ആരാണ് ഫറോഖ് ബുൽസാര ? എന്നു ചോദിച്ചാൽ, അതാരാ ? എന്നു മറുചോദ്യമുന്നയിക്കുന്നവരിൽ പലരും ഫ്രഡി മെർക്കുറിയെ അറിയും. ലോകം കണ്ട എക്കാലത്തേയും മികച്ച റോക്ക് സംഗീതജ്ഞരിലൊരാളും സ്റ്റേജ് സിംഗറുമായിരുന്ന ഫ്രെഡി മെര്‍ക്കുറിയ്ക്ക് മാതാപിതാക്കൾ നൽകിയ പേരാണ് ഫറോഖ് ബുൽസാര! എന്നാൽ ആ പേര് ചരിത്രമായത് ഫ്രഡി മെർക്കുറിയിലേക്കുള്ള മാറ്റത്തിലൂടെയും... ബ്രിട്ടീഷ് റോക്ക് ആൻഡ് റോൾ സംഗീതത്തിലെ എക്കാലത്തേയും വലിയ താരസാന്നിധ്യമായിരുന്നു ഫ്രഡി മെർക്കുറി. ഗായകനായും സംഗീത സംവിധായകനായും നിർമ്മാതാവായും പിയാനിസ്റ്റായും ഫ്രഡിയെന്ന ഗായകനും അദ്ദേഹത്തിന്റെ ‘ക്വീൻ’ എന്ന ബാൻഡും ഒരുകാലത്ത് സംഗീത ലോകത്തു സൃഷ്ടിച്ച തിരയിളക്കങ്ങൾ ഇപ്പോഴും ശമിച്ചിട്ടില്ല.

അലറിയും കൂക്കി വിളിച്ചും ശ്രോതാക്കളെ ഒപ്പം പാടിച്ചും പാട്ടു പഠിപ്പിച്ചും വസ്ത്രങ്ങളുരിഞ്ഞെറിഞ്ഞും വേദിയിലേക്കു പോത്തിന്റെ പുറത്തു കയറി വന്നും ഓരോ സംഗീത നിശകളെയും അയാൾ പാട്ടിന്റെ ലഹരി വിരുന്നുകളാക്കി. ഇങ്ങനെയിങ്ങനെ പരമ്പരാഗത ശൈലികളെ നിരാകരിക്കുന്ന, പലപ്പോഴും തലകീഴേ മറിക്കുന്ന, സമാനതകളില്ലാത്ത സംഗീതയാത്രയുടെ പേരായിരുന്നു ഫ്രഡി മെർക്കുറി.
1946സെപ്റ്റംബർ 5 ന്, സാൻസിബാറിൽ താമസമാക്കിയ ഒരു ഗുജറാത്തി പാഴ്‌സി കുടുംബത്തിലാണ് ഫറോഖ് ബുൽസാര എന്ന ഫ്രഡി മെർക്കുറിയുടെ ജനനം. ബ്രട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. 1964 ൽ സാൻസിബാർ സ്വതന്ത്ര രാജ്യമായ ടാൻസാനിയയുടെ ഭാഗമായപ്പോൾ കുടുംബം ഇംഗ്ലണ്ടിലെ ഫെൽത്തമിലേക്ക് താമസം മാറ്റി. മകനെ മാതൃരാജ്യത്തു പഠിപ്പിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അങ്ങനെ എട്ടാം വയസ്സിൽ ഫ്രഡിയെ മുംബൈ പഞ്ച്ഗണിയിലെ ഒരു ബോർഡിങ് സ്കൂളിൽ ചേർത്തു. എന്നാൽ പഠനമായിരുന്നില്ല സംഗീതമായിരുന്നു കുഞ്ഞ് ഫ്രഡിയുടെ മനസ്സിൽ. പിയാനോയായിരുന്നു ഹരം. എത്ര വിഷമകരമായ സംഗീതവും ഒറ്റ കേൾവിയുടെ പരിചയത്തിൽ പിയാനോയിൽ മീട്ടുന്ന അതിശയമായിരുന്നു ആ ബാലൻ. സ്കൂളിൽ നാലു വർഷം കൊണ്ട് ‘ഹെക്ടിക്സ്’ എന്ന പേരിൽ ഒരു മികച്ച ബാൻഡും ഫ്രഡിയുണ്ടാക്കി. പാശ്ചാത്യ സംഗീതം ഭ്രാന്തമായി ആവേശിച്ച ഫ്രഡി 17 വയസ്സിൽ മാതാപിതാക്കളുടെ അടുക്കലേക്കു മടങ്ങിപ്പോയി. തുടർന്ന് ഈലിംഗ് ടെക്നിക്കൽ കോളേജിലും സ്കൂൾ ഓഫ് ആർട്ടിലും ഗ്രാഫിക് ആർട്ടും ഡിസൈനും പഠിച്ചു. 1969 ൽ ബിരുദം നേടി.

