മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഈ സിനിമ നാല് അവാർഡുകളാണ് കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സ്വന്തമാക്കിയത്. ഫിലിം ബസാർ റെക്കമെൻഡേഷൻ അടക്കം രാജ്യാന്തര ശ്രദ്ധ നേടിയ ശേഷമാണ് ‘ഒറ്റമുറി വെളിച്ചം’ സംസ്ഥാന അവാർഡിലൂടെ നമുക്ക് പരിചിതമാകുന്നത്. മികച്ച എഡിറ്റർ ആയി അപ്പു എന്‍ ഭട്ടതിരിയേയും അഭിനയത്തിലെ പ്രത്യേക ജൂറി പരാമർശത്തിലൂടെ വിനീത കോശിയെയും പൗളി വൽസനെയും തിരഞ്ഞെടുത്താണ് മികച്ച സിനിമയ്ക്ക് പുറമെ സംസ്ഥാന അവാർഡ് ഒറ്റമുറി വെളിച്ചത്തെ അംഗീകരിച്ചത്. ഒരു പുതുമുഖ സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്നെടുത്ത സിനിമ പക്ഷെ ട്രെയിലറില്‍ കൂടി തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സിനിമ വിവാഹശേഷം തന്റെ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്ന സുധയുടെ കഥ പറയുന്നു. സുധയായി എത്തുന്ന വിനീത കോശി ശരിക്കും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. സുധ വരുന്നത് ഭർത്താവ് ചന്ദ്രന്റെ ഒറ്റമുറി വീട്ടിലേക്കാണ്. അവിടെ ചന്ദ്രന്റെ സഹോദരനും അമ്മയുമാണ് താമസം. ചന്ദ്രനായി എത്തുന്നത് ദീപക് പറമ്പോലാണ്.