ADVERTISEMENT

മലയാളി കുടുംബപ്രേക്ഷകരുടെ അനുക്കുട്ടിയാണ് അനു മോൾ. അയലത്തെ കുട്ടി ഇമേജിൽ, കഴിഞ്ഞ 7 വർഷമായി മിനിസ്ക്രീനില്‍ നിറഞ്ഞു നിൽക്കുകയാണ് ഈ തിരുവനന്തപുരത്തുകാരി പെങ്കൊച്ച്. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും ‘സ്റ്റാർ മാജിക്ക്’ എന്ന സൂപ്പർഹിറ്റ് ടെലിവിഷൻ പരിപാടിയാണ് അനുവിനെ താരമാക്കിയത്. ‘നേരേ വാ നേരേ പോ’ സ്റ്റൈലിൽ, ചിരിയഴകായി അനു ‘സ്റ്റാർ മാജിക്കി’ലെ സ്റ്റാറുകൾക്കൊപ്പം കൊണ്ടും കൊടുത്തും നിറഞ്ഞു നിൽക്കുന്നു.

എന്നാൽ ഇന്നലെയും ഇന്നുമൊക്കെയായി ചില ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഒരു വാർത്ത അതിവേഗം വൈറൽ ആകുകയാണ്. ‘നടി അനുക്കുട്ടി വിവാഹിതയാകുന്നു. പ്രണയം വെളിപ്പെടുത്തി താരം’ എന്നാണ് അവയുടെ തലക്കെട്ട്. ഇത് കണ്ട ആവേശത്തിൽ, സത്യമെന്തെന്ന് തിരക്കാതെ പലരും ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്തു തുടങ്ങിയതോടെയാണ് അനു വിവരമറിഞ്ഞത്. വാർത്ത വായിച്ച് തലയിൽ കൈവച്ച് അനു ചോദിക്കുന്നു – ‘ഇതെപ്പോ...ഞാനറിഞ്ഞില്ലല്ലോ...’

ADVERTISEMENT

‘‘എനിക്ക് കല്യാണവുമായിട്ടില്ല, ഞാൻ പ്രണയത്തിലുമല്ല. അത്തരത്തിൽ പ്രചരിക്കുന്ന എല്ലാ വാർത്തകളും നൂറ്റമ്പതു ശതമാനം വ്യാജമാണ്. ആരോ വെറുതെ സങ്കൽപ്പിച്ച് സൃഷ്ടിച്ചെടുത്തതാണ്. എന്റെ കല്യാണമായാൽ ഞാൻ നേരിട്ട് അത് എല്ലാവരെയും അറിയുന്നതാണ്. തൽക്കാലം അഭിനയത്തില്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. മറ്റൊന്നിനും സമയമില്ല’’.– അനു ‘വനിത ഓൺലൈനോട്’ പറഞ്ഞു.

അനു ഒരു സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രം കുത്തിപ്പൊക്കിയാണ് ചിലർ വാർത്തയ്ക്ക് കൊഴുപ്പേറ്റിയത്.

anumol 2
ADVERTISEMENT

‘‘അവൻ എന്റെ ഒപ്പം പഠിച്ചതാണ്. ഫോട്ടോഗ്രാഫറാണ്. എന്റെ ഫോട്ടോസൊക്കെ അവൻ എടുത്തുതരും. നല്ല സുഹൃത്തുക്കളുമാണ് ഞങ്ങൾ. സഹോദര തുല്യരാണ്. അവനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഒന്നോ രണ്ടോ വർഷം മുമ്പ് ‍ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കുത്തിപ്പൊക്കിയാണ് ഇപ്പോൾ ഈ നുണ പ്രചരിപ്പിക്കുന്നത്.

നേരത്തെയും എന്നെക്കുറിച്ച് ഇത്തരത്തിൽ പല കള്ളക്കഥകളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. ഒരു ഫോട്ടോയിൽ എന്റെ സീമന്തരേഖയിൽ സിന്ദൂരമൊക്കെ വരച്ച് ചേർത്ത് ഒരു വിഡിയോ ഇറക്കി ചിലർ വൈറൽ ആക്കിയിരുന്നു. അതൊന്നും ഞാൻ പരിഗണിക്കാറേയില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. മറ്റൊരു ചെറുപ്പക്കാരനെയും ബാധിക്കുന്ന പ്രശ്നമാണ്. അവന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും. ദയവായി വെറുതേ വിടൂ...’’. – ’’. – അനു പറയുന്നു.

ADVERTISEMENT
ADVERTISEMENT