പഠന ശേഷം ലണ്ടനിലെ ബാൻഡുകളിൽ പാടാന്‍ തുടങ്ങിയ ഫ്രെഡി, ഏറെത്താമസിക്കാതെ പ്രശസ്തനായി. അതിനിടെ പേര് ഫ്രെഡി എന്നാക്കിയ ഫറോഖ് ബുൽസാര ക്വീൻ എന്ന ബാൻഡും രൂപീകരിച്ചു. 1980കളുടെ തുടക്കത്തോടെ ‘ക്വീൻ’ ലോകപ്രശസ്തമായി. സാമ്പ്രദായികമായ സംഗീത-വിനോദ വ്യവസായത്തെയും പാട്ടെഴുത്തിനെയും പൊളിച്ചെഴുതി, ചുരുങ്ങിയ കാലത്തിനിടെ ഫ്രെഡി ആരാധകരുടെ പ്രിയങ്കരനായി. അലറിയും കൂക്കി വിളിച്ചും ശ്രോതാക്കളെ ഒപ്പം പാടിച്ചും പാട്ടു പഠിപ്പിച്ചും വസ്ത്രങ്ങളുരിഞ്ഞെറിഞ്ഞും വേദിയിലേക്കു പോത്തിന്റെ പുറത്തു കയറി വന്നും ലൈവ് പെര്‍ഫോമന്‍സില്‍ പെണ്‍ വേഷം കെട്ടിയും ജെണ്ടര്‍ ബൈനറികളെ കളിയാക്കിയും ഫ്രെഡി ഒരു ‘യുണീക് ഷോ മാനാ’യി വേദികളെ ത്രസിപ്പിച്ചു.
ഇത്രയും പാട്ടുകാരനായ ഫ്രഡി മെർക്കുറിയെക്കുറിച്ചാണ്. എന്നാൽ ആ വ്യക്തി ജീവിതം ശ്രുതിയും താളവും തെറ്റിപ്പോയ ഒരു ദുരന്ത ഗീതമായിരുന്നു. ‘എനിക്ക് റോക്‌സ്റ്റാര്‍ ആകണ്ട, ഇതിഹാസമാകണം’ എന്നു പറഞ്ഞ ഫ്രഡി തീർത്തും കുത്തഴിഞ്ഞ സ്വകാര്യ ജീവിതമാണ് നയിച്ചത്. സ്ത്രീകൾക്കൊപ്പം പുരുഷൻമാരും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വ്യക്തമാക്കിയ ഫ്രഡി,1991 ൽ 45 വയസ്സിൽ, താനൊരു എയ്ഡ്സ് രോഗിയാണെന്നും തുറന്നു പറഞ്ഞു. ആ വെളിപ്പെടുത്തലിനു ശേഷം 24 മണിക്കൂറിനുള്ളിൽ ഫ്രഡി മരണത്തിനു കീഴടങ്ങി. രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകളായിരുന്നു കാരണം. 1991നവംബർ 24 നായിരുന്നു ആ വിശ്വഗായകന്റെ ദുരന്ത പൂർണ്ണമായ മടക്കം...

ബ്രട്ടീഷ് സർക്കാരിന്റെയും ലോക സംഗീത സംഘടനകളുടെയും മിക്ക പുരസ്ക്കാരങ്ങളും മരണാനന്തര ബഹുമതികളായി അദ്ദേഹത്തിനു ലഭിച്ചു. ഫെയിം ഹാളുകളിൽ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചു. ബി.ബി.സി തിരഞ്ഞെടുത്ത മഹാൻമാരായ 100 ബ്രട്ടീഷുകാരുടെ പട്ടികയിൽ 52 ആം സ്ഥാനത്താണ് ഫ്രഡി.
ഫ്രഡിയുടെ ജീവിതകഥ പറഞ്ഞ സിനിമയാണ് ‘ബൊഹേമിയന്‍ റഫ്സോഡി’ (2018). ഫ്രഡിയുടെ ഒരു പ്രശസ്ത ഗാനത്തിന്റെ പേരാണ് സിനിമയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. ബ്രയാൻ സിംഗറും ഡെക്സ്റ്റർ ഫ്ലെട്ചറും ചേർന്നു സംവിധാനം ചെയ്ത ചിത്രത്തിൽ റാമി മലേകാണ് ഫ്രഡിയുടെ വേഷത്തിലെത്തിയത്. ‘ക്വീനി’ന്റെ ഫെയ്സ്ബുക്ക് പേജില്‍ ‘ബൊഹേമിയന്‍ റഫ്സോഡി’ യുടെ ടീസര്‍ റിലീസ് ചെയ്തപ്പോഴേ ചിത്രം ലോകശ്രദ്ധയാകർഷിച്ചു. അതിശയിപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ നിറഞ്ഞ ഇതിഹാസ തുല്യനായ ഒരു ഗായകന്റെ ജീവിതം പറയുമ്പോൾ എങ്ങനെയാണതൊരു വെറും സിനിമയാകുക ? മുത്തശ്ശിക്കഥകളെ വെല്ലുന്ന നാൽപ്പത്തിയഞ്ചു വർഷത്തെ ആ ജീവിതം മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ഒരു സിനിമയിൽ എങ്ങനെ പകർത്തും ? എന്നൊക്കെയുള്ള സംശയങ്ങൾക്കുള്ള മറുപടിയുമായിരുന്നു ‘ബൊഹേമിയന്‍ റഫ്സോഡി’.