കാലം കണ്ണുവച്ച അഭിനയ ചക്രവര്‍ത്തിയെ പിറന്നാള്‍ ആശംകസകള്‍ കൊണ്ട് മൂടുകയാണ് ലോകം. മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാല്‍ അറുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സന്ദീപ് ദാസ്. മോഹന്‍ലാലിന്റെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് സന്ദീപിന്റെ കുറിപ്പ്. അഭിനയത്തില്‍ മോഹന്‍ലാലിന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടി സന്ദീപ് കുറിക്കുന്നു
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് 'ധനം'.എളുപ്പത്തിൽ പണമുണ്ടാക്കാൻ മോഹിച്ച ഒരു ചെറുപ്പക്കാരന്റെ കഥയായിരുന്നു അത്.നായകനായ ശിവശങ്കരന് കഥാന്ത്യത്തിൽ എല്ലാം കൈമോശം വരികയാണ്.സിനിമയുടെ ക്ലൈമാക്സിൽ കളിപ്പാട്ടം കളഞ്ഞുപോയ കൊച്ചുകുട്ടിയപ്പോലെ ശിവശങ്കരൻ നിലവിളിക്കുന്നുണ്ട്.
കിരീടത്തിലെ സേതുമാധവന്റെ വേദനകളും ഏറെക്കുറെ സമാനമായിരുന്നു.കഥാപാത്രങ്ങൾ തമ്മിൽ സാമ്യം തോന്നാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടായിരുന്നു.പക്ഷേ ശിവശങ്കരനെയും സേതുമാധവനെയും സ്ക്രീനിലെത്തിച്ച നടന്റെ പേര് മോഹൻലാൽ എന്നായിരുന്നു!അതുകൊണ്ട് ഇരുകഥാപാത്രങ്ങളും ഇരുധ്രുവങ്ങളിൽ നിലകൊണ്ടു.
ചമ്മൽ എന്ന വികാരം വൃത്തിയായി അഭിനയിച്ചുഫലിപ്പിക്കാൻ ഭയങ്കര പ്രയാസമാണ്.മിക്ക നടൻമാരും അക്കാര്യത്തിൽ പതറുന്നത് കാണാം.എന്നാൽ മോഹൻലാലിന് അത് നിസ്സാരമാണ്.ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്,നാടോടിക്കാറ്റ്,വരവേൽപ്പ്,ചന്ദ്രലേഖ തുടങ്ങിയ സിനിമകളിൽ ചമ്മലിന്റെ വിവിധ വകഭേദങ്ങൾ ലാൽ പ്രദർശനത്തിനുവെച്ചിരുന്നു.എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.
എം.ജി.ആറിന്റെയും കരുണാനിധിയുടെയും കഥയാണ് 'ഇരുവർ' എന്ന സിനിമ പറഞ്ഞത്.ലാൽ അവതരിപ്പിച്ച ആനന്ദൻ എം.ജി.ആറിന്റെ പ്രതിരൂപമായിരുന്നു.ആ സിനിമയിലെ ഭാവങ്ങളും ശരീരഭാഷയും മറ്റു ലാൽ കഥാപാത്രങ്ങളിൽ കണ്ടിട്ടില്ല.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ മണിരത്നത്തിന്റെ സൃഷ്ടിയായിരുന്നു ഇരുവർ.അദ്ദേഹം ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി-
''കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുന്ന അഭിനേതാക്കൾ ധാരാളമുണ്ട്. പക്ഷേ മോഹൻലാൽ കഥാപാത്രമായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്.അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്...!''
മോഹൻലാലിന് കഥാപാത്രമായി മാറാനുള്ള കഴിവില്ല എന്ന വിമർശനം ചിലർ ഉന്നയിക്കാറുണ്ട്.മോഹൻലാൽ എല്ലാ സിനിമകളിലും മോഹൻലാൽ ആയിത്തന്നെ അഭിനയിക്കുന്നു,മാനറിസങ്ങൾ ആവർത്തിക്കുന്നു എന്നൊക്കെയാണ് ആരോപണങ്ങൾ.ആ കണ്ടെത്തൽ മിതമായ ഭാഷയിൽ പറഞ്ഞാൽ പരിഹാസ്യമാണ്.
