതത്വവും സ്വാഭാവികതയും കൊണ്ടു രണ്ടാം പകുതി ഫഹദ് തന്റേതാക്കുന്നുണ്ട്.

കലാസംവിധാന മികവിന്റെ പേരിലാവും ടേക്ക് ഓഫ് കൂടുതൽ ഓർമ്മിക്കപ്പെടുക. ഇറാഖിന്റെ വിവിധ മുഖങ്ങളെ ഏറെ കയ്യടക്കത്തോടെ ഭംഗിയാക്കിയിട്ടുണ്ട് കലാസംവിധായകൻ സന്തോഷ് രാമൻ. സംഗീതം കൈകാര്യം ചെയ്ത ഗോപീ സുന്ദറും ഷാൻ റഹ്മാനും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. മഹേഷിനൊപ്പം സഹഎഡിറ്ററായ അഭിലാഷ് ബാലചന്ദ്രൻ, ഛായാഗ്രാഹകൻ സാനു ജോൺ വർഗ്ഗീസ് എന്നിവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ വർഷത്തെ മികച്ച സിനിമകൾക്കുള്ള ബെ‍ഞ്ച്മാർക്ക് എന്തായാലും ടേക്ക് ഓഫ് ഉയരത്തിലെത്തിച്ചിരിക്കുന്നു. രാജേഷ് പിള്ള ഫിലിംസിന് ഒരു ബിഗ് സല്യൂട്ട്.

ADVERTISEMENT

 

ADVERTISEMENT