ADVERTISEMENT

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി.എസ്.ഡയസാണ് അപേക്ഷ തള്ളിയത്. അതേസമയം എന്നാൽ സിദ്ദിഖ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. അദ്ദേഹം കൊച്ചിയിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം. സിദ്ദിഖിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ അറസ്റ്റിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്. പടമുകളിലെ വീട്ടില്‍ നിന്നും സിദ്ദിഖ് മാറിയെന്നാണ് വിവരം. അറസ്റ്റ് ഏത് വിധേനെയും ഒഴിവാക്കാന്‍ ഉടന് തന്നെ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് സിദ്ദിഖുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. താൻ നിരപരാധിയാണെന്നാണ് സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാേപക്ഷ കോടതി നിരാകരിച്ചത്.

ADVERTISEMENT

നടി പരാതി നൽകാൻ വൈകിയത് കുറ്റമായി കാണാനാവില്ലെന്നും പരാതിക്കാരിയെ വ്യക്തിഹത്യ നടത്താനാവില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖിനെ അറസ്റ്റു ചെയ്യാൻ തടസങ്ങളില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. കോടതി ഉത്തരവ് പരിശോധിച്ച ഉടൻ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

ADVERTISEMENT

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽനിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. 2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയോ ലഭിക്കും.

ADVERTISEMENT