ഒരു ഫിലിംമേക്കറുടെ ചിന്തകളേക്കാൾ ഉയരത്തിലാണ് ലാൽ എന്ന നടൻ പലപ്പോഴും സഞ്ചരിക്കാറുള്ളത്.ഭ്രമരത്തിലെ ശിവൻകുട്ടിയുടെ നോട്ടങ്ങൾ മറക്കാനാവുമോ? തിരക്കഥയിൽ അതിന്റെ ചെറിയ സൂചനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ നോട്ടങ്ങൾക്ക് അമ്പരപ്പിക്കുന്ന ആഴങ്ങൾ നൽകിയത് മോഹൻലാലാണ്.ഇക്കാര്യം വെളിപ്പെടുത്തിയത് സിനിമയുടെ സംവിധായകനായ ബ്ലെസി തന്നെയാണ്.സദയത്തിലെ സത്യനാഥനെ സൃഷ്ടിച്ചത് എം.ടി വാസുദേവൻ നായരാണ്.പക്ഷേ ലാൽ അഭിനയിച്ചപ്പോൾ എം.ടി പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് സത്യനാഥൻ വളർന്നുപന്തലിച്ചു.
ഒരു ഗിഫ്റ്റഡ് ആക്ടറാണ് ലാൽ.ക്യാമറ ഒാൺ ചെയ്താൽ അഭിനയം എങ്ങനെയൊക്കെയോ കടന്നുവരികയാണ്.അതുകൊണ്ടുതന്നെ അദ്ദേഹം റിഹേഴ്സൽ ചെയ്യുന്നത് അപൂർവ്വമാണ്.
ഹോളിവുഡിലെ വലിയ നടൻമാരൊക്കെ ഒരു സിനിമയ്ക്കുവേണ്ടി വർഷങ്ങളോളം ഗൃഹപാഠം ചെയ്യാറുണ്ട്.എന്നാൽ ഭരതത്തിന്റെ അവസാന സീൻ അഭിനയിച്ചുപൂർത്തിയാക്കിയതിന്റെ പിറ്റേദിവസം കിലുക്കത്തിന്റെ സെറ്റിൽ ജോയിൻ ചെയ്ത ആളാണ് മോഹൻലാൽ! അദ്ദേഹം ലൊക്കേഷനിൽ തമാശയൊക്കെ പറഞ്ഞ് നിൽക്കുന്നുണ്ടാവും.സമയമാവുമ്പോൾ ഗംഭീരപ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്യും.അത്രമേൽ അനായാസമാണ് ലാലിന്റെ രീതികൾ.
പക്ഷേ അയത്ന ലളിതമായ പ്രകടനങ്ങളോട് ഇന്ത്യൻ കാണികൾക്ക് താത്പര്യം കുറവാണ്.ഒരു നടനെ നാം പ്രശംസിക്കണമെങ്കിൽ അയാൾ കഷ്ടപ്പെട്ട് അഭിനയിക്കണം.എന്തൊക്കെയോ ചെയ്തുകൂട്ടി എന്ന തോന്നലുളവാകണം.കരച്ചിൽ മാത്രമാണ് മികച്ച അഭിനയം എന്ന ചിന്താഗതിയൊക്കെ ഇതിന്റെ തുടർച്ചയാണ്.
ജിത്തു ജോസഫിന്റെ ദൃശ്യം സൂപ്പർഹിറ്റായിരുന്നു.ആ സിനിമയിൽ ലാലിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നാണ് കൂടുതൽ പേരും കരുതിയത്.ആ വിലയിരുത്തൽ ഒറ്റനോട്ടത്തിൽ ശരിയുമായിരുന്നു.ജോർജ്ജ്കുട്ടി അമിതമായ വികാരപ്രകടനങ്ങളൊന്നും നടത്തുന്നില്ല.അയാൾക്ക് മിതത്വമായിരുന്നു ആവശ്യം.ലാൽ അത് ഭംഗിയായി നൽകുകയും ചെയ്തു.ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഇറങ്ങിയപ്പോഴാണ് ലാൽ ചെയ്തുവെച്ചതിന്റെ വലിപ്പം നമുക്ക് മനസ്സിലായത്.കമൽഹാസൻ എന്ന മഹാപ്രതിഭ അഭിനയിച്ചിട്ടും പ്രേക്ഷകർക്ക് വേണ്ടത്ര തൃപ്തി തോന്നിയില്ല.
കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ പ്രകടനപരതയുടെ അങ്ങേയറ്റവും ലാൽ കാട്ടിത്തരും.'അയാൾ കഥയെഴുതുകയാണ്' എന്ന സിനിമയിലെ സാഗർ കോട്ടപ്പുറത്തിനെ ഒാർമ്മയില്ലേ? ശരിക്കും ആ പൈങ്കിളി നോവലിസ്റ്റിനെ കെട്ടഴിച്ചുവിടുകയാണ് ലാൽ ചെയ്തത്.കുറച്ചുകൂടി ഒതുക്കമുള്ള പെർഫോമൻസാണ് സംവിധായകൻ കമലിന്റെ മനസ്സിൽ ഉണ്ടായിരുന്നത്.പക്ഷേ ലാലിന്റെ ഉള്ളിൽ പതിഞ്ഞ സാഗർ കോട്ടപ്പുറത്തിന് ഒട്ടും അച്ചടക്കം ഇല്ലായിരുന്നു.അങ്ങനെയാണ് ആ സിനിമ ഇപ്പോഴത്തെ രൂപം കൈക്കൊണ്ടത്.
സാഗറിനെ വേറെ ആരെങ്കിലും അവതരിപ്പിച്ചിരുന്നുവെങ്കിലോ? ആ സിനിമ വെറും കോപ്രായമായി മാറുമായിരുന്നു.അല്ലെങ്കിൽ സാഗറിന്റെ ആത്മാവ് നഷ്ടപ്പെടുമായിരുന്നു.മണിച്ചിത്രത്താഴിലെ ഇൻട്രൊഡക്ഷൻ സീനും ഇതുപോലെയാണ്.ഡോക്ടർ സണ്ണിയുടെ വരവ് ഗോഷ്ടികളിയും കോമാളിത്തരവും ആയി മാറാതിരുന്നത് ലാൽ അഭിനയിച്ചതുകൊണ്ട് മാത്രമാണ്.
നമ്മുടെ സാമാന്യയുക്തിയ്ക്ക് നിരക്കാത്ത പല കാര്യങ്ങളും ലാലിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്.
വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്റെ വേഷം ചെയ്യാൻ പോവുമ്പോൾ ചെറുപ്പത്തിൽ അച്ഛനോടൊപ്പം കുറച്ച് കഥകളി കണ്ട അനുഭവം മാത്രമായിരുന്നു ലാലിന്റെ കൈമുതൽ.നിസ്സാരസമയം കൊണ്ടാണ് കഥകളിയുടെ മുദ്രകൾ ഹൃദ്ദിസ്ഥമാക്കിയത്.അതുകണ്ട് കഥകളി ആചാര്യൻമാർ വരെ വിസ്മയിച്ചു.ലാലിനെത്തേടി ദേശീയ അവാർഡ് എത്തുകയും ചെയ്തു.
ലാൽ ഒരു പ്രൊഫഷണൽ ഡാൻസറൊന്നുമല്ല.പക്ഷേ കമലദ്ദളത്തിലെ നർത്തകനെ അവതരിപ്പിക്കുമ്പോൾ അതൊന്നും ഒരു തടസ്സമായില്ല.ലൊക്കേഷനിൽ വെച്ചാണ് നൃത്തം പഠിച്ചത് എന്ന് കേട്ടിട്ടുണ്ട്.രാജശില്പിയിലും ലാലിന്റെ ഗംഭീരനൃത്തം കാണാം.
സംസ്കൃതത്തിൽ ജ്ഞാനമില്ലാത്ത ലാലിനെയാണ് കാവാലം നാരായണപ്പണിക്കർ 'കർണ്ണഭാരം' അവതരിപ്പിക്കാൻ ക്ഷണിച്ചത്.അതൊരു സംസ്കൃത നാടകമായിരുന്നു.പേരുകേട്ട സംസ്കൃത പണ്ഡിതൻമാർക്കുമുന്നിൽ വെച്ചുതന്നെ ലാൽ നിറഞ്ഞാടി.
2003ൽ മലയാള മനോരമ കഥയാട്ടം എന്നൊരു പരിപാടി സംഘടിപ്പിച്ചു.മലയാളനോവലിലെ 10 കഥാപാത്രങ്ങളെ തുടർച്ചയായി സ്റ്റേജിൽ അവതരിപ്പിക്കുക എന്ന ഹിമാലയൻ വെല്ലുവിളി.അതും ലാൽ ഏറ്റെടുത്തു.സെക്കൻ്റുകളുടെ വ്യത്യാസത്തിൽ കൂടുവിട്ട് കൂടുമാറി.
