‘മലയാള സിനിമയുടെ മെഗാസ്റ്റാർ’!
അഭിനയത്തികവിനാലും താരമൂല്യത്താലും ഈ വിശേഷണത്തിന് 100ശതമാനം അർഹനായ ഒരാൾ – മമ്മൂട്ടി!
പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ മമ്മൂട്ടി നേടിയ വിജയങ്ങളും അനശ്വരമാക്കിയ കഥാപാത്രങ്ങളും സ്വന്തമാക്കിയ പുരസ്കാരങ്ങളും എത്രയെത്ര... മലയാളത്തിന്റെ അതിരുകള്‍ താണ്ടിയ മഹാനടനം. തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമുൾപ്പടെ വൻ വിജയങ്ങളൊരുക്കിയ വേഷപ്പകർച്ചകൾ...എണ്ണിയാലൊടുങ്ങാത്തത്ര, തന്നെത്തന്നെയാവർത്തിത്താത്ത, ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങൾ...
ഇന്ന് മമ്മൂക്കയ്ക്ക് 71 ആം പിറന്നാൾ.
‘പ്രായം തോറ്റു പിൻമാറുന്നു’ എന്ന പഴകിത്തേഞ്ഞ വാചകം വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുന്നതും മമ്മൂട്ടിക്കു വേണ്ടി മാത്രം. എഴുപത്തിയൊന്നാം പിറന്നാളാഘോഷിക്കുമ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു. മുമ്പേ നടന്നവരും ഒപ്പം വന്നവരും പിന്നാലെയെത്തിയവരും കാലങ്ങൾ കടക്കുന്നതിനിടെ പല ദിശകളിലേക്കു മാറി നടന്നപ്പോഴും മമ്മൂട്ടി ഇന്നും മലയാള സിനിമയുടെ ‘ബിഗ് ബി’ യാണ്. പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത ‘രാജാധിരാജ’.
സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകൾ നേരുന്നത്.