റോം കോം എന്റർടെയ്നറായ പ്രേമലു എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിനു ശേഷം യുവനായകൻ നസ്‍ലിൻ നായകവേഷത്തിലെത്തുന്നത് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ്. ഗണപതി, ലുക്ക്മാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സ്പോർട്സ് – കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബോക്സിങ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.
‘പ്രേമലു’വില്‍ നിന്നു ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നസ്‌ലിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോക്സർ ലുക്കിലുള്ള നസ്‌ലിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
പ്ലാൻ ബി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നു നിർമിക്കുന്നു. സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥ: ഖാലിദ് റഹ്മാൻ, ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിങ്: നിഷാദ് യൂസഫ്.