ലാൽ സംഗീതം പഠിച്ചിട്ടില്ല.പക്ഷേ ആ ചുണ്ടുകൾ പാട്ടുകളുടെ താളത്തിനനുസരിച്ച് മനോഹരമായി ചലിക്കും.അതിസങ്കീർണ്ണമായ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ വരെ ലാൽ അവിസ്മരണീയമാക്കിയിട്ടുണ്ട്.ഇക്കാര്യത്തിലെ മുടിചൂടാമന്നൻ പ്രേംനസീർ ആണെന്നാണ് വെയ്പ്.പക്ഷേ ലാൽ നസീറിനേക്കാൾ ഉയരത്തിലാണെന്നാണ് ജോൺസൻ മാസ്റ്ററുടെ നിരീക്ഷണം.
ഒരു മനുഷ്യന് ഉണ്ടാകാവുന്ന സകല ഭാവങ്ങളും ലാലിന്റെ മുഖത്ത് വിടർന്നിട്ടുണ്ട്.കുട്ടിയുടെ നിഷ്കളങ്കത മുതൽ വാർദ്ധക്യത്തിന്റെ പരാധീനത വരെ അതിൽ ഉൾപ്പെടും.അമൃതം ഗമയ എന്ന ചിത്രത്തിൽ ഒരു റാഗിങ്ങ് സീനുണ്ട്.ക്രോധം,ആഹ്ലാദം,പുച്ഛം,ക്രൂരത,ഞെട്ടൽ,സങ്കടം തുടങ്ങിയ വികാരങ്ങളെല്ലാം ശരവേഗത്തിൽ മിന്നിമറയുന്ന അപൂർവ്വ കാഴ്ച്ച! ആ ഡയലോഗ് ഡെലിവെറിയും ഒരു വിസ്മയമാണ്.പിൻഗാമിയിൽ ലാലിന്റെ ശബ്ദമാണ് പ്രധാനമായും അഭിനയിച്ചത്.
ലാലിന്റെ വിരലുകൾ പോലും അഭിനയിക്കും എന്നത് അതിശയോക്തിയല്ല.അത് കാണാൻ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ക്ലാസിക്കുകൾ അന്വേഷിച്ചുപോകേണ്ട കാര്യം പോലുമില്ല.അധികം പഴക്കമൊന്നുമില്ലാത്ത പ്രണയത്തിലും നരനിലും വരെ ലാലിന്റെ വിരലുകൾ സംസാരിച്ചിട്ടുണ്ട്.
ലാലിൽനിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.ഒരു പുതിയ ലാലിനെയാണ് കായംകുളം കൊച്ചുണ്ണിയിൽ കണ്ടത്.അഭിനയത്തിന്റെ കാര്യത്തിൽ ലാൽ ഒരു പാഠപുസ്തകമാണ്.പക്ഷേ ചില പേജുകൾ ഉപയോഗിക്കപ്പെടാതെ പൊടിപിടിച്ചുകിടക്കുകയാണ്.അത് കണ്ടെത്താൻ ശേഷിയുള്ള സംവിധായകർ ഉണ്ടാകണമെന്നേയുള്ളൂ.
മോഹൻലാലിന് പ്രായമായി എന്ന് മലയാളികൾ വിശ്വസിക്കുകയില്ല.ശഷ്ഠിപൂർത്തിയും സപ്തതിയും കഴിഞ്ഞ് നൂറാം പിറന്നാൾ ആഘോഷിക്കുമ്പോഴും സാധാരണ മലയാളിയ്ക്ക് ലാൽ അയൽപക്കത്തെ പയ്യൻ തന്നെയായിരിക്കും.
ലാലിന്റെ അഭിനയം മനസ്സുനിറഞ്ഞ് ആസ്വദിക്കാനുള്ളതാണ്...
ബീഥോവന്റെ സിംഫണി പോലെ...
സിത്താറിൽനിന്ന് പൊഴിയുന്ന സംഗീതം പോലെ...
അതിങ്ങനെ നിർബാധം ഒഴുകുന്നു...
Written by-Sandeep Das