ADVERTISEMENT

അച്ഛനും അമ്മയും അമ്മയുടെ അച്ഛനും അച്ഛന്റെ അമ്മയും അഭിനേതാക്കൾ. അച്ഛന്റെ അച്ഛന്‍ എഴുത്തുകാരൻ. അതുകൊണ്ടു തന്നെ അഭിനയവും സിനിമയും കൺമണിക്ക് പുതുമയല്ല. തനിക്കു കിട്ടിയ മികച്ച ബാലനടിക്കുള്ള സത്യജിത് റായ് പുരസ്കാരത്തെക്കുറിച്ച് കൺമണി പറഞ്ഞു തുടങ്ങിയതും ഈ പാരമ്പര്യത്തിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ്.

നടൻ ശരണിന്റെ മകളാണ് കൺമണി എന്ന ഗൗരി ഉപാസന. ‘സത്യജിത് റായ് ഇന്റർനാഷനൽ ഡോക്യുമെന്ററി ആന്‍ഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള’യുടെ 2020 ലെ മികച്ച ബാലനടിക്കുള്ള പുരസ്കാരം, സ്വന്തമായി എഴുതി സംവിധാനം ചെയ്ത ‘ഓൺലൈൻ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് കൺമണി സ്വന്തമാക്കിയത്. ചിത്രത്തിൽ നീനു എന്ന കഥാപാത്രമായിരുന്നു കൺമണിക്ക്. ശരൺ–റാണി ദമ്പതികളുടെ ഏക മകളായ കൺമണി എറണാകുളം മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ADVERTISEMENT

‘‘ഒത്തിരി സന്തോഷം. എന്റെ രണ്ടാമത്തെ ഷോർട് ഫിലിം ആണ് ‘ഓൺലൈൻ’. ആദ്യം ചെയ്തത് ‘ഞാൻ’ ആണ്. അതിന്റെയും തിരക്കഥയും സംവിധാനവും ഞാനായിരുന്നു. അഭിനയിക്കുകയും ചെയ്തു. ഞങ്ങളുടെ സ്കൂൾ ഗ്രൂപ്പിൽ ഒരു ഷോർട് ഫിലിം ഫെസ്റ്റിന്റെ മെസേജ് കണ്ടപ്പോൾ അച്ഛനും അമ്മയും പറഞ്ഞപ്പോഴാണ് ‘ഞാൻ’ ചെയ്തത്. അതിനു മുൻപ് ഒരു ഷോർട് ഫിലിം പ്ലാൻ ചെയ്തിരുന്നു. സ്കൂളിലെ ഒരു പ്രൊജക്ടിന്റെ ഭാഗമായി ഞാൻ ഒരു തിരക്കഥ എഴുതി നന്നായെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് ആദ്യത്തെ ഷോർട് ഫിലിം എന്ന ആശയം വന്നത്. പക്ഷേ, ലോക്ക് ഡൗൺ ആയതിനാൽ നടന്നില്ല.

k3

സ്കൂളിൽ നാടകമൊക്കെ എഴുതി സംവിധാനം ചെയ്തിട്ടുള്ളതിന്റെയും അഭിനയിച്ചിട്ടുള്ളതിന്റെയും ധൈര്യത്തിലാണ് ഷോർട്ഫിലിമിലും തിരക്കഥയും സംവിധാനവും അഭിനയവും സ്വയം ചെയ്യാം എന്ന ധൈര്യം കിട്ടിയത്. ക്യാമറയിലും സംവിധാനത്തിലും അച്ഛനും തിരക്കഥയിൽ അമ്മയും സഹായങ്ങൾ നൽകി. ‘ഞാൻ’ ന് ഒരു ഇന്റർനാഷനൽ ഫെസ്റ്റിവലിൽ രണ്ട് അവാർഡ് കിട്ടി. നല്ല സ്കൂൾ തല ഹ്രസ്വ ചിത്രവും നല്ല അഞ്ച് ഷോർട് ഫിലിമുകളിൽ ഒന്നും’’. – കൺമണി പറയുന്നു.

ADVERTISEMENT

‘‘ഓൺലൈൻ ഒരുക്കിയതും ഒരു ഫെസ്റ്റിനു വേണ്ടിയാണ്. അതിന്റെ റിസൾട്ട് വൈകിയപ്പോൾ ‘സത്യജിത് റായ് ഇന്റർനാഷനൽ ഡോക്യുമെന്ററി ആന്‍ഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള’യിൽ അയക്കുകയായിരുന്നു. ‘ഓൺലൈൻ’ ചെയ്തപ്പോൾ ആദ്യത്തേതില്‍ നിന്ന് എല്ലാ മേഖലയിലും സ്വയം ഏറെ മുന്നോട്ടു പോകാനായി എന്ന ആത്മവിശ്വാസം എനിക്കുണ്ടായി. ‘ഷീ ഈസ് ഓൺലൈൻ’ എന്ന സിനിമയുടെ എൻഡിൽ വരുന്ന ടാഗ് ലൈൻ എല്ലാവർക്കും ഇഷ്ടമായി എന്നു പറഞ്ഞു. അത് അമ്മയാണ് നിർദേശിച്ചത്.

രണ്ടു ചിത്രങ്ങളിലും സഹായിച്ച ഒരുപാട് പേരുണ്ട്. പ്രവീൺ പ്രഭാകർ ചേട്ടൻ, ദീപക് ചേട്ടൻ, ബ്ലസൻ ചേട്ടൻ തുടങ്ങി പലരുമുണ്ട്. ഒപ്പം അഭിനയച്ചവരെയും മറക്കാനാകില്ല. അവരുടെ പിന്തുണയും വലുതാണ്. ‘ഓൺലൈനി’ൽ എന്റെ ചേച്ചി ആയി അഭിനയിച്ചത് കസിൻ നയൻതാര രാജഗോപാൽ ആണ്. ലക്ഷ്മി ആയി അഭിനയിച്ചത് നെയ്ബറായ തീർഥയാണ്. എടുത്തു പറയേണ്ട മറ്റൊരു പേര് ഈ ഷോർട് ഫിലിം ഉണ്ടാകാനുള്ള പ്രധാന കാരണക്കാരനായ, നിർമാതാവ് ജി.സുരേഷ് കുമാർ അങ്കിളിന്റെതാണ്. എന്റെ ഫസ്റ്റ് ഷോർട് ഫിലിം കണ്ടിട്ട് അദ്ദേഹമാണ് അടുത്ത മത്സരത്തിലേക്ക് ഒരു ചിത്രം ചെയ്യാൻ പ്രോത്സാഹിപ്പിച്ചത്.

k2
ADVERTISEMENT

ഇപ്പോൾ അവാർഡ് വിവരം അറിഞ്ഞ് ഒരുപാട് പേർ വിളിക്കുന്നുണ്ട്. രഞ്ജിപ്പണിക്കർ സാർ, മധുസാർ ഒക്കെ വിളിച്ചിരുന്നു. കരിയറിൽ സിനിമയാണോ ആഗ്രഹം എന്നു പലരും ചോദിക്കുന്നുണ്ട്. തൽക്കാലം പഠനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ബാക്കിയൊക്കെ പിന്നാലെ. ഇപ്പോൾ എക്സാമിന്റെ തിരക്കിലാണ്’’.– കൺമണി പറയുന്നു.



ADVERTISEMENT