ADVERTISEMENT

സോഷ്യല്‍ മീഡിയയിൽ നിന്നു മോശം അനുഭവങ്ങൾ നേരിടാത്ത താരങ്ങൾ കുറവാണ്. ചിത്രങ്ങൾക്ക് അശ്ലീലച്ചുവയുള്ള കമന്റുകളും സ്ത്രീവിരുദ്ധമായ പരാമർശങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് അഭിനേത്രികളിൽ പലരും. വ്യാജ പ്രൊഫൈലുകളിൽ നിന്നും യഥാർത്ഥ വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്നുമൊക്കെ മലയാളത്തിന്റെ പ്രിയതാരങ്ങൾ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങള്‍ പലപ്പോഴായി വലിയ വാർത്തകളും ചർച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് മലയാളത്തിന്റെ പ്രിയതാരം ജലജയുടെ മകളും യുവനടിയുമായ ദേവി നേരിട്ട മോശം അനുഭവം.

കഴിഞ്ഞ ദിവസം ദേവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാൾ അശ്ലീല കമന്റുമായി എത്തിയത്. ഈ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ദേവി ഇൻസ്റ്റഗ്രാം സ്റ്റേറിയായി ഒരു മറുപടി പങ്കുവച്ചതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ADVERTISEMENT

‘‘അടുത്ത കാലത്താണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായത്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകളൊക്കെ ഞാൻ ഇടയ്ക്ക് വായിക്കാറുമുണ്ട്. പോസിറ്റീവ് പ്രതികരണങ്ങളാണ് എപ്പോഴും കിട്ടാറ്. ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ ്. എനിക്ക് സത്യത്തിൽ എന്താണ് അയാൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. വിദേശത്ത് പഠിച്ചു വളർന്ന ആളെന്ന നിലയിൽ ഇത്തരം പ്രയോഗങ്ങൾ എനിക്കറിയില്ല. ഞാൻ ഇതുവരെ ഇങ്ങനെയൊന്നും കേട്ടിട്ടില്ല. അതിനാല്‍ ഞാനത് വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വൾഗറായ ഒരു കാര്യമാണ് അയാൾ എഴുതിയിരിക്കുന്നതെന്ന് പറഞ്ഞത്. എനിക്കത് വിഷമമായി’’. – ദേവി ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘ഇതൊക്കെ സോഷ്യൽ മീഡിയയിൽ പതിവാണെന്ന് കരുതി അവഗണിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഇതിനെ വെറുതെ വിട്ടാൽ വീണ്ടും പലരും ഇതാവർത്തിക്കും. ഇങ്ങനെ പറഞ്ഞിട്ടും ആരും പ്രതികരിക്കുന്നില്ല, ഇനിയും ആകാം എന്നു തോന്നും. അത് ശരിയല്ല. അതുകൊണ്ടാണ് ആ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.

ADVERTISEMENT

നിരവധി പേരാണ് എന്നെ പിന്തുണച്ച് മെസേജുകളയച്ചത്. അത് വലിയ ആത്മവിശ്വാസം നൽകി. അവരിൽ പലരും ആ പ്രൊഫൈൽ റിപ്പോർട്ട് ചെയ്തു. പിന്നീട് ഞാൻ റിപ്പോർ‌ട്ട് ചെയ്തപ്പോൾ ഇൻസ്റ്റഗ്രാം ആ കമന്റ ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എനിക്ക് ഇത്തരം അനുഭവങ്ങൾ ആദ്യമാണ്. അടുത്ത കാലം വരെ എന്റെ പ്രൊഫൈൽ പ്രൈവറ്റ് ആയിരുന്നു. ‘മാലിക്’ വന്ന ശേഷമാണ് ഞാനത് പബ്ലിക് ആക്കിയതു പോലും’’. – ദേവി പറയുന്നു.

‘മാലിക്’ എന്ന ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദേവി.

ADVERTISEMENT
ADVERTISEMENT