'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിന്റെ വരികൾ ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് ഗൂഗുൾ ട്രാൻസ്ലേറ്റ് വഴി കണ്ടെത്തി കേസ് കൊടുത്ത യുവാക്കളെ പരിഹസിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഗാനത്തിന്റെ വരികൾ മുഴുവൻ ഗൂഗുൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയുള്ള നസീൽ വോയ്സിയുടെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഏറെ ഇഷ്ടത്തോടെ പ്രവാചകനെ വിളിക്കുന്ന ''മുത്ത് റസൂലുള്ള'' എന്ന വരി, ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്‌തു തരുന്നത് 'പേൾ രാജു' എന്നാണെന്ന് നസീൽ ചൂണ്ടിക്കാട്ടുന്നു.
'മുത്ത് റസൂലുള്ള വന്ന്'' എന്ന വരിക്ക് ''പേൾ പ്രവാചകനോടൊപ്പം വന്നു'' എന്നും ''മാണിക്യ മലരായ പൂവി'', മാണിക്യ പല്ലവ ഫ്ലവർ എന്നുമാണ് ഗൂഗിൾ പറയുന്നത്. ''കല്ലിയാണാലോചന''= ഫോർ ദി സ്റ്റോൺ. ''പുതുമാരൻ ചമഞ്ഞു'' = ന്യൂ ഗേൾ സ്‌മൈൽസ്.... ഇങ്ങനെ പോകുന്നു ഗുഗിളിന്റെ വരികൾ. സ്വബോധമുള്ളവർ വായിച്ചാൽ ചിരി നിർത്താനാവില്ലെന്നും പോസ്റ്റിൽ പറയുന്നു. വരികളുടെ പൂർണരൂപത്തിന്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

നസീൽ വോയ്സിയുടെ കുറിപ്പ് വായിക്കാം;
മാണിക്യ മലർ പാട്ടിലെ വരികൾ ഗൂഗിളിന്റെ സഹായത്തോടെ പരിഭാഷിച്ചതാണ് താഴെ കാണുന്നത്. ഏറെ ഇഷ്ടത്തോടെ പ്രവാചകനെ വിളിക്കുന്ന ''മുത്ത് റസൂലുള്ള'' എന്ന വരി, ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്‌തു തരുന്നത് 'പേൾ രാജു' എന്ന് ! (വെറുതെയല്ല പഹയന്മാർ പ്രവാചകനിന്ദ എന്ന് പറഞ്ഞ് കച്ചറയാക്കുന്നത് :P ) .
''മുത്ത് റസൂലുള്ള വന്ന്'' എന്ന വരിക്ക് ''പേൾ പ്രവാചകനോടൊപ്പം വന്നു'' എന്ന്. ''മാണിക്യ മലരായ പൂവി'', മാണിക്യ പല്ലവ ഫ്ലവർ ആണേ. ''കല്ലിയാണാലോചന''= ഫോർ ദി സ്റ്റോൺ. ''പുതുമാരൻ ചമഞ്ഞു'' = ന്യൂ ഗേൾ സ്‌മൈൽസ്....വായിച്ചാൽ ചിരി നിർത്താനാവില്ല.

പടച്ചോനെ, ഈ ട്രാൻസ്ലേഷന്റെ പേരിലാണോ നാടായ നാടും മാധ്യമങ്ങളുമൊക്കെ മാണിക്യമലർ ചർച്ച ചെയുന്നത്! ബുദ്ധിയും ബോധവും ഇല്ലാത്ത ഏതോ കുറെ ഉഡായിപ്പന്മാർ ഈ പരിഭാഷ കണ്ടു വിജൃംഭിതരായി പരാതി കൊടുത്ത് എന്ന് വെച്ച് അതങ്ങനെ ഏറ്റുപിടിക്കണോ ചെങ്ങായ്മാരെ? ഒന്ന് ആലോചിച്ചാൽ മനസ്സിലാക്കാവുന്ന കാര്യമല്ലേയുള്ളു. ആർക്കും നോക്കാവുന്നതല്ലേ എന്തായിരിക്കും അവർക്ക് കിട്ടിയ പരിഭാഷ എന്ന്!
മതവികാരം വ്രണപ്പെടുന്ന കാക്കാമാരെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യാകുലപ്പെടുന്ന എല്ലാവർക്കും സമർപ്പിക്കുന്നു. പ്രേത്യേകിച്ചു, കേട്ട പാതി കേൾക്കാത്ത പാതി വിശ്വാസവുമായി ബന്ധപ്പെട്ട ''ഇത്തരം അസഹിഷ്ണുതകളെക്കുറിച്ചു'' മാത്രം നിരന്തരം സങ്കടപ്പെടുന്ന 'ഞാൻ സൂഫികൾക്കും' 'പുരോഗനമാക്കാർക്കും''.
കാര്യമറിയാതെ ആടുന്ന സുഹൃത്തുക്കൾ ചുറ്റിലുമുണ്ടെങ്കിൽ ഈ സ്ക്രീൻഷോട്ട് ഒന്ന് കാണിച്ചു കൊടുക്കണേ. എൻ.ബി - സിനിമയും സംവിധായകനും മാത്രം പോരാ, ഈ കേസിൽ ഗൂഗിളിനെയും പ്രതി ചേർക്കണം എന്നാണു എന്റെ ഒരിത്.