ADVERTISEMENT

2022 അവസാനിക്കുമ്പോൾ, കലയിലും കച്ചവടത്തിലും മലയാള സിനിമയുടെ വർഷാന്ത്യക്കണക്കെടുപ്പിൽ തലയുയർത്തി നിൽക്കുക മെഗാസ്റ്റാർ മമ്മൂട്ടിയാണ്. അതില്‍ വലിയ തർക്കങ്ങളുണ്ടാകാൻ സാധ്യതയില്ല. വിപണി വിജയത്തിലും, നിരൂപക പ്രശംസയിലും മമ്മൂട്ടി നായകനായ സിനിമകൾ കയ്യടി വാരിയപ്പോൾ, അടുത്ത വർഷത്തിലും അദ്ദേഹത്തിന്റെതായി ചാർട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രൊജക്ടുകൾ സിനിമാ പ്രേമികളിൽ ഏറെ പ്രതീക്ഷ നിറയ്ക്കുന്നവയാണ്.

അതിഥി വേഷത്തിലെത്തിയ ‘പ്രിയൻ ഓട്ടത്തിലാണ്’ ഉൾപ്പടെ അഞ്ച് സിനിമകളാണ് 2022 ൽ മമ്മൂട്ടിയുടെതായി പ്രേക്ഷകരിലേക്കെത്തിയത്. ഇവയിൽ ‘ഭീഷ്മപർവ്വം’, ‘സി.ബി.ഐ 5 : ദി ബ്രെയിൻ’, ‘റോഷാക്ക്’ എന്നിവ തിയറ്ററുകളിലെത്തിയപ്പോൾ ‘പുഴു’ ഒ.ടി.ടി റിലീസായിരുന്നു.

ADVERTISEMENT

ദേവദത്ത് ഷാജിയുടെ രചനയിൽ, അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മപർവ്വം’ മാർച്ചിലാണ് തിയറ്ററുകളിലെത്തിയത്.

കോവിഡ് പ്രതിസന്ധിയുടെ പരുക്കുകളിൽ നിന്നു പൂർണമായും മുക്തമാകാതെ വലഞ്ഞ തിയറ്ററുകളിലേക്ക് വീണ്ടും ജനങ്ങളെ എത്തിച്ച ‘ഭീഷ്മപർവ്വം’ത്തിൽ അഞ്ഞൂറ്റി മൈക്കിൾ എന്ന മൈക്കിളപ്പയായി തന്റെ മറ്റൊരു പവർപാക്ക് പ്രകടനമായിരുന്നു മമ്മൂക്കയുടേത്. മാസ് ഓഡിയൻസിനെയും കുടുംബങ്ങളെയും തൃപ്തിപ്പെടുത്തുന്ന തിയറ്റർ എക്സ്പീരിയൻസെന്ന നിലയിൽ വളരെ വലിയ കമ്പോള വിജയം നേടാൻ ചിത്രത്തിനായി. ഏറെക്കാലത്തിനു ശേഷം തിയറ്ററുകളെ നിറച്ച ഒരു ജനുവിൻ സക്സസ് എന്ന് ‘ഭീഷ്മപർവ്വം’ത്തെ വിശേഷിപ്പിക്കാം.

mammootty-3
ADVERTISEMENT

ഹർഷദ്, സുഹാസ് – ഷർഫു എന്നിവരുടെ രചനയിൽ, രത്തീന സംവിധാനം ചെയ്ത ‘പുഴു’ ഒരു പൊളിറ്റിക്കൽ ഡ്രാമ എന്ന നിലയിലാണ് ഒരുക്കിയത്. ജാതി രാഷ്ട്രീയത്തിന്റെയും ദുരഭിമാനത്തിന്റെയും കെടുതികളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച, സ്ലോ മൂഡിൽ വികസിക്കുന്ന ചിത്രം മമ്മൂട്ടിയുടെ പ്രകടനത്താലാണ് കൂടുതൽ ചർച്ചയായത്. ചിത്രം മുന്നോട്ടു വച്ച വാദങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രമുഖരുൾപ്പടെയുള്ളവർ പങ്കാളികളായ ചർച്ചകളുണ്ടായെന്നതും ശ്രദ്ധേയം. ഒ.ടി.ടി റിലീസ് എന്ന നിലയിൽ വലിയ സ്വീകാര്യത നേടാൻ ചിത്രത്തിനായി.

കഴിഞ്ഞ വർഷം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസാണ് ‘സി.ബി.ഐ 5 : ദി ബ്രെയിൻ’. മമ്മൂട്ടി–കെ.മധു–എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.ഐ പരമ്പരയുടെ അഞ്ചാം അധ്യായമായിരുന്നു ചിത്രം. സമ്മിശ്ര അഭിപ്രായങ്ങളാണ് തിയറ്ററുകളിൽ നിന്നു ലഭിച്ചതെങ്കിലും, മൂവരും വീണ്ടും ഒന്നിച്ച ‘ദി ബ്രെയിൻ’ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി.

ADVERTISEMENT

‘മമ്മൂട്ടി കമ്പനി’ എന്ന പേരിൽ, മമ്മൂട്ടി പുതിയ ചലച്ചിത്ര നിർമാണ കമ്പനി ആരംഭിച്ച വർഷമാണ് 2022. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൻ നേരത്ത് മയക്കം’ ആണ് ‘മമ്മൂട്ടി കമ്പനി’ ആദ്യം പ്രഖ്യാപിച്ച ചിത്രം. എന്നാൽ ആദ്യം തിയറ്ററുകളിലെത്തിയ ‘മമ്മൂട്ടി കമ്പനി’ ചിത്രം ‘റൊഷാക്ക്’ ആണ്. വേറിട്ട പ്രമേയവും കഥാപാത്ര ഘടനകളും പരീക്ഷിച്ച ചിത്രം മികച്ച വിജയം നേടിയാണ് തിയറ്ററുകൾ വിട്ടത്. ഷമീർ അബ്ദുൾ എഴുതിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ ഭാവപ്പകർച്ചകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.

വർഷാവസാനം, കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ മമ്മൂട്ടിയുടെ ‘നൻപകൻ നേരത്ത് മയക്ക’വും പ്രേക്ഷകർ കണ്ടു. എസ്.ഹരീഷിന്റെ തിരക്കഥയിൽ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയിലെ താരത്തെക്കാൾ നടനെ മുൻനിർത്തിയുള്ള പരീക്ഷണമാണ്. ചിത്രം 2023 ൽ തിയറ്ററുകളിലെത്തും.

mammootty-2

2022 ഷൂട്ടിങ് തീർത്ത്, 2023 ൽ റിലീസ് കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ആണ്. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണ. ഒരു പൊലീസ് ഓഫീസറായാണ് മമ്മൂട്ടി ‘ക്രിസ്റ്റഫർ’ ൽ‌ എത്തുക.

മമ്മൂട്ടി നായകനായി, ‘മമ്മൂട്ടി കമ്പനി’ ഒരുക്കുന്ന ‘കാതൽ:ദി കോർ’, റോബി രാജ് ചിത്രം എന്നിവയും രഞ്ജിത്ത് ഒരുക്കുന്ന ‘കടുഗണ്ണാവ ഒരു യാത്ര’യും 2023 ൽ റിലീസാകും. ചുരുക്കത്തിൽ, വലിയ പ്രതീക്ഷയോടെ മലയാള സിനിമ കാത്തിരിക്കുകയാണ് പുതിയ മമ്മൂട്ടി മാജിക്കുകൾക്കായി...

ADVERTISEMENT